ഓഖി ദുരിതാശ്വാസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഭാവന നല്‍കില്ല

Wednesday 27 December 2017 10:07 pm IST

 

കോട്ടയം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥന കെഎസ്ആര്‍ടിസി ജീവനക്കാര്‍ തള്ളി. യൂണിയന്‍ വ്യത്യാസമില്ലാതെയാണ് ജീവനക്കാര്‍ ഈ തീരുമാനമെടുത്തത്.
ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരായി കാണുകയും ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാര്യം വരുമ്പോള്‍ കോര്‍പ്പറേഷന്‍ ജീവനക്കാരായി മാത്രം കണക്കാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഒന്നടങ്കം തീരുമാനം കൈക്കൊണ്ടത്.
അതേ സമയം അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തില്‍ പെന്‍ഷന്‍കാരെ സഹായിക്കാന്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കാന്‍ തയ്യാറാണെന്നാണ് യൂണിയന്‍ നേതൃത്വങ്ങള്‍ കെഎസ്ആര്‍ടിസി മാനേജുമെന്റിനെ അറിയിച്ചത്.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രണ്ട് ദിവസത്തെ വേതനമാണ് സംഭവാനയായി ആവശ്യപ്പെട്ടത്. സമ്മതപത്രം നല്‍കുന്നവരുടെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നത്. എന്നാല്‍ ഒരോമാസവും ശമ്പളം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം കൊടുക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.
കെഎസ്ആര്‍ടിസിയോട് സര്‍ക്കാര്‍ ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന തോന്നല്‍ ജീവനക്കാര്‍ക്കുണ്ട്. പെന്‍ഷന്‍ ഏറ്റെടുക്കണമെന്ന ആവശ്യം ധനവകുപ്പ് തള്ളിയത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് അവര്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടന കാലത്ത് മികച്ച നിലയില്‍ സര്‍വീസ് നടത്തി വരുമാനം വര്‍ദ്ധിപ്പിച്ചിട്ടും ചെലവ് നിയന്ത്രിക്കുന്നതില്‍ കെഎസ്ആര്‍ടിസി മാനേജുമെന്റിന് കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിപോലും ഇല്ലാത്ത അവസ്ഥയാണ്. കെഎസ്ആര്‍ടിസിയില്‍ പിന്‍സീറ്റ് ഭരണം നടത്തുന്ന സിഐടിയുവിലും അമര്‍ഷം പുകയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.