മരണത്തിനുമപ്പുറത്തേക്ക് അവര്‍

Thursday 28 December 2017 9:03 pm IST

കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയര്‍. പ്രതിഭയുടെയും പ്രയത്‌നവും വഴി പ്രസിദ്ധിയും തിളക്കവും നേടിയവര്‍. അവര്‍ക്ക് മരണമില്ല, ഓര്‍മ്മകളിലൂടെ ജീവിക്കും.

സിനിമാ ലോകത്ത് 2016 ലെ നഷ്ടങ്ങളുടെ തുടര്‍ച്ചയായിരുന്നു 2017. ഓംപുരിയെന്ന മഹാനടന്‍ ജനുവരിയില്‍ അന്തരിച്ചു. തുടര്‍ന്ന് ഒട്ടേറെ പ്രതിഭകള്‍..

ഓം പുരി

ഗ്ലാമറിന്റെ ലോകമായ ബോളിവുഡില്‍ പ്രതിഭയുടെ കരുത്തറിയിച്ച നടനാണ് ഓംപുരി. ചോക്ളേറ്റ് മുഖമുള്ള നായികാനായകന്മാര്‍ അരങ്ങുവാഴുന്ന കാലത്ത് ഹിന്ദി സിനിമയില്‍ കഴിവിനും സ്ഥാനമുണ്ടെന്ന് ഓംപുരി തെളിയിച്ചു. മറാത്തി നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തമായ സാന്നിധ്യമായി. ഉറച്ച ശബ്ദവും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും നടനുചേര്‍ന്ന ശരീര ഭാഷയുമെല്ലാം ഓംപുരിയെ ഇന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട നടനാക്കി. ജനുവരി ആറിന് അന്തരിച്ചു, 1950 ഒക്‌ടോബര്‍ 18ന് അംബാലയില്‍ഇ ജനിച്ചു.

1981ല്‍ ശ്യാം ബെനഗലിന്റെ ‘ആരോഹനി’ല്‍ ബംഗാളിലെ ദരിദ്ര കര്‍ഷകന്റെ ജീവിതത്തെ അവതരിപ്പിച്ച ഓംപുരിയെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. ഒരു വര്‍ഷത്തിനു ശേഷം ‘അര്‍ദ്ധസത്യ’യിലൂടെ ഒരിക്കല്‍ കൂടി വീണ്ടും ദേശീയ പുരസ്‌കാരം. ‘അര്‍ദ്ധസത്യ’യിലെ പൊലീസ് കഥാപാത്രം ഇന്‍സ്‌പെക്ടര്‍ അനന്ത് വേലങ്കാര്‍, ഓംപുരിയുടെ അഭിനയ ജീവത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം 1988ല്‍ പുരാവൃത്തത്തിലും ആ വര്‍ഷം തന്നെ സംവത്സരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചു. 2016ല്‍ ജയറാമിനൊപ്പം ആടുപുലിയാട്ടത്തിലും ശ്രദ്ധേയ വേഷവുമായി പ്രേക്ഷക മസ്സുകളെ കീഴടക്കി. 66-ാം വയസില്‍ അരങ്ങൊഴിഞ്ഞെങ്കിലും തന്റെ അഭിനയപാടവത്തിന്റെ വെളിച്ചത്തില്‍ ആ പരുക്കന്‍ മുഖം എന്നും തെളിഞ്ഞു നില്‍ക്കും.

വിനോദ് ഖന്ന

ബോളിവുഡ് സിനിമയില്‍ എഴുപതുകളെ ത്രസിപ്പിച്ച വിനോദ് ഖന്ന 2017 ഏപ്രില്‍ 27 ന് അന്തരിച്ചു. 1946 ഒക്‌ടോബര്‍ 6ന് ഇന്നത്തെ പാകിസ്ഥാനിലെ പെഷവാറില്‍ ജനിച്ചു. അരങ്ങേറ്റം വില്ലനായി. 1968ല്‍ ഇറങ്ങിയ അധ്രുതി സുബ്ബ റാവു സംവിധാനം ചെയ്ത ‘മന്‍ കാ മീത്ത്’ ആയിരുന്നു ആ ചിത്രം. വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളില്‍ തിളങ്ങി നിന്ന ഖന്നയ്ക്ക് ബ്രേക്കായത് 1971 ല്‍ ഇറങ്ങിയ ‘ഹം തും ഔര്‍ വോ’ ആയിരുന്നു. മേരാ ഗാവ് മേരാ ദേശ്, അചാനക്, ഇമ്തിഹാന്‍, അമര്‍ അക്ബര്‍ ആന്റണി…ഇങ്ങനെ നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലെഴുതിച്ചേര്‍ക്കാന്‍ ഖന്നയ്ക്ക് കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ അമിതാഭ് ബച്ചന്റെ എതിരാളി എന്ന വിശേഷണവുമുണ്ട് വിനോദ് ഖന്നയ്ക്ക്.

രാഷ്ട്രീയ മാന്യതയുടെ മാതൃകയായിരുന്ന അദ്ദേഹം ബിജെപി എംപിയായിരുന്നു; നാലു തവണ. കേന്ദ്രമന്ത്രിയുമായിരുന്നു. കാലം തീര്‍ത്ത യവനികയിലേയ്ക്ക് മറയേണ്ടി വന്നെങ്കിലും ഓര്‍മ്മകളിലെ ഇരമ്പമായി അദ്ദേഹം നിറഞ്ഞ് നില്‍ക്കും.

വിനു ചക്രവര്‍ത്തി

പേരിനൊപ്പമുള്ള ചക്രവര്‍ത്തിയെ അന്വര്‍ത്ഥമാക്കും വിധമുള്ള നടനവൈഭവം. ആയിരത്തിലേറെ സിനിമകള്‍ തന്റെ നിറ സാന്നിധ്യത്താല്‍ അനശ്വരമാക്കിയ നടന്‍, ഏപ്രില്‍ 27 ന് അന്തരിച്ചു. 1945 ഡിസംബര്‍ 15ന് ഉസിലാംപട്ടിയില്‍ ജനിച്ചു. തമിഴ് ചുവയുള്ള ആ മലയാളത്തിലൂടെ വില്ലന്റെയും സ്വഭാവ നടന്റേയും ഹാസ്യ നടന്റേയും വേഷങ്ങള്‍ ചെയ്തപ്പോള്‍ മലയാളിയല്ലാത്ത മലയാളിയായി മാറുകയായിരുന്നു വിനു. മുപ്പതോളം മലയാള സിനിമകളില്‍ അഭിനയിച്ച വിനുവിന്റെ ആദ്യ മലയാള ചിത്രം ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം സംഘമായിരുന്നു. അത് വന്‍ ഹിറ്റായി. മേലേപ്പറമ്പില്‍ ആണ്‍വീട്, രാജധാനി, കിടിലോല്‍ക്കിടിലം തുടങ്ങിയ അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിലനില്‍ക്കുന്നു.

ഐ. വി. ശശി

മലയാള സിനിമയെ പ്രേക്ഷകന് ഏറെ പ്രിയപ്പെട്ടതാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കലാകാരനാണ് ഐ.വി. ശശി. സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ തീയറ്ററിനുള്ളില്‍ ആരവങ്ങളുയര്‍ന്നിരുന്നതും അദ്ദേഹത്തിനുവേണ്ടിയാണ്. പില്‍ക്കാലത്ത് സൂപ്പര്‍താരങ്ങള്‍ക്കുപോലും ലഭിക്കാത്ത സ്വീകാര്യത ആസ്വാദകരില്‍നിന്ന് ലഭിച്ച ഏകസംവിധായകനും അദ്ദേഹമാണ്.

സൂപ്പര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുന്നതിലെന്നപോലെ സൂപ്പര്‍ താരങ്ങളെ സൃഷ്ടിക്കുന്നതിലും ശശി നിര്‍ണ്ണായക പങ്കുവഹിച്ചു. മധുവും ജയനും സോമനും സുകുമാരനും വിന്‍സെന്റും ജോസും രവികുമാറും രതീഷും തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും വരെയുള്ള നടന്മാര്‍ വന്‍ താരങ്ങളായത് ഐ.വി. ശശിയുടെ ചിത്രങ്ങളിലൂടെയാണ്. അവളുടെ രാവുകള്‍ മലയാള സിനിമയുടെ വഴിതിരിച്ചു. കമലഹാസന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ഈറ്റ’ എന്ന ചിത്രവും ശശിയുടേതായിരുന്നു. രജനീകാന്തിനെ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശശി മലയാളത്തില്‍ അവതരിപ്പിച്ചു. ഒക്‌ടോബര്‍ 24ന് അന്തരിച്ചു. 1948 മാര്‍ച്ച് 28ന് കോഴിക്കോട്ട് ജനിച്ചു.

