ഐഎസ്ആര്‍ഒ ചാരക്കേസ് : പുതിയ അന്വേഷണം വേണം-കുമ്മനം

Tuesday 26 December 2017 4:53 pm IST

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനെപ്പറ്റി പുതിയ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിദഗ്ദ്ധ കുറ്റാന്വേഷണ ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. ഇത് തുടരന്വേഷണമോ പുനരാന്വേഷണമോ അല്ലെന്നും ആകരുതെന്നും കേസിനെ തുടര്‍ന്ന് നിരവധി പീഡനങ്ങള്‍ക്ക് വിധേയനായ പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ സന്ദര്‍ശിച്ചശേഷം കുമ്മനം ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒ കേസില്‍ കോടതികള്‍ പുറുപ്പെടുവിച്ച വിധികളുടെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ നടത്തിവരുന്ന വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ സമഗ്രവും ശാസ്ത്രീയവും നിഷ്പക്ഷവുമായ ഉന്നതതല അന്വേഷണം അന്യവാര്യമാണ്. ചാരക്കേസ് സംബന്ധിച്ച് അവശേഷിക്കുന്ന നിരവധി ദുരുഹതകള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടാവേണ്ടതുണ്ട്.
ചാരക്കേസ് കെട്ടിച്ചമചാതണെങ്കില്‍, ആര്, ആര്‍ക്കുവേണ്ടി, എന്തിന് അത് ചെയ്തു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ ദിശയിലുള്ള അന്വേഷണമാണ് നടക്കേണ്ടത്.

രാഷ്ട്രത്തിന്റെ ബഹിരാകാശ പരിപാടിയുടേയും ശാസ്ത്ര സമൂഹത്തിന്റെയും പ്രതിച്ഛായയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ മങ്ങല്‍ ഏല്‍പ്പിച്ചതാണ് കേസുമായി ബന്ധപ്പെട്ട് സംഭവവികാസങ്ങള്‍. നമ്മുടെ ശാസ്ത്രജ്ഞന്‍മാരുടെ ആത്മവിശ്വാസത്തിന് കോട്ടംതട്ടിച്ചതാണ് അത്. കേരള പോലീസിനെയും ഐ.ബി.യേയും മാധ്യമങ്ങളെയും അതുവഴി പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുതില്‍ വിജയിച്ച ദുരൂഹമായ ഈ ‘ഓപ്പറേഷ’ന്റെ പിന്നിലെ മസ്തിഷ്‌കം ഏതെന്നും അവരുടെ ലക്ഷ്യം എന്താണെന്നും അന്വേഷിച്ച് എത്രയും വേഗം സത്യംപുറത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ രാജിയില്‍ കലാശിച്ച സംഭവത്തിന്റെ കൃത്യമായ ലക്ഷ്യം എന്തായിരുന്നു എന്ന് അന്വേഷിക്കണമെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആവശ്യപ്പെട്ടു. നമ്പിനാരായണന്റെ വസതിയിലെത്തിയ കുമ്മനത്തെ നമ്പിനാരായണന്‍ ജിഎസ് എല്‍വിയുടെ മോഡല്‍ കാണിച്ച് അതിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ഇരുവരും തമ്മിലുള്ള ചര്‍ച്ച ആര മണിക്കൂര്‍ നീണ്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് രാജശേഖരന്‍, പെരുന്താന്നി വാര്‍ഡ് കൗണ്‍സിലര്‍ ചിഞ്ചു എന്നിവരും കുമ്മനത്തോടൊപ്പം എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.