തോൽക്കാത്ത ഗുജറാത്ത് മോഡൽ

Thursday 28 December 2017 2:45 am IST

ഗുജറാത്ത് ‘മോഡല്‍’ വികസനം എന്ന സത്യം കോണ്‍ഗ്രസ്സിനും ബിജെപിയെ വിമര്‍ശിക്കുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും അംഗീകരിക്കാന്‍ ഏറെ പ്രയാസമുള്ളതാണ്.
ഗുജറാത്ത് വികസനം സ്വീകാര്യമായ മാതൃകയാണെന്ന് പറഞ്ഞ ജനപ്രതിനിധികള്‍ കേരളത്തിലുണ്ട്. സത്യം പറഞ്ഞവരെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം. ഗുജറാത്തിനെക്കുറിച്ച് സത്യം പറഞ്ഞ ആ നേതാവിനെ അവസാനം സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഗുജറാത്ത് വികസന മാതൃക തെറ്റാണെന്ന് പറയാന്‍ സ്വന്തം മനഃസാക്ഷിയേയും വഞ്ചിക്കാന്‍ ബിജെപി വിരോധികള്‍ക്ക് മടിയില്ല. ജനങ്ങള്‍ പഠിപ്പിക്കുന്ന പാഠത്തില്‍നിന്ന് അവര്‍ക്ക് തിരിച്ചറിവുണ്ടാക്കുന്നില്ലെന്നുവേണം കരുതാന്‍.

ലഭ്യമായ എല്ലാ കണക്കുകളും സസൂക്ഷ്മം വീക്ഷിച്ച് വിമര്‍ശന വിധേയമാക്കാന്‍ രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അഹോരാത്രം പ്രയത്‌നിച്ചു. ഫലമോ, തുടര്‍ച്ചയായ ആറ് തെരഞ്ഞെടുപ്പിലും ദയനീയമായ പരാജയം. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇനി തന്ത്രങ്ങളൊന്നും ബാക്കിയില്ല. ഇപ്പോള്‍ പൊട്ടിമുളച്ച ജാതിരാഷ്ട്രീയത്തിന്റെ യുവമുഖങ്ങളും കോണ്‍ഗ്രസ്സ് ഏറ്റെടുത്തു. നോട്ട് നിരോധനവും ജിഎസ്ടിയും പിന്നെ പട്ടേല്‍മാരുടെ അസന്തുഷ്ടിയും കൂട്ടിക്കുഴച്ച് ബിജെപിക്കെതിരെ പോര്‍മുഖം സൃഷ്ടിച്ചു പോരാടി തോല്‍ക്കേണ്ടി വന്നു. തല്‍ക്കാലം ആശ്വാസത്തിന്ന് ചില്ലറ സീറ്റുകള്‍ കൂടുതല്‍ കിട്ടി.

ജിഎസ്ടിയുള്‍പ്പടെയുള്ള പല കേന്ദ്ര നടപടികളും ഒട്ടനവധി ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിച്ചു എന്ന് പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കിയ കോണ്‍ഗ്രസ്സിന് സംസ്ഥാനത്തെ പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ വോട്ട് നേടാനായില്ല എന്നത് ശ്രദ്ധേയമാണ്. അതുപോലെ ന്യൂനപക്ഷ പ്രദേശങ്ങളിലും ആദിവാസി പ്രദേശങ്ങളിലും കോണ്‍ഗ്രസ്സിന്ഗണ്യമായ വോട്ട് ചോര്‍ച്ചയുണ്ടായി. ഇത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കണം.

