നിലമ്പൂര്‍ വെടിവയ്പ്: കുറ്റപത്രം മൂന്നുമാസത്തിനുള്ളില്‍

Thursday 28 December 2017 12:36 pm IST

 

മലപ്പുറം: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുമാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കും. ശേഖരിച്ച വസ്തുക്കളിന്മേല്‍ ഡി എന്‍ എപരിശോധന കൂടി പൂര്‍ത്തിയാക്കാനുണ്ട്.പരിശോധനാഫലം ലഭിച്ച ശേഷമാവും കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജന്‍, സംസ്ഥാന നേതാവ് അജിത എന്നിവരാണ് മരിച്ചത്. ബാലിസ്റ്റിക് പരിശോധന പൂര്‍ത്തിയായി. ഏത് തോക്കില്‍നിന്ന് വെടിയുതിര്‍ത്തു, എത്ര റൗണ്ട് വെടിവെച്ചു, ഏത് തരം ഉണ്ടയാണ് ഉപയോഗിച്ചത് തുടങ്ങിയ വിദഗ്ദ്ധ പരിശോധന പൂര്‍ത്തിയാക്കി. സൈബര്‍ വിഭാഗത്തിന്റെ അന്വേഷണവും പൂര്‍ത്തിയായി.

മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചുപോയ ലഘുലേഖകളും കത്തുകളും ലേഖനങ്ങളും മറ്റും തൃശൂരിലുള്ള കയ്യെഴുത്ത് വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധിച്ചു. ക്യാമ്ബില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചുപോയ സ്‌ഫോടനസാധ്യതയുള്ള സാധനങ്ങളുടെ പരിശോധനകളും പൂര്‍ത്തിയായി.

എന്നാല്‍ 300ലധികം വരുന്ന സാധനങ്ങളുടെ ഡി എന്‍ എ പരിശോധന പൂര്‍ത്തിയാകാനുണ്ട്. തിരുവനന്തപുരത്തെ കേന്ദ്രത്തിലാണ് പരിശോധന. നിലവില്‍ രണ്ട് പ്രതികളാണ് കേസിലുള്ളതെങ്കിലും ഡി എന്‍ എ പരിശോധനാഫലം പുറത്ത് വരുന്നതോടെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.