യഥാ പ്രജ്ഞം ഹി സംഭവാ; 'അറിവിനനുസരിച്ചാണ് ജന്മങ്ങള്‍'

Wednesday 27 December 2017 2:30 am IST

അഗ്‌നി വാസ്തവത്തില്‍ ഒന്നുതന്നെയെങ്കിലും ഉപാധിഭേദമനുസരിച്ച് വേറെയൊന്ന് തോന്നും. എല്ലാ ജീവജാലങ്ങളുടെയും അന്തരാത്മാവായിരിക്കുന്നതും ഒരേ ആത്മാവ്തന്നെ. പ്രത്യേകം രൂപത്തില്‍ അകത്തും യാതൊരു മാറ്റവുമില്ലാതെ ആകാശം പോലെ പുറത്തും സ്ഥിതിചെയ്യുന്നു.

മരണശേഷം ചിലരുടെ അവസ്ഥ എന്തായിരിക്കും. വീണ്ടും ജനിക്കുമോ? എപ്രകാരം-
യോനി മന്യേ പ്രപദ്യന്തേ ശരീരത്വായ ദേഹിനഃ
സ്ഥാണുമന്യേളന സായന്തി യഥാകര്‍മ്മ യഥാശ്രുതം

കര്‍മ്മത്തിനും ജ്ഞാനത്തിനുമനുസരിച്ച് ശരീരമെടുക്കാനായി ചില ജീവന്‍മാര്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിലെത്തുന്നു. ചിലര്‍ വൃക്ഷം മുതലായ സ്ഥാവരങ്ങളായി മാറുന്നു. പുനര്‍ജന്മത്തിന് കാരണമെന്താണെന്ന് ഈ മന്ത്രത്തില്‍ പറയുന്നു. ഓരോരുത്തരും ഈ ജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കും നേടിയ വിജ്ഞാനത്തിനും പറ്റിയ തരത്തിലുള്ള ശരീരത്തെയാണ് സ്വീകരിക്കുന്നത്. ഇതുപ്രകാരം ദേവന്‍മാര്‍ മുതല്‍ സ്ഥാവരങ്ങള്‍ വരെയുള്ള ജീവിതങ്ങളിലേക്ക് പോകുന്നു. അറിവില്ലായ്മയാല്‍ മൂഢരായ ചില ദേഹികള്‍ ശരീരമെടുക്കാനായി സ്ത്രീഗര്‍ഭത്തില്‍ പ്രവേശിക്കുന്നു. അത്യന്തം അധമരായവര്‍ വൃക്ഷങ്ങള്‍ മുതലായവയാകുന്നു.

‘യഥാ പ്രജ്ഞം ഹി സംഭവാ’ എന്ന് വേറെ ശ്രുതിയുണ്ട്. ‘അറിവിനനുസരിച്ചാണ് ജന്മങ്ങള്‍’ എന്നാണിവിടെയും പറയുന്നത്. അവസാനകാലത്ത് എന്തിനെ സ്മരിക്കുന്നുവോ അതുപോലെയാകും പിന്നീടുള്ള ജന്മവും. ജീവിച്ചിരിക്കുന്ന സമയത്ത് സ്മരിച്ചവയേയോ ചെയ്തവയേയോ ആണ് അന്ത്യകാലത്ത് ഓര്‍ക്കുക.

വളരെ രഹസ്യമായ ബ്രഹ്മത്തെ പറഞ്ഞുതരാമെന്ന് നേരത്തെ നല്‍കിയ ഉറപ്പിനനുസരിച്ച് ഇനി പറയുന്നു.

യ ഏഷു സുപ്‌തേഷു ജാഗര്‍ത്തി
കാമം കാമം പുരുഷോ നിര്‍മ്മിമാണഃ
തദേവ ശുക്രം തദ് ബ്രഹ്മ
തദേവാമൃതമുച്യതേ
തസ്മിംല്ലോകഃ ശ്രിതാഃ സര്‍വ്വേ
തദുനാത്യേതി കശ്ചന; ഏതദ് വൈരാത്

എല്ലാം ഉറങ്ങിയിരിക്കുന്ന സമയത്ത് ഉണര്‍ന്നിരുന്ന് ആഗ്രഹിക്കുന്ന വസ്തുതകളെ ഉണ്ടാക്കുന്ന ചൈതന്യപുരുഷനെയാണ് ബ്രഹ്മം എന്നു പറയുന്നത്. അതുതന്നയാണ് പരിശുദ്ധവും അമൃതവും ആയി വിശേഷിപ്പിക്കുന്നത്.

