സിപിഎം ഗുണ്ടായിസം അവസാനിപ്പിക്കണം: സംഘപരിവാര്‍

Wednesday 27 December 2017 12:00 am IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യാലയം തകര്‍ക്കുവാനും കത്തിക്കുവാനും അടുത്തടുത്ത ദിവസങ്ങളില്‍ സിപിഎം നടത്തിയ ശ്രമത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. ഏറ്റുമാനൂരിന് പുറത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകായുധങ്ങള്‍ നല്‍കി ഏറ്റുമാനൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഹീനപ്രവൃത്തി സിപിഎം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആദ്യത്തെ ആക്രമണം നടന്ന ശേഷം പോലീസ് ജാഗ്രത പാലിക്കാതിരുന്നതുമൂലമാണ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കാര്യാലയത്തിന് തീവെയ്ക്കാന്‍ ധൈര്യപ്പെട്ടത്. ഏറ്റുമാനൂര്‍ പോലീസിന്റെ അത്തരം നടപടിയില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. കാര്യാലയം അടിച്ചു തകര്‍ത്ത 4 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടും ഇത് വരെ അവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ നിഷ്‌ക്രിയത്വം ആണ് വെളിവാക്കുന്നത്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന കാര്യാലയത്തിന് തീപിടിച്ചാല്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്കും പടരുമായിരുന്നു. ഇതറിഞ്ഞിട്ടും തീഇട്ടത്, ക്ഷേത്ര വിശ്വാസികളോടുള്ള സിപിഎമ്മന്റെ വെല്ലുവിളിയാണ്. ഏറ്റുമാനൂര്‍ എംഎല്‍എയുടെ വസതിക്ക് തൊട്ടടുത്ത് സിപിഎം ഇത്തരം ഭീകര പ്രവര്‍ത്തികള്‍ നടത്തുന്നത് അധികാരത്തിന്റെ ഹുങ്ക് കൊണ്ടാണ്. ഈ ജനാധിപത്യ വിരുദ്ധത ജനങ്ങളുടെ ഇടയില്‍ തുറന്നു കാട്ടുന്ന പരിപാടികള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.ആര്‍. സജീവ് അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, നിയോജക മണ്ഡലം പ്രസിഡന്റ് കെജി ജയചന്ദ്രന്‍, ആര്‍ എസ് എസ് നേതാക്കളായ റെജിന്‍ രാജ്, എം.ആര്‍.അജിത്കുമാര്‍, രവികുമാര്‍, അനീഷ് മോഹന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.