ന്യൂനപക്ഷ മോര്‍ച്ച നേതാവിന് ക്രൂരമര്‍ദനം

Wednesday 27 December 2017 11:51 am IST

കുണ്ടറ: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി രാത്രിയില്‍ പേരയം ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ന്യൂനപക്ഷമോര്‍ച്ച കുണ്ടറ മണ്ഡലം ജനറല്‍ സെക്രട്ടറി വിനോദിനെ കുണ്ടറ എസ്‌ഐ മര്‍ദിച്ചതായി പരാതി. മദ്യപിക്കാത്ത വിനോദിനെ മദ്യപിച്ചെന്നാരോപിച്ചു മര്‍ദിച്ചവശനാക്കി പോലീസ് ജീപ്പില്‍ കൊണ്ടുപോയി ലോക്കപ്പില്‍ അടച്ചു.
മദ്യപിച്ചിട്ടില്ലെന്നും ന്യൂനപക്ഷമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറിയാണെന്നും പറഞ്ഞപ്പോള്‍ ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും വിനോദ് പറഞ്ഞു.
ദിവസങ്ങള്‍ക്കു മുന്‍പ് പേരയം ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും ബസ് കാത്തിരിപ്പു കേന്ദ്രവും സിപിഎം, ഡിവൈഎഫ്‌ഐ ക്കാര്‍ നശിപ്പിച്ചിരുന്നു.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും പിടികൂടാത്ത എസ്‌ഐയുടെ നടപടികളെ മറ്റൊരു മണ്ഡലം ഭാരവാഹി വിജയന്‍ സക്കറിയ ചോദ്യം ചെയ്തു. തുടര്‍ന്ന് വിജയന്‍ സക്കറിയെ എസ്‌ഐ മര്‍ദിച്ചു. ഇതിനെ വിനോദ് ചോദ്യം ചെയ്തു. ഇതാണ് മര്‍ദനത്തിന് കാരണമെന്നും വിനോദ് പറഞ്ഞു.
വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ എസ്‌ഐ യോട് വിനോദ് മദ്യപിച്ചിട്ടില്ലെന്നും മെഡിക്കല്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ഇവരോടും എസ്‌ഐ കയര്‍ത്തു സംസാരിച്ചു.
ബിജെപി നേതാക്കള്‍ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് വിട്ടയച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ വിനോദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ന്യൂനപക്ഷാവകാശ കമ്മീഷന് പരാതിനല്‍കുമെന്നും ബിജെപി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും കുണ്ടറ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.