മൂന്നിടത്ത് ബിജെപി; ആര്‍കെ നഗര്‍ ദിനകരന്

Monday 25 December 2017 2:55 am IST

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചിടത്ത് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം. അരുണാചല്‍പ്രദേശില്‍ രണ്ട് സീറ്റിലും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റിലും ബിജെപി വിജയിച്ചു. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍.കെ. നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി. ദിനകരന്‍ വന്‍ വിജയം നേടി. ബംഗാളില്‍ ഒരു സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും വിജയിച്ചു. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ നഷ്ടം.

തമിഴ്‌നാട്ടിലെ ഭാവിരാഷ്ട്രീയം നിര്‍ണയിക്കുന്ന ആര്‍.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ 40, 707 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ അനുയായി ദിനകരന്റെ വിജയം. 39,545 വോട്ടാണ് 2016ല്‍ ജയലളിതയ്ക്ക് ലഭിച്ച ഭൂരിപക്ഷം. പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്‍ മത്സരിച്ച എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ 48,306 വോട്ടുകളോടെ രണ്ടാമതായി. ഭരണത്തിനു നേതൃത്വം നല്‍കുന്ന ഒ. പനീര്‍ശെല്‍വം, പളനിസ്വാമി വിഭാഗത്തിന് ഫലം തിരിച്ചടിയാണ്.

ജയലളിതയുടെ അഭാവത്തില്‍ തമിഴക രാഷ്ട്രീയത്തില്‍ തിരിച്ചുവരാമെന്ന ഡിഎംകെയുടെ പ്രതീക്ഷയും അസ്ഥാനത്തായി. മൂന്നാമതായ ഡിഎംകെ സ്ഥാനാര്‍ത്ഥി മരുതു ഗണേശന് ലഭിച്ചത് 24,651 വോട്ടാണ്. 1,368 വോട്ടുകളോടെ അഞ്ചാം സ്ഥാനത്താണ് ബിജെപി. രണ്ടായിരത്തിലേറെ വോട്ടുകള്‍ ലഭിച്ച നോട്ടയാണ് നാലാമത്.

3 സീറ്റ് ബിജെപി പിടിച്ചെടുത്തു

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. പക്കെ കെസാങ്ങില്‍ കോണ്‍ഗ്രസിന്റെ മുന്‍ ഉപമുഖ്യമന്ത്രി കമെംഗ് ദോലോയെ 475 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബി.ആര്‍. വാഖെ മറികടന്നത്. ലികാബാലിയില്‍ 305 വോട്ടിനായിരുന്നു ബിജെപിയുടെ വിജയം. ഇവിടെ കോണ്‍ഗ്രസ് മൂന്നാമതായി. ഉത്തര്‍പ്രദേശിലെ സിക്കന്തരയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സീമ സച്ചാനെ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ അജീത് പട്ടേല്‍ പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മാനസ് ഭൂനിയ തൃണമൂലില്‍ ചേരാന്‍ രാജിവച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ സബാങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യയും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമായ ഗീത റാണി 64,192 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 41,987 വോട്ട് നേടി സിപിഎം രണ്ടാമതെത്തി. കഴിഞ്ഞ തവണ 5,610 വോട്ടുണ്ടായിരുന്ന ബിജെപി 37,476 വോട്ട് നേടി മൂന്നാമതെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.