മണ്ഡലകാലത്തിന് സമാപനം കുറിച്ച് മണ്ഡലപൂജ നടന്നു; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

Wednesday 27 December 2017 2:30 am IST

ശബരിമല: ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അയ്യപ്പസ്വാമിക്ക് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നതോടെ 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനമായി. ഇന്നലെ രാവിലെ 11.04നും 11.40നും മധ്യേയായിരുന്നു മണ്ഡലപൂജ.

മണ്ഡല പൂജയോടനുബന്ധിച്ച് തങ്കയങ്കി ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനത്തിനായി ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തിയത്. പുഷ്പാലംകൃതമായിരുന്നു സന്നിധാനം. മണ്ഡല പൂജയ്ക്കുശേഷം തങ്കയങ്കി വിഗ്രഹത്തില്‍ നിന്ന് പേടകത്തിലേക്ക് മാറ്റി. രാത്രി 11ന് ഹരിവരാസനം പാടി നട അടച്ചതോടെ മണ്ഡല ഉത്സവത്തിന് സമാപനമായി. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തി. ക്ഷേത്രത്തിനുള്ളില്‍ എത്തിച്ച പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് നടയടച്ച് അങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.