സ്വന്തം നിലയില്‍ പൊരുതി കോണ്‍ഗ്രസ്സിന് തിരിച്ചുവരവ് സാധ്യമല്ലെന്ന് തെളിയിച്ച രാഹുലിന് ഹാര്‍ദ്ദിക്, ജിഗ്‌നേഷ്, അല്‍പേഷ് കൂട്ടുകെട്ടിലൂടെ അധികാരം നേടുകവഴി വലിയ ആശ്വാസം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ്സ് നേത്രത്വത്തിന്റെ ആദ്യകണക്കുകൂട്ടല്‍. കോണ്‍ഗ്രസ്സിന്റെ മുഖം രക്ഷിക്കാന്‍ തല്‍ക്കാലം ജാതിരാഷട്രീയംകൊണ്ട് കൂടുതല്‍ സീറ്റ് നേടുന്നതുവഴി പാര്‍ട്ടിക്ക് സാധിച്ചു. പക്ഷേ, കോണ്‍ഗ്രസ്സിന്റെയും രാഹുല്‍ ഗാന്ധിയുടെയും വിജയഗാഥ തുടങ്ങേണ്ടത് ഗുജറാത്തില്‍ നിന്നായിരിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ള ആഗ്രഹം സാധിച്ചില്ല.
ചില കോണ്‍ഗ്രസ്സ് നേതാക്കാള്‍ ഇതിന് പാക്കിസ്ഥാന്‍ സഹായംപോലും തേടിയെന്ന വാര്‍ത്തകളുമുണ്ടായി. മണിശങ്കര്‍ അയ്യരെപ്പോലുള്ള നേതാക്കാള്‍ മോദിയെ മാറ്റാന്‍ പാക്ക് സഹായംകൊണ്ട് സാധിക്കുമെന്ന് വിശ്വസിച്ചു. ഇപ്പോള്‍ നേരിട്ട പരാജയത്തില്‍ നിന്ന് ആത്മപരിശോധന നടത്താന്‍ തയ്യാറാകില്ലെന്നുവേണം ചില നേതാക്കളുടെ പ്രസ്താവനയിലൂടെ മനസ്സിലാക്കാന്‍.

കടുത്ത ബിജെപി വിരോധമുള്ളവര്‍ക്കും ഒരു സത്യമറിയാം; ഗുജറാത്തിന്റെ സാമൂഹ്യസാമ്പത്തിക രംഗത്ത് സമൂലമായ മാറ്റവും, അതിന്റെ സ്ഥിരതയും, അഴിമതി രഹിത ഭരണവും ഉറപ്പുവരുത്താന്‍ ബിജെപി നേതൃത്വത്തിന് മാത്രമേ സാധിക്കൂ. അതുതന്നെയാണ് ബിജെപിയുടെ രാഷ്ട്രീയ വിജയ രഹസ്യവും. കള്ള പ്രചാരണംകൊണ്ട് ഈ അടിത്തറയിളക്കാന്‍ കോണ്‍ഗ്രസ്സിനും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കഴിയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു.
ഗുജറാത്ത് സന്ദര്‍ശിക്കുന്ന വ്യവസായികളും പാശ്ചാത്യ നേതാക്കളും നിക്ഷേപകരും സംസ്ഥാനത്തെക്കുറിച്ച് ഏറെ മതിപ്പോടെ സംസാരിക്കുമ്പോള്‍ മോദി വിരോധം കാരണം പലരും ഗുജറാത്തിനെ ഒരു പരാജയ സംസ്ഥാനമായി കാണാന്‍ ശ്രമിക്കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുളളില്‍ അതിവേഗം വ്യാവസായിക വളര്‍ച്ച നേടിയ ഗുജറാത്ത് മാനവശേഷി വികസനത്തില്‍ വളരാന്‍ ബാക്കിയുണ്ടെന്ന് കണ്ടെത്തി, ഗുജറാത്ത് പരാജയ സംസ്ഥാനമാണെന്ന് രണ്ടുവര്‍ഷം മുന്‍പ് വരെ പ്രചാരണം നടത്തി. പിന്നെ ഗ്രാമങ്ങളില്‍ വൈദ്യുതിയും വെള്ളവുമില്ലെന്ന് കള്ളപ്രചാരണവും. എന്നാല്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ അതുവഴി കടന്നുപോകുകയോ ചെയ്യുന്ന ഒരാള്‍ കാണുന്ന വഴിയോരങ്ങളിലെ രംഗം വികസിത ഭാരതത്തിന്റെ അഭികാമ്യമായ മാതൃക ഇതായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടാണ് തെരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായ ആറാം തവണയും ജാതി സമവാക്യങ്ങളെയെല്ലാം തൂത്തെറിഞ്ഞ് ബിജെപി ഭരണത്തെ ജനങ്ങള്‍ നിലനിര്‍ത്തിയത്. നോട്ട് നിരോധനത്തിലും, ചരക്ക് സേവന നികുതി നടപ്പാക്കിയതിലും സാധാരണക്കാരും ചെറുകിട കച്ചവട സ്ഥാപനങ്ങളും ദുരിതമനുഭവിച്ചുവെന്ന് കൊട്ടിപാടി തിരിച്ചുവരാന്‍ സാധിച്ചാല്‍, അതിന്റെ നേട്ടം രാഹുല്‍ ഗാന്ധിയുടെ സ്ഥാനകയറ്റത്തിന്റെ പ്രതിപലനമായി ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പാണ് തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം തകര്‍ന്നത്.

