പ്രൈവറ്റ് സ്‌കൂളുകളുടെ ഫീസ് കൊള്ളയ്‌ക്കെതിരെ ഗുജറാത്ത് ഹൈക്കോടതി

Thursday 28 December 2017 2:45 am IST

അഹമ്മദാബാദ്: പ്രൈവറ്റ് സ്‌കൂളുകളുടെ ഫീസ്‌കൊള്ളയ്ക്ക് തടയിട്ട് ഗുജറാത്ത് ഹൈക്കോടതി. പ്രൈവറ്റ് സ്‌കൂളുകളിലും ഫീസ് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഹൈക്കോടതി ഇന്നലെ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ടുള്ള 40 പരാതികളാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ആര്‍ സുബാഷ് റെഡ്ഢിയും ജസ്റ്റിസ് വി.എം പഞ്ചോളിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഗുജറാത്ത് സെല്‍ഫ് ഫിനാന്‍സ്ഡ് സ്‌കൂള്‍സ് ആക്ട് 2017 മുന്‍നിര്‍ത്തി വിധി പുറപ്പെടുവിച്ചത്.

ആക്ടില്‍ സ്റ്റേറ്റ് ബോര്‍ഡ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ), ഇന്ത്യന്‍ സെര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഐസിഎസ്ഇ) എന്നിവയ്ക്ക് ഈടാക്കാവുന്ന ഫീസ് ഇനത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
2017 ഏപ്രില്‍ 12നാണ് ഗവര്‍ണര്‍ ഒ.പി കോലി ബില്ലില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയത്. ഇതുപ്രകാരം പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ യഥാക്രമം 15,000, 25,000, 27,000 രൂപവരെയാണ് ഒരു വര്‍ഷം ഈടാക്കാന്‍ അനുമതിയുള്ളത്.

എന്നാല്‍ പ്രൈവറ്റ് സ്‌കൂളുകള്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഫീസ് ഈടാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആക്ടില്‍ പറയുന്നതിനു മുകളില്‍ ഫീസ് ഈടാക്കണമെന്നുണ്ടെങ്കില്‍ സ്‌കൂളുകള്‍ ഇതുസംബന്ധിച്ചുള്ള പ്രമേയം ഫീസ് റെഗുലേറ്ററി കമ്മറ്റിക്കു മുമ്പാകെ സമര്‍പ്പിക്കണം. എന്നാല്‍ കോടതിയുടെ ഈ വിധിക്കെതിരെ സ്‌കൂളുകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.