യുവതിയെ വെട്ടിക്കൊന്നു: യുവാവ് പിടിയില്‍

Wednesday 27 December 2017 11:53 am IST

കൊല്ലം: കണ്ണനല്ലൂര്‍ റോഡില്‍ പാങ്കോണം ചേരിയില്‍ തടത്തില്‍മുക്കില്‍ തൈക്കാവിനു സമീപം എസ്.എന്‍. മന്‍സിലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
കിളികൊല്ലൂര്‍ കുറ്റിച്ചിറ സ്വദേശിനി(37) യാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കുളങ്ങര സ്വദേശി സതീഷ്‌കുമാര്‍ (40)ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടു മാസമായി സുനിത അമ്മ രാധാമണി, മക്കളായ വിഷ്ണു, ശ്രീദേവി, ശ്രീലക്ഷ്മി എന്നിവരുമായി ഇവിടെ താമസിച്ചു വരികയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചിരുന്നു.
സംഭവം നടക്കുന്ന സമയത്തു പെണ്‍കുട്ടികളും അമ്മയും സ്ഥലത്തില്ലായിരുന്നു. പതിനൊന്നുമണിയോടെ മദ്യപിച്ച് സുഹൃത്തിനൊപ്പം വീട്ടിലെത്തിയ സതീഷ്‌കുമാര്‍ സുനിതയുമായി വാക്കുതര്‍ക്കമുണ്ടാവുകയും വീട്ടില്‍നിന്നു കത്തിയെടുത്തു മുതുകിനും വയറ്റിലും കുത്തുകയായിരുന്നു. അക്രമം കണ്ട് ഭയന്ന മകന്‍ വിഷ്ണു റോഡിലിറങ്ങി നിലവിളിച്ച് ആളെ കൂട്ടി. ഈ സമയത്ത് ഇറങ്ങി ഓടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
നേരത്തെ കുറ്റിച്ചിറയില്‍ താമസിക്കുന്ന സമയത്ത് സതീഷ്‌കുമാര്‍ ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. പിന്നീട് സതീഷ് കുമാറിനെ ഒഴിവാക്കി. ഇതിന്റെ പ്രതികാരമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ആറുമാസമായി യാതൊരു ബന്ധവുമില്ലാതിരുന്ന സതീഷ് രണ്ടുദിവസ്സം മുന്‍പാണ് വീട്ടിലെത്തിയതെന്ന് വിഷ്ണു പറഞ്ഞു. ചാത്തന്നൂര്‍ സിഐ: ജി.അജയ്‌നാഥിനാണ് കേസ് അന്വേഷണ ചുമതല. പ്രതിയുമായി ഇന്നലെ രാവിലെ 11ന് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
മരിച്ച സുനിതയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.