ഹസ്സന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണം: കുമ്മനം

Sunday 31 December 2017 7:19 am IST

തിരുവനന്തപുരം: ചാരക്കേസിനെ തുടര്‍ന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കാണെന്ന എംഎം ഹസ്സന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് ഹസന്റെ വാക്കുകള്‍. കരുണാകരന്‍ മാറി ആന്റണി വരുന്നതോ ‘ഐ’ യില്‍ നിന്ന് ‘എ’ യിലേക്ക് അധികാരം മാറുന്നതോ ഒന്നും സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. പക്ഷേ അതിനു വേണ്ടി രാജ്യത്തിന്റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരി തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറഞ്ഞേ മതിയാവൂ.

കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാന്‍ വേണ്ടി മെനഞ്ഞ കഥയാണോ ചാരക്കേസ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഹസ്സന് ബാധ്യതയുണ്ട്. ഇതിന് അദ്ദേഹം തയ്യാറാകുന്നില്ലെങ്കില്‍ പൊലീസ് ഹസ്സനെ ചോദ്യം ചെയ്യണം. ഹസ്സനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമൂഹ നന്മയോ രാഷ്ട്ര പുരോഗതിയോ അല്ല ഇവരുടെ ലക്ഷ്യമെന്ന് തെളിഞ്ഞു.

രാജ്യത്തെ വഞ്ചിച്ചും അധികാര കസേര ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യമെന്നാണ് ഹസ്സന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇവരുടെ സങ്കുചിത- കുടില ചിന്തകള്‍ മൂലം നിരപരാധികളായ എത്രയോ ശാസ്ത്രജ്ഞന്മാരും, സമുന്നതരും ആയ ആളുകളുടെ ജീവിതമാണ് വഴിയാധാരമായത്. അവരുടെ കുടുംബങ്ങളെ ഓര്‍ത്തെങ്കിലും ഹസ്സനെ പോലുള്ളവര്‍ കാര്യങ്ങള്‍ തുറന്നു പറയണം.

ആത്മകഥയുടെ വില്‍പ്പന മൂല്യം കൂട്ടാനുള്ള വഴിയായി ഇതിനെ കാണരുത്. ഉത്തരവാദിത്തബോധമുള്ള ഒരു പൊതു പ്രവര്‍ത്തകന്റെ ധര്‍മ്മം ഹസ്സന്‍ നിറവേറ്റണം. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വെളിപ്പെടുത്തല്‍ വെറുമൊരു രാഷ്ട്രീയ പ്രസ്താവനയായല്ല കാണേണ്ടത്. രാജ്യ സുരക്ഷയെ അപകടത്തിലാക്കിയ ഒരു സംഭവത്തെപ്പറ്റിയുള്ള സുപ്രധാന വെളിപ്പെടുത്തലായി കാണണം.

ചാരക്കേസിനെപ്പറ്റി സമഗ്രവും ശാസ്ത്രീയവുമായ ഒരു അന്വേഷണത്തിന് മാത്രമേ ഇക്കാര്യത്തിലുള്ള സംശയം നീക്കാന്‍ സാധിക്കൂ. കേന്ദ്ര ഏജന്‍സികളുടെ സേവനം വേണമെങ്കില്‍ അതും തേടണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള സഹകരണത്തിന് ബിജെപി തയ്യാറാണ്. നമ്മെ ഭരിച്ചിരുന്നവര്‍ ഒറ്റുകാരായിരുന്നു എന്ന് വരും തലമുറ പറയുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി എല്ലാവരും സഹകരിച്ച് സത്യം പുറത്തു കൊണ്ടു വരണം കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.