കശുവണ്ടി ക്ഷേമനിധി- സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടപ്പിലാക്കും

Sunday 24 December 2017 2:05 pm IST

കൊല്ലം: കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പിലാക്കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.മുരളി മടന്തകോട് പ്രസ്താവിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നല്‍കുന്ന അംഗത്വകാര്‍ഡ് തൊഴിലാളികള്‍ക്ക് ഒരു പ്രധാന രേഖയായിരിക്കും. അവരുടെ സര്‍വീസ് ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തിക്കുന്ന എല്ലാ ഫാക്ടറികളിലും മാനേജര്‍ വഴി ഈ കാര്‍ഡ് വിതരണം ചെയ്യും. ഇതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ 15ന് മുമ്പ് ഇന്‍സ്‌പെക്ടര്‍മാരെ മാനേജര്‍മാര്‍ ഏല്‍പ്പിക്കേണ്ടതാണ്.
അടഞ്ഞ് കിടക്കുന്ന ഫാക്ടറികളില്‍ മാനേജര്‍ വഴിയോ, യൂണിയന്‍ നേതാക്കള്‍ വഴിയോ ഇത് നല്‍കും. അടഞ്ഞ് കിടക്കുന്ന ഫാക്ടറികളില്‍ തൊഴിലാളികള്‍ക്ക് നേരിട്ടും അംഗത്വ കാര്‍ഡ് എടുക്കാമെന്നും പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 31 ന് നല്‍കിയാല്‍ മതിയെന്നും ചെയര്‍മാന്‍ അറിയിച്ചു. ചടങ്ങില്‍ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബിച്ചു ബാലന്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത ബി.എസ്, കെ.ജി.വിജയകുമാര്‍, പെരിനാട് മുരളി, പാല്‍ക്കുളങ്ങര ഹരിദാസ്, ബാബുഉമ്മന്‍, ആര്‍ദ്ര, രവിവര്‍മ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.