സംഘങ്ങള്‍ വില നല്‍കുന്നില്ല; ക്ഷീര കര്‍ഷകര്‍ വലയുന്നു

Monday 25 December 2017 2:14 am IST

മാവേലിക്കര: ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ മതിയായ വില പാലിന് നല്‍കാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ വലയുന്നു. പരിശോധനയില്‍ പാലിന് വേണ്ടത്ര ഗുണ നിലവാരമില്ലെന്ന കാരണം പറഞ്ഞാണ് കര്‍ഷകര്‍ക്ക് വിലനല്‍കാത്തത്.
സര്‍ക്കാര്‍ കണക്കനുസരിച്ച് ഒരു ലിറ്റര്‍ പാലിന് നാല്പത്തിയഞ്ചു രൂപയാണ്. എന്നാല്‍ ഗുണനിലവാര പരിശോധനയുടെ പേരില്‍ ലിറ്ററിന് 15 രൂപ വരെ കുറച്ചാണ് സംഘങ്ങള്‍ നല്‍കുന്നതെന്നും അതെ സമയം വില കുറച്ചെടുക്കുന്ന പാല്‍ കര്‍ഷകന്റെ സാന്നിദ്ധ്യത്തില്‍ തന്നെ 45 രൂപനിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് മറിച്ചു വില്‍ക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
കാലിത്തീറ്റയുടെ വില വര്‍ദ്ധന, തീറ്റ പുല്ലിന്റെയും വൈക്കോലിന്റെയും കടത്തക്ഷാമം, കുളമ്പുരോഗം എന്നിവയുള്‍പ്പെടെയുള്ള കെടുതികള്‍ ക്ഷീരോത്പാദനം പ്രതിസന്ധിയിലാകുമ്പോഴാണ് സഹകരണസംഘങ്ങള്‍ കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ ഇരുട്ടടി നല്‍കുന്നത്.
ക്ഷീര സംഘങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകരിലധികവും പാല്‍ സംഘത്തിന് നല്‍കാതെ പുറത്ത് വില്പന നടത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന യാതനകള്‍ മനസ്സിലാക്കാതെയാണ് സര്‍ക്കാരും ക്ഷീരോത്പാദക സഹകരണ സംഘങ്ങളും കര്‍ഷകരെ ചൂഷണം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.