എല്ലാ ലോകങ്ങളും ആ ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്നു. ഒരാള്‍ക്കുപോലും അതിനെ അതിക്രമിക്കുവാനാകില്ല. ഇതുതന്നെയാണ് ആ ബ്രഹ്മം. നാം ഉറങ്ങുമ്പോള്‍ ഇന്ദ്രിയങ്ങളും പ്രാണനും ഉള്‍പ്പെടെ എല്ലാം ലയിച്ചുപോകുന്നു. ആ സമയത്ത് ഇഷ്ടസാധനങ്ങളെ സ്വയം നിര്‍മ്മിച്ച് ഉണര്‍ന്നിരിക്കുന്ന ചൈതന്യസ്വരൂപനായ പുരുഷനെയാണ് ശുദ്ധമായ ബ്രഹ്മം എന്നു പറഞ്ഞത്. ശാസ്ത്രങ്ങള്‍ അതിനെ നാശമില്ലാത്ത വസ്തു എന്നര്‍ത്ഥത്തില്‍ അമൃതം എന്ന് വിളിച്ചു. എല്ലാ ലോകങ്ങള്‍ക്കും കാരണമാണത്. അതുകൊണ്ട് ഭൂമി ഉള്‍പ്പെടെ എല്ലാ ലോകങ്ങളുടെയും ആശയവുംകൂടിയാണ്. ആര്‍ക്കും മറികടക്കാനാവാത്ത ഈ ബ്രഹ്മത്തെയാണ് ഇവിടെ വിസ്തരിച്ചത്.

ജാഗ്രത്തില്‍ സ്ഥൂലേലാകംപോലെ സ്വപ്‌നത്തില്‍ മാനസികമായ സൂക്ഷ്മലോകത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മചൈതന്യമാണ്. സുഷുപ്തിയില്‍ എല്ലാം ലയിപ്പിക്കുന്നതും അതുതന്നെ. എല്ലാറ്റിന്റേയും ആത്മാവായതുകൊണ്ട് ആര്‍ക്കും അതിക്രമിക്കുവാനും കഴിയില്ല.
ആത്മജ്ഞാനം എത്ര പരന്നാലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതിനാല്‍ വീണ്ടും പറയുന്നു-
അടുത്ത രണ്ടു മന്ത്രങ്ങളിലെ ആദ്യത്തെ വാക്ക് ഒഴികെ എല്ലാം ഒരുപോലെയാണ്.

അഗ്‌നിര്യയഥൈകോ ഭുവനം പ്രവിഷ്‌ടോ
രൂപം രൂപം പ്രതിരൂപോ ബഭൂവ
ഏകസ്തഥാ സര്‍വ്വ ദൂരാന്തരാത്മാ
രൂപം രൂപം പ്രതിരൂപോ സഹിശ്ച

ഒരേ അഗ്‌നിതന്നെ വസ്തുക്കളുടെ വ്യത്യാസമനുസരിച്ച് വേറെ വേറെ രൂപങ്ങളായി തോന്നുന്നതുപോലെ ഒരേ ആത്മാവ് തന്നെ ജീവജാലങ്ങളുടെ ഉള്ളില്‍ പ്രവേശിച്ച് അവയുടെ പലതരത്തിലുള്ള രൂപഭേദങ്ങള്‍ക്കനുസരിച്ച് പലതായിരിക്കുന്നു. എന്നാല്‍ ഒരു വ്യത്യാസവുമില്ലാതെ ഇവയ്‌ക്കെല്ലാം പുറത്തിരിക്കുന്നതും അതേ പരമാത്മാവ് തന്നെ.

അഗ്‌നി വാസ്തവത്തില്‍ ഒന്നുതന്നെയെങ്കിലും ഉപാധിഭേദമനുസരിച്ച് വേറെയൊന്ന് തോന്നും. എല്ലാ ജീവജാലങ്ങളുടെയും അന്തരാത്മാവായിരിക്കുന്നതും ഒരേ ആത്മാവ്തന്നെ. പ്രത്യേകം രൂപത്തില്‍ അകത്തും യാതൊരു മാറ്റവുമില്ലാതെ ആകാശം പോലെ പുറത്തും സ്ഥിതിചെയ്യുന്നു.
അടുത്ത മന്ത്രത്തില്‍ വായു എന്ന വാക്കിനെ അഗ്‌നി എന്ന സ്ഥലത്ത് ഉപയോഗിച്ചിരിക്കുന്നു.

പ്രാണസ്വരൂപനായി ഒരേ വായുതന്നെ വേറെ വേറെയായി ഓരോന്നിലും ഇരിക്കുന്നു. ഉപാധിഭേദമനുസരിച്ച് വായു പലതായി തോന്നും പോലെ ഒരേ ആത്മാവ് തന്നെ എല്ലാറ്റിലും പലതെന്നപോലെ കുടികൊള്ളുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.