ഇത്തവണ ഗുജറാത്തില്‍ വിജയിച്ചാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പ് ഇപ്പോള്‍തന്നെ വിജയിച്ചുവെന്ന് കോണ്‍ഗ്രസ്സിനും തങ്ങളെ സ്തുതിക്കുന്ന മാധ്യമങ്ങള്‍ക്കും കൊട്ടിഘോഷിക്കാമായിരുന്നു. ഒരര്‍ത്ഥത്തില്‍ തുടര്‍ച്ചയായി ആറാംതവണ ഒരു സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്നത് കഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളില്‍ ഗുജറാത്തിലല്ലാതെ മറ്റെങ്ങും സംഭവിക്കാത്തതാണ്. ഈ അസാധാരണത്വവും ജാതി സമവാക്യങ്ങളും കൂടിച്ചേരുമ്പോള്‍ ഭരണമാറ്റം സാധിക്കേണ്ടതാണെങ്കിലും ഗുജറാത്തില്‍ അത് നടന്നില്ല. കാരണം മറ്റൊന്നുമല്ല, ജനങ്ങള്‍ അംഗീകരിക്കുന്ന മാതൃകാ വികസനം തന്നെ.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ വാനോളം ഉയര്‍ന്നുനില്‍ക്കുകയായിരിന്നു. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കുറിനുശേഷം കോണ്‍ഗ്രസ്സ് മുന്നിട്ട് നില്‍ക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് പരിസരത്ത് വെടിക്കെട്ടു നടന്നു. മാധ്യമങ്ങളില്‍ വിശകലനത്തിന്റെ ദിശമാറി വന്നു. 1985 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 182ല്‍ 149 സീറ്റ് നേടി സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ച കോണ്‍ഗ്രസ്സ് ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുകയുണ്ടായി. എന്നാല്‍ അതിനുശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് അധികാരം ഒരു സ്വപ്‌നം മാത്രമായിരുന്നു.

1990 ല്‍ കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ടു. പിന്നീടുവന്ന എല്ലാ തെരഞ്ഞെടുപ്പിലും അധികാരം പിടിക്കാന്‍ പഠിച്ച എല്ലാ അടവുകളും പ്രയോഗിച്ചു, പരാജയപ്പെട്ടു. പക്ഷേ, അധികാരം നഷ്ടപ്പെടുമ്പോള്‍ ഭൂരിപക്ഷം നേടിയ സര്‍ക്കാരിനെ ഏത് ചെകുത്താന്റെ സഹായത്തോടെ ആയാലും അസ്ഥിരപ്പെടുത്തുക എന്ന തനതായ ശൈലി കോണ്‍ഗ്രസ്സ് കൈവിട്ടില്ല. ആശയപരമായി കോണ്‍ഗ്രസ്സിന് ഒരിക്കലും സ്വീകാര്യനല്ലാത്ത ശങ്കര്‍ സിങ് വാഗേലയെ ഉപയോഗിച്ച് 1995 മാര്‍ച്ചില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ബിജെപി ഭരണത്തെ 19 മാസംകൊണ്ട് താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന്ന് കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപിയെ പിളര്‍ത്തി തന്നോടൊപ്പം വന്ന 47 എംഎല്‍എമാരുമായി വഗേല രാഷ്ട്രീയ ജനതാ പാര്‍ട്ടി (ആര്‍ജെപി) എന്ന പാര്‍ട്ടിയുണ്ടാക്കി 61 കോണ്‍ഗ്രസ് എംഎല്‍എമാരുടെ സഹായത്തോടെ 1996 ഒക്ടോബറില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഒരു വര്‍ഷത്തിനുശേഷം അധികാരം ദിലീപ് പരീഖിന് കൈമാറി. നാല് മാസത്തെ ഭരണത്തിനുശേഷം നിയമസഭ പിരിച്ചുവിട്ടു പുതിയ തെരഞ്ഞെടുപ്പ് നടന്നു.

ആ തെരഞ്ഞെടുപ്പിന് മുന്‍പ് വഗേലയുടെ രാഷ്ട്രീയ ജനത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിച്ച് ഗുജറാത്തില്‍ വാഗേല കോണ്‍ഗ്രസ്സിന്റെ മുഖമായി നിന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നു. പിന്നീട് ഒരു തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയെ കൈവിട്ടില്ല. ഗുജറാത്ത് മാതൃക വികസനത്തിന്ന് ഇതിലും വലിയ സ്വകാര്യത സംസ്ഥാനത്തിന്റെ പുറത്തുനിന്ന് ആവശ്യമാണോ? മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ്സിന് ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ വാഗേല, മഹാരാഷ്ട്രയിലെ ഗുരുദാസ് കാമത്തിനെയും മറ്റുംപോലെ പാര്‍ട്ടി വിട്ട് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു.

1960ല്‍ ഗുജറാത്ത് സംസ്ഥാന രൂപീകരണത്തിനുശേഷം 1975 ജൂണ്‍ മാസം മുതല്‍ രണ്ട് തവണയായി മൂന്നര വര്‍ഷത്തോളം ബാബു ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍ ഒഴിച്ചാല്‍ 30 ലേറെ വര്‍ഷം സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ്സായിരുന്നു. കോണ്‍ഗ്രസ്സ് ദുര്‍ഭരണത്തിന്റെ ചരിത്രം മറക്കാത്ത ഒരു തലമുറ സംസ്ഥാനത്ത് ഇപ്പോഴും ബാക്കിയുണ്ട്.
ആദ്യം ഗുരുദാസ് കാമത്തിനായിരുന്നു ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഉത്തരവാദിത്വം. കാമത്ത് സ്ഥാനമൊഴിഞ്ഞപ്പോള്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി, അശോക് ഗെഹ്‌ലോട്ടിനെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ഗെഹ്ലോട്ടിന് നന്നായി അറിയാമായിരുന്നു, ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിക്കാനാവില്ലെന്ന്.

പക്ഷേ ഒഴിഞ്ഞുമാറാന്‍ സാധിച്ചില്ല. രാജസ്ഥാനില്‍ ഗെഹ്‌ലോട്ട് വിരുദ്ധ പക്ഷക്കാരായ സി.പി. ജോഷിയും, ഫറൂക്ക് അബ്ദുള്ളയുടെ മരുമകനായ സച്ചിന്‍ പൈലറ്റും കളിച്ച അന്തര്‍നാടകത്തിന്റെ ഫലമാണ് ഗെഹ്ലോട്ടിനെക്കൊണ്ട് ഭാരിച്ച ഗുജറാത്ത് ഉത്തരവാദിത്വം ഏറ്റെടുപ്പിച്ചതെന്ന് ഗെഹ്ലോട്ട് പക്ഷക്കാര്‍ വിശ്വസിക്കുന്നു. മാര്‍വാഡ് മേഖലയില്‍ സ്വാധീനമുള്ള ഗെഹ്‌ലോട്ട് ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് തിരിച്ചുവന്നാല്‍ രാജസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുകയായിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാനില്‍ ഗെഹ്ലോട്ട് തോല്‍പ്പിക്കുന്നത് സി.പി. ജോഷിയേയും രാഹുലിന്റെ വിശ്വസ്തന്‍ സച്ചിന്‍ പൈലറ്റിനെയും ആകുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.