ക്രിസ്മസ് ദിനങ്ങളിലെ മദ്യവില്‍പനയില്‍ റെക്കോഡ് വര്‍ദ്ധനവ്

Thursday 28 December 2017 2:45 am IST

തിരുവനന്തപുരം: ക്രിസ്മസ് ദിനങ്ങളിലെ മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ശതമാനം വര്‍ദ്ധനവ്. 160 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ബാറുകള്‍ക്ക് അനുമതി നല്‍കിയ ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പാളുന്നു എന്നതിന്റെ തെളിവുകളാണ് ബെവ്‌കോ പുറത്തുവിടുന്ന കണക്കുകള്‍.

ഘട്ടംഘട്ടമായി മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന യുഡിഎഫിന്റെ മദ്യനയം പ്രായോഗികമല്ലെന്നും ഇതു വഴി മദ്യ ഉപഭോഗം കുറയ്ക്കാനാകില്ലെന്നും വിലയിരുത്തിയായിരുന്നു പുതിയ നയം രൂപീകരിച്ചത്. എന്നാല്‍ എല്‍ഡിഎഫിന്റെ പുതിയ മദ്യനയവും പാളിയെന്നതിന്റെ വ്യക്തമായ കണക്കാണ് ബെവ്‌കോ പുറത്തുവിടുന്നത്. സംസ്ഥാനത്തെ 330 ബിവറേജസ് ഔട്ട്‌ലെറ്റുകളിലായി 160 കോടി രൂപയുടെ വില്‍പന നടന്നതായാണ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചത്.

ഓരോ വര്‍ഷവും വില്‍പനയില്‍ വര്‍ധന രേഖപ്പെടുത്താറുണ്ട്. എന്നാല്‍ പുതിയ മദ്യനയത്തിന്റെ ഫലമായി ഇക്കുറി റെക്കോഡ് വില്‍പനയാണ് ഉണ്ടായത്. പത്തനംതിട്ടയിലെ വളഞ്ഞവട്ടം ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഇവിടെ നാലു ദിവസങ്ങളിലായി നടന്നത് 52.03 ലക്ഷത്തിന്റെ വില്‍പനയാണ്.

നെടുമ്പാശ്ശേരി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ക്കാണ് വില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ന്യൂഇയര്‍ ആഘോഷവും കൂടി കഴിയുമ്പോള്‍ ഡിസംബര്‍ മാസത്തെ വില്‍പന ആയിരം കോടി കടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.