ചവറ പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അഴിഞ്ഞാട്ടം

Thursday 28 December 2017 12:05 pm IST

ചവറ: പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അതിക്രമത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറി അനിലിനെതിരെ ചവറ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനില്‍ ചവറ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാദിയെയും പ്രതിഭാഗത്തേയും സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോഴാണ് സ്റ്റേഷനില്‍ സംഭവബഹുലമായ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഭാഗത്തിന് വേണ്ടി സ്റ്റേഷനില്‍ വന്ന ഡിവൈഎഫ്‌ഐ ചവറ ഏരിയ സെക്രട്ടറിക്ക് ഭരണാനുകൂല പരിഗണന എസ്‌ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ആരോപിച്ച് അനിലിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ സംഘം എസ്‌ഐയുടെ റൂമിലേക്ക് തള്ളിക്കയറുകയും കേസും അന്വേഷണവുമൊക്കെ ഞങ്ങള്‍ പറയുതുപോലെ മതിയെന്ന് ആക്രോശിച്ച്, അതിനുവേണ്ടിയാണ് തന്നെ ഇവിടെ ഇരുത്തിയിരിക്കുതെന്നും പറഞ്ഞ് കേട്ടാല്‍ അറപ്പുളവാക്കുന്നവിധം അസഭ്യം പറയുകയും എസ്‌ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അരമണിക്കൂറോളം സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്റ്റേഷന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും പോലീസ് നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. ഇത്രയൊക്കെ സംഭവവികാസം ഉണ്ടായിട്ടും കേസ് ഒതുക്കിതീര്‍ക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമം സംഭവം വിവാദമായതോടുകൂടി പൊളിയുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഐപിസി 506, 117 (ഇ) കെ പി, 407, 294 എന്നീ സെക്ഷനുകളിട്ട് അനിലിനെ കൂടാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അശ്വന്‍, രതീഷ്, ദീപു, ബേബി, രാഹുല്‍, മഹേഷ്, ജിതിന്‍ പത്രോസ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. ഒരുമാസം മുമ്പ് ചവറയില്‍ നടന്ന സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിന് സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റിയ ആളാണ് ചവറ എസ്‌ഐ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.