പാടശേഖരങ്ങള്‍ നിറയെ വിഷം

Sunday 24 December 2017 9:48 pm IST

തൃശൂര്‍: നിരോധിത കളനാശിനികളും കീടനാശികളും ജില്ലയിലെ പാടശേഖരങ്ങളില്‍ വ്യാപകമായിട്ടും തടയാന്‍ യാതൊരു നടപടിയുമില്ല.
കൂടുതല്‍ വിളവ് പ്രതീക്ഷിച്ച് കര്‍ഷകര്‍ വിഷം വാരിവിതറുന്നത് ഭാവിതലമുറയ്ക്കു കൂടി ദോഷം ചെയ്യുമെന്നിരിക്കെ, വിഷക്കമ്പനികളുടെ ഏജന്റുമാര്‍ കര്‍ഷകരെ ചാക്കിലാക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. മനുഷ്യശരീരത്തിന് ഏറെ ദോഷമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ച ഗ്രാമസോണ്‍, ഫ്യുറഡാന്‍ എന്നിവയാണ് ജില്ലയിലെമ്പാടും യഥേഷ്ടം ഉപയോഗിക്കുന്നത്. ആറുവര്‍ഷം മുമ്പാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
പക്ഷേ തമിഴ്‌നാട്ടില്‍ നിന്നും മറ്റും വിഷങ്ങള്‍ ജില്ലയിലെ ഒട്ടുമിക്ക മരുന്ന് കടകളിലും എത്തുന്നുണ്ട്. കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ പെരുകിയിട്ടും നിരോധിത വിഷങ്ങളുടെ പ്രയോഗത്തിന് അറുതിവരുത്താന്‍ നടപടി ഉണ്ടാകുന്നില്ല.
തമിഴ്‌നാട്ടില്‍ 150 -230 രൂപയ്ക്കു ലഭിക്കുന്ന കളനാശിനികളും കീടനാശിനികളും 500 -650 രൂപയ്ക്കാണ് ഇവിടെ കര്‍ഷകര്‍ വാങ്ങുന്നത്. ഗ്രാമസോണ്‍ ഒരു ലിറ്ററിന് 500 രൂപയാണ്.
ഫ്യുറഡാന്‍ കിലോയ്ക്ക് 250 രൂപയാകും. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയും തണ്ണിമത്തന്‍ ഉള്‍പ്പടെയുള്ള പഴവര്‍ഗങ്ങളും കൊണ്ടുവരുന്ന ലോറികളിലാണ് നിരോധിത വിഷങ്ങള്‍ വ്യാപകമായി എത്തിക്കുന്നത്. മദ്യം കടത്തിക്കൊണ്ടുവരുന്നപോലെ വലിയ കന്നാസുകളിലാണ് ഗ്രാമസോണ്‍ എത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.