മെഡിക്കല്‍ പ്രവേശനം: ഈ വര്‍ഷത്തെ ഫീസ് നിര്‍ണയം പാതി വഴിയില്‍

Sunday 24 December 2017 2:50 am IST

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ മെഡി. പ്രവേശനത്തിനുള്ള സമയക്രമം തയ്യാറായിട്ടും ഈ വര്‍ഷത്തെ ഫീസ് നിര്‍ണയം പാതിവഴിയില്‍. 2018 ഫെബ്രുവരി15 ന് മുമ്പ് അടുത്ത അധ്യയന വര്‍ഷത്തെ ഫീസ് നിര്‍ണയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതനുസരിച്ചാണ് സര്‍ക്കാര്‍ പുതിയ സമയ ക്രമം ചിട്ടപ്പെടുത്തിയത്.

ഈവര്‍ഷത്തെ ഫീസ് പലകോളേജുകളിലും നിശ്ചയിച്ചിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ ഫീസ് നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ആഗസ്ത് 30 ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ 22 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും ഫീസ് നിശ്ചയിക്കുമെന്ന് ഫീസ് നിര്‍ണയ സമതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍ നാലുമാസം കഴിഞ്ഞിട്ടും പകുതി കോളേജുകളില്‍ പോലും ഫീസ് നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. മുഴുവന്‍ കോളേജുകളും വരവ് ചെലവ് കണക്ക് നല്‍കിയിട്ടുമുണ്ട്.

ആദ്യം കെഎംസിടിക്ക് നിശ്ചയിച്ച 4.78 ലക്ഷം ഫീസിനെതിരെ മാനേജ്മെന്റ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഫീസ് നിര്‍ണയിച്ച മറ്റ് കോളേജുകളും കോടതിയില്‍പോയി. സ്വാശ്രയ മെഡിക്കല്‍കോളേജുകളെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെയും ഹൈക്കോടതിയില്‍ മാനേജ്മെന്റ് സംഘടന ചോദ്യം ചെയ്തിരുന്നു. ഇതില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് നേരിടേണ്ടിവന്നത്. ഫീസ് നിര്‍ണയ സമിതിപോലും അസ്ഥിരമായി.

ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കുഴപ്പത്തിലായി. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ മെരിറ്റ് സീറ്റില്‍ അഞ്ച് ലക്ഷം ഫീസും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയും വ്യവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. ഫീസ് റഗുലേറ്ററി കമ്മീഷന്‍ ഫീസ് പുനര്‍നിര്‍ണയിച്ച് നല്‍കുമ്പോള്‍ തുക തങ്ങള്‍ക്ക് താങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കിടപ്പാടം പോലും പണയപ്പെടുത്തി പലരും പ്രവേശനം എടുത്തത്. ഫീസ് പുനര്‍നിര്‍ണയം വൈകുന്നത് രക്ഷിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്.

അതിനിടെയാണ് അടുത്തവര്‍ഷത്തേക്കുള്ള സമയക്രമം സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതനുസരിച്ച് ഈ മാസം 31 ന് മുമ്പ് കോളേജുകള്‍ വരവ് ചെലവ് കണക്കുകള്‍ നല്‍കണം. 2018 ഫെബ്രുവരി 15 ന് അന്തിമ ഫീസ് ഉത്തരവ് ഉണ്ടാകണം. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം. ഏപ്രില്‍ 15 നകം നിയമ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രവേശന പരീക്ഷ ഏപ്രില്‍ 1 മുതല്‍ 7 വരെ നടക്കും. ഫലം ജൂണ്‍ 1ന് പ്രഖ്യാപിക്കും. സീറ്റ് വിഭജനം സംബന്ധിച്ച വിജ്ഞാപനം ജൂണ്‍ 10 ന് ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.