ഓഖി: കേന്ദ്രസംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തി

Wednesday 27 December 2017 9:37 pm IST

തൃശൂര്‍: ജില്ലയിലുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം രാവിലെ 8.45 ഓടെ കൊടുങ്ങല്ലൂരില്‍ എത്തി.
ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. എറണാകുളത്തെ സന്ദര്‍ശനത്തിന് ശേഷമാണ് സംഘം തൃശൂരിലേക്ക് എത്തിയത്.
കേന്ദ്ര ഊര്‍ജ്ജവകുപ്പ് ഡയറക്ടര്‍ എം.എം. ദകാഡെ, കേന്ദ്ര കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍. പി. സിംഗ്, കേന്ദ്ര ഷിപ്പിംഗ് വിഭാഗം ഡയറക്ടര്‍ ചന്ദ്രമണി എന്നിവരടങ്ങിയ സംഘമാണ് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയത്. കളക്ടര്‍ എ. കൗശിഗന്‍ സംഘത്തിലുണ്ടായിരുന്നു.
ആദ്യം ഏറിയാട് ബീച്ചിലും എടവിലങ്ങ് പഞ്ചായത്തിലുമാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ഓഖി ദുരന്തമേഖലകളിലെ തകര്‍ന്ന വീടുകള്‍, റോഡുകള്‍, ജലസേചനമാര്‍ഗ്ഗങ്ങള്‍, വൈദ്യുത സംവിധാനങ്ങള്‍, കാര്‍ഷിക രംഗം, കടല്‍ഭിത്തികള്‍, മത്സ്യ കര്‍ഷകരുടെ തകര്‍ന്ന ബോട്ടുകള്‍ മുതലായവയെകുറിച്ചെല്ലാം സംഘം പഠനം നടത്തി.
ആര്‍.ഡി.ഒ സോജന്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ജെസ്സി സേവിയര്‍ എന്നിവരും പോലീസ് സംഘവും കേന്ദ്രസംഘത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.