എയ്ഡ്‌സ് രോഗികള്‍ക്ക് കൈത്താങ്ങായി സ്‌നേഹസ്പര്‍ശം കെയര്‍ സെന്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്

Wednesday 27 December 2017 10:05 pm IST

കോഴിക്കോട്: എച്ച്‌ഐവി ബാധിതരുടെ സംരക്ഷണത്തിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച സ്‌നേഹസ്പര്‍ശം കെയര്‍ സെന്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്.
കെയര്‍ സെന്റ ര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എച്ച്‌ഐവി ബാധിതരുടെ കൂട്ടായ്മയായ കെഎന്‍പി പ്ലസ്സുമായി ചേര്‍ന്ന് കുടുംബസംഗമം സംഘടിപ്പിച്ചു. എച്ച്‌ഐവി ബാധിതരുടെ കുട്ടികള്‍ക്കായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസ്സും കോഴിക്കോട് ഐപിഎമ്മില്‍ ആരംഭിച്ചു.
മായനാട് എ.യു.പി. സ്‌കൂളില്‍ നടന്ന കുടുംബസംഗമം ജിലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റീനാ മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. എയ്ഡ്‌സ് രോഗബാധിതര്‍ക്കായി കോഴിക്കോട് കോര്‍പ്പറേഷന്‍ അനുവദിച്ച മരുന്ന്, പോഷകാഹാരം, പഠനോപകരണങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയ പദ്ധതികളുടെ വിവരണവും വിതരണോദ്ഘാടനവും കൗണ്‍സിലര്‍ പ്രബീഷ്‌കുമാറും കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ റംസി ഇസ്മായിലും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പഠനസഹായങ്ങളും അഞ്ച് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു.
കോഴിക്കോട് ഈസ്റ്റ് റോട്ടറാക്റ്റ് ക്ലബ് പ്രസിഡണ്ട് അമല്‍ കുട്ടികള്‍ക്കായി ഒരു ഔട്ടിഗ്, സിനിമ, ക്യാമ്പ് ഫയര്‍ തുടങ്ങിയ പരിപാടികളും പഠനസഹായങ്ങളും ഒരുക്കി. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ്കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, സെക്രട്ടറി പി.ഡി. ഫിലിപ്പ്. കാനത്തില്‍ ജമീല, ഡോ. ശ്രീകുമാര്‍. ജോസഫ് മാത, കെ. മധുസൂദനന്‍, സക്കീര്‍ കോവൂര്‍, ടി.എം. അബൂബക്കര്‍, സുബൈര്‍ മണലൊടി, ബി.എസ്. സനാഥ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷം മുമ്പാണ് കെയര്‍ സെന്റര്‍ ആരംഭിച്ചത്.
എയ്ഡ്‌സ് രോഗത്താല്‍ ജീവിതം നിഷേധിക്കപ്പെട്ടും, വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടും ഒറ്റപ്പെട്ടുപോയവരുടെ ജീവിത നിലവാരം ഉയര്‍ത്തി അവരോടുള്ള സമൂഹത്തിന്റെ തെറ്റായ കാഴ്ച്ചപ്പാടുകള്‍ മാറ്റിയെടുത്ത് അവരെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.