വ്യവസായം തുടങ്ങാന്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി

Monday 25 December 2017 12:00 am IST

കോട്ടയം: വനിതകളെയും പട്ടികജാതി , പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെയും വ്യവസായ സംരഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി ശ്രദ്ധേയമാകുന്നു.
10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വ്യവസായം തുടങ്ങാന്‍ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്ക് വേണ്ട വിധത്തിലുള്ള പ്രചാരണം നടത്താന്‍ സംസ്ഥാന വ്യവസായ വകുപ്പോ ജില്ലാ വ്യവസായ കേന്ദ്ര മോ തയ്യാറാകുന്നില്ല. ഇക്കാരണത്താല്‍ ജില്ലയില്‍ പദ്ധതിയ്ക്കായി അപേക്ഷകര്‍ കുറവാണെന്ന അഭിപ്രായം കഴിഞ്ഞ ദിവസം നടന്ന ജില്ലാ തല ബാങ്കിങ് അവലോകന യോഗത്തില്‍ ഉണ്ടായി. രണ്ട് ലക്ഷം പുതു സംരഭങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി- പട്ടിക വര്‍ഗ്ഗ സമൂഹങ്ങളെയും വനിതകളെയും സംരഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരികയാാണ് ലക്ഷ്യം.ഇതിനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,25, 000 ബാങ്ക് ശാഖകള്‍ വഴി ഈ വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കും. ഒരോ ശാഖയും പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്പ അനുവദിക്കണം. കൂടാതെ വനിതയ്ക്കും വായ്പ കൊടുക്കണം.
പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ് സംരംഭകന്റെ വിഹിതം. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ പ്രകാരം മാര്‍ജിന്‍ മണി ഗ്രാന്റ് ആയോ വായ്പയായോ അനുവദിക്കാറുണ്ട്. ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാര്‍ജിനായി ഉപയോഗിക്കാവുന്നതാണ്.
വായ്പ ആവശ്യമുള്ള സംരഭകര്‍ നേരിട്ട് ബാങ്ക് ശാഖയെ സമീപിക്കുകയോ ദേശീയ ചെറുകിട വ്യവസായ ബാങ്കിന്റെ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുകയോ ലീഡ് ബാങ്കിന്റെ ജില്ലാ മാനേജര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം.
അപേക്ഷകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 25 ലക്ഷത്തിന് രൂപ വരെയുള്ള അപേക്ഷകള്‍ മൂന്ന് ആഴ്ചക്കുള്ളിലും അതിന് മുകളില്‍ ഉള്ളവ ആറ് ആഴ്ചയ്്ക്കുളളിലും തീരുമാനം എടുത്തിരിക്കണം. എസ്.സി, എസ്ടി വിഭാഗങ്ങളുടെ വായ്പാ അപേക്ഷകള്‍ ശാഖാ തലത്തില്‍ നിരസിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാങ്ക് ആവശ്യപ്പെടുന്ന തിരിച്ചറിയല്‍, സ്ഥിരതാമസം, ബിസിനസ് തുടങ്ങിയ ബാങ്ക് ആവശ്യപ്പെടുന്ന എല്ലാ രേഖകളും അപേക്ഷകന്‍ സമര്‍പ്പി്ക്കണം. പദ്ധതിയെക്കുറിച്ചുള്ള അജ്ഞതയാണ് അപേക്ഷകരുടെ കുറവിന് കാരണമായി പറയുന്നത്.
ജില്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ വഴി പദ്ധതിക്ക് വിപുലമായ പ്രചാരണം അനിവാര്യമാണെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.