ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഫേസ്ബുക്ക്. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ആധാറില്‍ രേഖപ്പെടുത്തിയ പേര് ചോദിച്ചത് പരീക്ഷണം മാത്രമായിരുന്നുവെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഈ പരീക്ഷണം മുന്നോട്ടു കൊണ്ടുപോവാന്‍ ഫേസ്ബുക്കിനു പദ്ധതിയില്ലെന്നും കമ്പനി പ്രതിനിധി ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചു.
പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാര്‍ കാര്‍ഡിലെ പേര് നല്കാന് ഫേസ്ബുക്ക് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നായിരുന്നു ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം. മൊബൈല്‍ ഫോണിലൂടെ അക്കൗണ്ട് ആരംഭിക്കുന്നവരോടാണ് ആധാറിലെ പേരുതന്നെ നല്കാന് ഫേസ്ബുക്ക് ആവശ്യപ്പെട്ടത്.
യുഎസ് കഴിഞ്ഞാല്‍ ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 24.1 കോടി അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇതില്‍ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്ന വിവരം മറ്റൊരു സമൂഹമാധ്യമമായ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത് എന്നതാണ് വൈരുദ്ധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: