ദിവ്യബലിയില്‍ നിന്ന് കര്‍ദിനാള്‍ വിട്ടുനിന്നു

Wednesday 27 December 2017 2:30 am IST

കൊച്ചി: എറണാകുളം-അങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് വിവാദം മുറുകുമ്പോള്‍ ക്രിസ്മസ് ദിവ്യബലിയില്‍ പങ്കെടുക്കാതെ എറണാകുളം അതിരൂപതാ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിട്ടുനിന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പാതിരാകുര്‍ബാനയില്‍ ദിവ്യബലി അര്‍പ്പിക്കുന്നതില്‍ നിന്നാണ് കര്‍ദിനാള്‍ വിട്ടുനിന്നത്.

കര്‍ദിനാള്‍ എത്തിയാല്‍ തടയാന്‍ വിശ്വാസികളില്‍ ഒരുവിഭാഗം തീരുമാനമെടുത്തിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ അദ്ദേഹത്തോട് ആഭിമുഖ്യമുള്ള ചിലരും തീരുമാനിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പിന്മാറിയതെന്നാണ് സൂചന.

ക്രമപ്രകാരമല്ലാതെയുള്ള സ്ഥലം വില്‍പ്പനയില്‍ അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരെ വൈദികരും വിശ്വാസികളുമുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ക്രിസ്മസിന് പാതിരാ കുര്‍ബാനയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത് കര്‍ദിനാളായിരിക്കും എന്ന് അറിയിച്ചിരുന്നതാണ്. പങ്കെടുക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും വിശ്വാസികളില്‍ ചിലര്‍ പറയുന്നു.

എന്നാല്‍ ആരോഗ്യകാരണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം അവസാന നിമിഷം പിന്മാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്തിടെ അദ്ദേഹം ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഭൂമി ഇടപാടില്‍ കോടികള്‍ നഷ്ടമായതിനെക്കുറിച്ച് സഭ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ വൈദികരടക്കമുള്ളവര്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നോ നാളെയോ പരാതി നല്‍കിയേക്കും.

അതിരൂപതയ്ക്കുള്ള ഭീമമായ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാനാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി വിറ്റത്. എന്നാല്‍, ബാങ്ക് വായ്പകള്‍ പൂര്‍ണ്ണമായും അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ല. ഭൂമിവില്‍പ്പനയിലൂടെ ലഭിക്കുമെന്ന് പറഞ്ഞ പണവും മുഴുവനായും കിട്ടിയില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.