കണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ശാരീരികവും മാനസികവുമായ ഉള്‍ക്കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്വയംപ്രതിരോധ-യോഗ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 23 വിദ്യാലയങ്ങളില്‍ ആര്‍എംഎസ്എയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാട്ടൂല്‍ സിഎച്ച്എം കെ എസ് ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ നിര്‍വഹിച്ചു.
നിലവില്‍ എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം. കായിക ക്ഷമതയും ആത്മധൈര്യവും പകരുന്നതോടൊപ്പം സര്‍വ്വതലങ്ങളിലും സമ്മര്‍ദ്ദമില്ലാതെ മുന്നേറാനുളള കഴിവും ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. മുപ്പത് ക്ലാസുകളായാണ് പരിശീലനം നല്‍കുക. ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ച സ്കൂളുകളിലാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. പയ്യന്നൂരിലെ അഞ്ജന പി കുമാര്‍ കരാട്ടേയും പിലാത്തറയിലെ സന്ദീപ് യോഗയും പരിശീലിപ്പിക്കും.
ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി അധ്യക്ഷനായി. ആര്‍എംഎസ്എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.അബ്ദുള്‍ റഷീദ്, പ്രിന്‍സിപ്പല്‍ പി.അനൂപ് കുമാര്‍, എ.വി.അബ്ദുള്‍ ഖാദര്‍, പ്രധാനാധ്യാപിക ഗീത ഇറോത്ത് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കരാട്ടേ പ്രദര്‍ശനവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: