ഉദ്ഘാടനം വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

Wednesday 27 December 2017 2:00 am IST

പൂച്ചാക്കല്‍: ജലഗതാഗത വകുപ്പിന്റെ പാണാവള്ളിയിലെ ബോട്ട് സ്റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു. നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടും അറ്റകുറ്റ പണികളുടെ പേരില്‍ ഉദ്ഘാടനം വൈകിപ്പിക്കുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്.
യാത്രക്കാരും ജീവനക്കാരും വിശ്രമിക്കാന്‍ ഇടമില്ലാതെ ദുരിതം പേറുകയാണ്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. വിശ്രമകേന്ദ്രം, ടിക്കറ്റ് കൗണ്ടര്‍, ഓഫിസ്, ഹാള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കേണ്ടത്. വിശ്രമകേന്ദ്രം ഒഴികെ മറ്റുള്ളവയെല്ലാം പൂര്‍ത്തിയായി. വിശ്രമിക്കുന്നതിനായി കെട്ടിടത്തിന്റെ വരാന്തകളില്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കാനുണ്ട്.
വൈദ്യുതി, ശുദ്ധജല കണക്ഷനുകള്‍ ലഭിച്ചിട്ടില്ല. ഒറ്റമുറി കെട്ടിടത്തിലാണ് നിലവിലെ ബോട്ട് സ്റ്റേഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ ഇടമില്ലാത്തതിനാല്‍ ജെട്ടിയുടെ പരിസരത്ത് വെയിലും മഴയുമേറ്റ് കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്.
പെരുമ്പളം ദ്വീപ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് ആറ് ബോട്ടുകള്‍ പ്രതിദിനം 180 ഓളം സര്‍വീസുകളാണ് നടത്തുന്നത്. പെരുമ്പളം ദ്വീപില്‍ നിന്നടക്കം നൂറ് കണക്കിന് യാത്രക്കാരാണ് സര്‍വീസിനെ ആശ്രയിക്കുന്നത്. ബോട്ട് ജെട്ടിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. കായലിന് കുറുകെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വാര്‍ത്തിട്ടുണ്ടെങ്കിലും കൈവരിയും മേല്‍ക്കൂരയും നിര്‍മിച്ചിട്ടില്ല.
കെട്ടിടം പണി അടിയന്തരമായി പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കണമെന്നാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.