വിനോദസഞ്ചാര കപ്പലുകളില്‍ ഏകീകൃത നിരക്ക്

Wednesday 27 December 2017 2:30 am IST

മട്ടാഞ്ചേരി: ഇന്ത്യന്‍ തുറമുഖങ്ങളില്‍ ആഡംബര വിനോദസഞ്ചാര കപ്പലുകള്‍ക്ക് (ക്രൂയിസ്) ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിനോദസഞ്ചാരമേഖലയില്‍ വന്‍ വികസന കുതിപ്പേകുന്ന ലക്ഷ്യവുമായാണ് കേന്ദ്ര ഉപരിതല ഗതാഗത -ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ നടപടി.

നിലവില്‍ ആഡംബര കപ്പലുകളുടെ രജിസ്‌റ്റേര്‍ഡ് ടണ്ണേജ് അനുസരിച്ച് ടണ്ണിന് 0.6 ഡോളര്‍ മുതല്‍ 1.6 ഡോളര്‍ വരെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. 12 മണിക്കൂര്‍ സമയത്തേക്കായിയിരുന്നു ഇത്. ഏകീകൃത നിരക്കിലിത് 0.35 ഡോളറാക്കാനാണ് തീരുമാനം. ഇന്ത്യയില്‍ നിലവില്‍ പ്രതിവര്‍ഷം 150 ആഡംബര വിനോദസഞ്ചാര കപ്പലുകളാണ് എത്തുന്നത്. പുതിയ നീക്കത്തിലൂടെ 700 കപ്പലുകളായി ഉയരും. 40 ലക്ഷം സഞ്ചാരികളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണിത്.

നിലവില്‍ കൊച്ചി, മുംബൈ, മംഗലാപുരം, ഗോവ, ചെന്നൈ എന്നീ തുറമുഖങ്ങളില്‍ അത്യാധുനിക ക്രൂയിസ് ടെര്‍മിനലുകളൊരുക്കി മോദിസര്‍ക്കാര്‍ അടിസ്ഥാനസൗകര്യമൊരുക്കുകയാണ്. 8000 കോടിയോളം രൂപയാണ് ഇതിന് ചിലവിടുന്നത്. ടൂറിസം മേഖലയില്‍ വരുമാന കുതിപ്പും തൊഴിലവസരവും ഇതിലൂടെ സാധ്യമാകും. അരലക്ഷത്തോളം തൊഴിലവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ക്രൂയീസ് കപ്പല്‍ ഏകീകൃത നിരക്ക് കൊച്ചി തുറമുഖത്തിന് ആദ്യഘട്ടത്തില്‍ ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെങ്കിലും പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് പരിഹരിക്കപ്പെടും. കൂടുതല്‍ ആഡംബരകപ്പലുകള്‍ എത്തുന്നതോടെ വന്‍ വികസനമാണുണ്ടാകുക.

2016-17 വര്‍ഷം 44 ക്രൂയിസ് കപ്പലുകളാണ് കൊച്ചിയിലെത്തിയത്. നടപ്പുവര്‍ഷം ഇത് വര്‍ഷമിത് 50 കപ്പലായി ഉയരും. പുതിയ പ്രഖ്യാപനത്തിലൂടെ 2020 ല്‍ 75ഉം 2022 ല്‍ 100 കപ്പലുകളായും ഉയരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.