ആഘോഷത്തെരുവ്

Saturday 23 December 2017 10:14 pm IST

കോഴിക്കോട്: ആഘോഷത്തെരുവായി മാറിയ മിഠായിത്തെരുവിലൂടെ ആയിരങ്ങള്‍ പങ്കെടുത്ത ജനകീയ ഉത്സവമായി മാറി പൈതൃകത്തെരുവിന്റെ ഉദ്ഘാടനം. പാട്ടും സംഗീതവും വാദ്യഘോഷവും നിറഞ്ഞ തെരുവിലൂടെ ജനം ഒഴുകി. മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിനെത്തുന്നതിനു മുമ്പേ തന്നെ ജനങ്ങള്‍ തെരുവിലൂടെ നടന്നു ഉദ്ഘാടനം നടത്തിക്കഴിഞ്ഞിരുന്നു.
ജനങ്ങളേറ്റെടുത്ത ഉദ്ഘാടന ചടങ്ങായി അതു മാറി. വൈകിട്ട് 7.35 ഓടെയാണ് മുഖ്യമന്ത്രി ഔപചാരിക ഉദ്ഘാടനത്തിന് എത്തിയത്. തെരുവിന്റെ കഥാകാരന്‍ എസ് കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത ശേഷം ഒരു തെരുവിന്റെ കഥ മ്യൂറല്‍ സിമന്റ് റിലീഫുകളായി ഇടം പിടിച്ച ചുമര്‍ ചിത്രങ്ങള്‍ കണ്ടു. തുടര്‍ന്ന് തെരുവിലേക്കുള്ള വഴിയില്‍ നാട മുറിച്ചു കൊണ്ട് നടന്നു ഉദ്ഘാടന വേദിയിലേക്ക്.
മാനാഞ്ചിറയിലെ ഉദ്ഘാടന സദസ്സില്‍ ആയിരങ്ങള്‍ അണി നിരന്നിരുന്നു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.
എം.കെ.മുനീര്‍ എംഎല്‍എയാണ് ചടങ്ങിന് സ്വാഗതമാശംസിച്ചത്. ജില്ലാ കലക്ടറും ഡിടിപിസി ചെയര്‍മാനുമായ യു.വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണനാണ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചത്. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതിനു ശേഷം മിഠായിത്തെരുവിന്റെ പൈതൃക പദ്ധതി പൂര്‍ത്തീകരണത്തിന്റെ ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെ യ്തു. എല്ലാവരുടെയും സന്തോഷത്തില്‍ പങ്കു ചേരുന്നുവെന്ന് പറഞ്ഞുകൊണ്ടാരംഭിച്ച ഉദ്ഘാടന പ്രസംഗത്തില്‍ മിഠായിത്തെരുവിന്റെ പ്രൗഢി ഭാരതവും കടന്ന് ലോകത്തോളം ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പഴമയെ നശിപ്പിക്കാതെ പുതിയ കാലത്തിന്റെ പുതുമകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നവീകരണം നടത്തിയതെന്നും ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ഭാഷയില്‍ മിഠായിത്തെരുവിനെ മാര്‍ക്കറ്റ്് ചെയ്യുകയാണ് അദ്ദേഹം പറഞ്ഞു.
കച്ചവടക്കാരുടെ ആശങ്കകള്‍ അസ്ഥാനത്താണ്. അവരുടെ തെറ്റിദ്ധാരണ മാറി സംരംഭവുമായി സഹകരിച്ചതിനും ശരിയുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞതിനും വ്യാപാരികളെ അദ്ദേഹം അഭിനന്ദിച്ചു. നവീകരണത്തിന്റെ മുഖ്യ ഗുണഭോക്താക്കള്‍ വ്യാപാ ര സമൂഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലിസ്തുമസ് – നവവത്സര ആശംസകള്‍ അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, എംഎല്‍എ മാരായ വികെസി മമ്മദ്‌കോയ എ. പ്രദീപ്കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം. കാളിരാജ് മഹേഷ്‌കുമാര്‍, ആര്‍.കെ. രമേഷ്, പാലേരി രമേശന്‍, ടി.പി ജയചന്ദ്രന്‍, പി. മോഹനന്‍, ടി. സിദ്ദിഖ്, ടി.വി. ബാലന്‍, ഉമ്മര്‍ പാണ്ടികശാല, സി. എന്‍. വിജയകൃഷ്ണന്‍. പി. ബാലകിരണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, കെ. ഹസ്സന്‍കോയ, സി. കെ. വിജയന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് വ്യാപാരി സമൂഹത്തിന്റെ പിന്തുണ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.