മുഹമ്മ: ഒട്ടേറെ കായിക പ്രതിഭകളെ സൃഷ്ടിച്ച ചാരമംഗലം ഗവ: ഡിവി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായിക പെരുമയ്ക്ക് പൊന്‍തിളക്കം സമ്മാനിക്കുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജി. രേഷ്മ.
ദേശീയ സ്കൂള്‍ അത്ലറ്റിക് മത്സരത്തില്‍ സീനിയര്‍ വിഭാഗം റിലേയില്‍ സ്വര്‍ണ്ണം നേടിയാണ് സ്കൂളിനും നാടിനും അഭിമാനമായത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദേശീയ സ്കൂള്‍ മീറ്റില്‍ ഡിവിഎച്ച്എസ്എസ് സുവര്‍ണ്ണ നേട്ടം കൈവരിക്കുന്നത്. പാലായില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ 100, 200, 400 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡല്‍ നേടി. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തില്‍ ഹെപ്റ്റാതലണിലും 400 മീറ്ററിലും വെള്ളിമെഡല്‍ നേടിയ രേഷ്മ സൗത്ത് സോണ്‍ നാഷണല്‍ മീറ്റില്‍ സ്വര്‍ണ്ണം നേടി മികവ് തെളിയിച്ചു.
സിന്തറ്റിക് ട്രാക്കിലെ പരിശീലനമോ മറ്റു ആധുനിക കായിക ഉപകരണങ്ങളുടെ സഹായമോ ഇല്ലാതെയാണ് രേഷ്മയുടെ നേട്ടങ്ങളെല്ലാം. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് കെ ആര് സാംജിയുടെ കീഴിലുള്ള പരിശീലനവും സ്കൂള്‍ കായിക അധ്യാപിക രമാദേവിയുടെ പിന്തുണയും മേല്‍നോട്ടവും രേഷ്മയ്ക്ക് കരുത്താകുന്നു. കായിക മത്സരങ്ങളിലും പരിശീലന ക്യാമ്പുകളിലും പങ്കെടുക്കേണ്ടി വരുമ്പോള്‍ നഷ്ടപ്പെടുന്ന ക്ലാസുകള്‍ക്ക് പകരമായി പഠന സൗകര്യമൊരുക്കി അദ്ധ്യാപകരും കൂടെയുണ്ട്. ഓട്ടോ ഡ്രൈവര്‍ ശിവരാജന്റെയും ഗീതയുടെയും മകളാണ്. സഹോദരന് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: