ബേഡകത്തും സിപിഎം നേതൃത്വം മുട്ടുമടക്കുന്നു

Thursday 4 October 2012 8:18 pm IST

കാഞ്ഞങ്ങാട്‌: ഷൊര്‍ണ്ണൂരിലും ഒഞ്ചിയത്തും മുണ്ടൂരിലും നേതൃത്വത്തിന്‌ നേരെ അണികളില്‍ നിന്നുണ്ടായ തീഷ്ണമായ വെല്ലുവിളികള്‍ കണ്ട്‌ ഭയന്നിട്ടാകണം ബേഡകത്തെ വിഭാഗീയതയുടെ മുന്നില്‍ ജില്ലാ നേതൃത്വം അടിയറവു പറയുന്നു.
പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട്‌ കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത്‌ ബേഡകം ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പില്‍ ബദല്‍ പാനലില്‍ മത്സരിച്ച ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച്‌ പേര്‍ തോറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം പുതിയ ഏരിയാ സെക്രട്ടറി കുറ്റിക്കോല്‍ സി. ബാലന്റെ വീട്ടിന്റെ മുന്നിലും കുറ്റിക്കോല്‍ ഏരിയാ കമ്മറ്റി ഓഫീസിന്റെ മുന്നിലും പാര്‍ട്ടി കൊടി മരത്തിലെ ചെങ്കൊടി താഴ്ത്തി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. മാത്രവുമല്ല പാര്‍ട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമസിച്ച വീടിന്റെ മതിലില്‍ കരിഓയില്‍ ഒഴിച്ച്‌ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെയാണ്‌ ഔദ്യോഗിക വിഭാഗം പരാതി നല്‍കിയിരുന്നത്‌. പരാതി പരിഗണിച്ച പി. കരുണാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എതിര്‍ചേരിയുടെ രോഷ പ്രകടനത്തിലും അല്‍പ്പം കഴമ്പുണ്ട്‌ എന്നായിരുന്നു കണ്ടെത്തിയിരുന്നത്‌.
തുടര്‍ നടപടി എടുക്കേണ്ടത്‌ ജില്ലാ നേതൃത്വമായതിനാല്‍ അത്‌ തീരുമാനിക്കാനായിരുന്നു കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ ഗസ്റ്റ്‌ ഹൗസില്‍ രാവിലെ ജില്ലാ സെക്രട്ടറിയേറ്റും ഉച്ചകഴിഞ്ഞ്‌ ജില്ലാ കമ്മറ്റിയും കേന്ദ്ര കമ്മറ്റി നേതാക്കളായ പി .കെ. ശ്രീമതി , പി. കരുണാകരന്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയെ വരെ അപമാനിച്ചവരെ വെറുതെ വിടാനായിരുന്നു ശനിയാഴ്ച നടന്ന പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടിക്ക്‌ ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കേണ്ടിവന്നതില്‍ ഉരുക്ക്‌ ചട്ടക്കൂടുണ്ടെന്ന്‌ സ്വയം അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ ഇന്നത്തെ ദയനീയ സ്ഥിതിയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.
പഴയ ഏരിയ സെക്രട്ടറിയുടെ ബദല്‍ പാനലിനെതിരെ ഔദ്യോഗിക വിഭാഗം നിര്‍ത്തി വിജയിപ്പിച്ച പുതിയ ഏരിയാ സെക്രട്ടറി സി. ബാലനെ വരെ നേതൃത്വം വിമതര്‍ക്ക്‌ വേണ്ടി ഒഴിവാക്കാനും തീരുമാനിച്ചുവെന്നത്‌ ഗതികേടുകൊണ്ടുമാത്രമാണ്‌ എന്നതിന്‌ അടിവരയിടുന്നു. ഇനി പുതിയ സെക്രട്ടറി ആരാകണമെന്നത്‌ സംസ്ഥാന നേതൃത്വം തീരുമാനിക്കും.
ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിമത പാനലില്‍ മത്സരിച്ചത്‌ മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ കമ്മറ്റിയംഗവുമായ പി. ദിവാകരന്‍, കര്‍ഷക സംഘം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ചന്ദ്രന്‍ പാലക്കല്‍, സി. അമ്പു, വി. രാഘവന്‍, ജി. രാജീഷ്‌ ബാബു എന്നിവരായിരുന്നു. നാലും അഞ്ചും വോട്ടുകള്‍ക്കാണ്‌ ഇവര്‍ പരാജയപ്പെട്ടത്‌. ഇവരെ എല്ലാവരേയും ഏരിയാ കമ്മറ്റിയിലേക്ക്‌ ഉള്‍പ്പെടുത്തികൊണ്ട്‌ പഴയ 17 അംഗ കമ്മറ്റി വിപുലീകരിക്കാനാണ്‌ പാര്‍ട്ടിയുടെ മറ്റൊരു തീരുമാനം.
എന്നാല്‍ വിമത വിഭാഗത്തിന്റെ നേതൃനിരയിലുള്ള മുന്‍ ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ കുറ്റിക്കോല്‍ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ പി. ഗോപാലന്‍ മാസ്റ്റര്‍, മുന്‍ ഡിവൈഎഫ്‌ ഐ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ബേഡകം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെ. പി. രാമചന്ദ്രന്‍, എ. മാധവന്‍, എ. ഗോപാലന്‍ എന്നിവരോട്‌ വിശദീകരണം തേടാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ വിമത പക്ഷത്തില്‍ വിള്ളലുണ്ടാക്കാനാണ്‌ എന്ന്‌ പ്രഥമ ദൃഷ്ട്യാ തന്നെ ആര്‍ക്കും മനസ്സിലാകും. തീരുമാനം എത്ര കണ്ട്‌ നടപ്പിലാകുമെന്ന്‌ കണ്ട്‌ തന്നെ അറിയണം. കാരണം ഏരിയാ കമ്മറ്റി അംഗമായ ഗോപാലന്‍ മാസ്റ്റര്‍ കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിയുടെ ഒരു കമ്മറ്റിയിലും പങ്കെടുത്തിട്ടില്ല. എന്നിട്ടും പാര്‍ട്ടിയുടെ പ്രതിനിധിയായി പഞ്ചായത്ത്‌ പ്രസിഡണ്ടായി തുടരുന്നുണ്ട്‌.
ബേഡകത്ത്‌ പുറമെ നിന്ന്‌ കാണുന്ന ഉപരിപ്ലവമായ പ്രശ്നങ്ങള്‍ മാത്രമല്ല ഉള്ളത്‌. എക്കാലത്തും പാര്‍ട്ടിയുടെ ഉരുക്ക്‌ കോട്ടയായി ഉയര്‍ത്തിപ്പിടിച്ചിരുന്ന ബേഡകം - കുറ്റിക്കോല്‍ മേഖലയിലാണ്‌ ഭിന്നത ഉടലെടുത്തത്‌. ഇതിന്‌ കാരണങ്ങള്‍ പലതാണ്‌. അധ്വാനിക്കുന്ന ജനവിഭാഗം മാത്രമല്ല അധ്വാനിക്കാത്തവരും ഇടത്തട്ടിലുള്ളവരും വന്‍കിടക്കാരും എല്ലാം ഇവിടെ പാര്‍ട്ടി ഭാരവാഹികളാണ്‌. പാര്‍ട്ടിയിലുള്ള സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ തന്നെയുള്ള പ്രശ്നങ്ങളില്‍ പോലും നേതൃത്വം പക്ഷം പിടിക്കുന്നതായി ധാരാളം പരാതികള്‍ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിക്കുന്നു. സ്വത്ത്‌ പ്രശ്നവും തൊഴില്‍ പ്രശ്നവും പണമിടപാടുകളും പാര്‍ട്ടി തീര്‍പ്പ്‌ കല്‍പ്പിക്കുമ്പോള്‍ ഒരു വിഹിതം പാര്‍ട്ടിക്കുമുണ്ടത്രെ. മുന്നാട്‌ പീപ്പിള്‍സ്‌ കോളേജ്‌ എന്ന എം ബി എ ഡിഗ്രിതലം വരെയുള്ള സ്വാശ്രയ കോളേജ്‌ നടത്തുന്നത്‌ സിഐടിയു സംസ്ഥാന സെക്രട്ടറിയും ഉദുമ മുന്‍ എം എല്‍എയുമായ പി. രാഘവന്‍ ചെയര്‍മാനായ ട്രസ്റ്റാണ്‌. ട്രസ്റ്റില്‍ ജില്ലാ കമ്മറ്റിയും ഏരിയാ കമ്മറ്റിയും ഒക്കെ അംഗങ്ങളാണ്‌. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളാണ്‌ ഇവിടെ അടിസ്ഥാനപരമായി പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. ഇതും പാര്‍ട്ടി നേതൃത്വത്തിന്റെ കരണം മറച്ചിലിന്‌ കാരണമായിട്ടുണ്ടാകാം എന്നാണ്‌ കരുതുന്നത്‌.
സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.