മലയാള സിനിമയില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചതും ഐ.വി. ശശിയായിരുന്നു. ചെറിയ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുകയും ചെറിയ ലാഭങ്ങളില്‍ സന്തോഷിക്കുകയും ചെയ്തിരുന്ന മലയാള സിനിമാ വ്യവസായത്തെ വലിയ കാന്‍വാസിലേക്ക് വളര്‍ത്താന്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ക്കായി. രാഷ്ട്രീയവും പോലീസും പത്രപ്രവര്‍ത്തനവും എന്നുവേണ്ട കൊള്ളയും കൊള്ളിവയ്പ്പും വര്‍ഗ്ഗീയതയുമെല്ലാം ശശിയുടെ സിനിമയ്ക്കുള്ള വിഷയങ്ങളായി. ആസ്വാദകക്കൂട്ടത്തെ സിനിമാതീയറ്ററുകളുടെ ആരവങ്ങളാക്കിയ ഐ.വി. ശശി സിനിമകളാണ് ഈ വ്യവസായത്തെ പിടിച്ചുനിര്‍ത്തിയത്. സംവിധാനം ചെയ്ത നൂറ്റിയമ്പതോളം സിനിമകളിലൂടെ അദ്ദേഹം ഓര്‍ക്കപ്പെടും.

പുനത്തില്‍ കുഞ്ഞബ്ദുള്ള

ജീവിതത്തിലും സാഹിത്യരചനയിലും വ്യത്യസ്തത പുലര്‍ത്തുകയും, വായനക്കാരെ എന്നും അദ്ഭുതപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. തൊഴില്‍പരമായി ഡോക്ടര്‍ ആയിരുന്നെങ്കിലും കഥ പറയാന്‍വേണ്ടി മാത്രം ജനിച്ചയാളായിരുന്നു അദ്ദേഹം. വ്യക്തി-തൊഴില്‍ അനുഭവങ്ങളില്‍നിന്ന് സ്വാംശീകരിച്ച കരുത്തിലിരുന്നാണ് അദ്ദേഹം കഥകളും നോവലുകളുമെഴുതിയത്. മലയാളിക്ക് അതെല്ലാം ഏറെ പ്രിയപ്പെട്ടതായി. ഒക്‌ടോബര്‍ 27 ന് അന്തരിച്ചു. 1940 ഒക്‌ടോബര്‍ മൂന്നിന് വടകരയില്‍ ജനിച്ചു.

മലയാള സാഹിത്യത്തില്‍ ആധുനിക പ്രവണത സക്രിയമായകാലത്താണ് കുഞ്ഞബ്ദുള്ള എഴുത്തിലെത്തുന്നത്. എന്നാല്‍ ആധുനികതയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നില്ല അദ്ദേഹം. സ്വന്തമായ ശൈലിയും ഇടവും കണ്ടെത്തി. നോവലുകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍, ആത്മകഥ എന്നിങ്ങനെ പല സാഹിത്യ വിഭാഗങ്ങളില്‍ 75 വയസിനിടെ 40 ലധികം പുസ്തകങ്ങള്‍ എഴുതി. ഓരോന്നും ഓരോ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ സൃഷ്ടിക്കുകയുമുണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രാഷ്ട്രീയത്തിലും കുഞ്ഞബ്ദുള്ളയുടെ അടയാളം ചേര്‍ത്തു.

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍

പ്രതിഭയും പാണ്ഡിത്യവും തികഞ്ഞ ജ്ഞാനിയായിരുന്നു പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. ഭാരതീയ ദര്‍ശനങ്ങളിലും സാഹിത്യത്തിലും മാത്രമല്ല, ജ്യോതിഷം, വൈദ്യം എന്നിവയിലും വിശ്വംഭരന്‍ മാഷിന് അഗാധ ജ്ഞാനം ഉണ്ടായിരുന്നു. വാല്‍മീകിയും വ്യാസനും കാളിദാസനും അദ്ദേഹത്തിന്റെ ജീവിത പ്രചോദനങ്ങളായിരുന്നു. പാശ്ചാത്യ-പൗരസ്ത്യ തത്ത്വചിന്തയും സാഹിത്യവുമെല്ലാം വശമായിരുന്നു. വാഗ്മി, എഴുത്തുകാരന്‍, അദ്ധ്യാപകന്‍ എന്നുവേണ്ട ബഹുമുഖ പ്രതിഭയായിരുന്ന പ്രൊഫ. തുറവൂര്‍ ഒക്‌ടോബര്‍ 20ന് അന്തരിച്ചു. 1943 സെപ്തംബര്‍ അഞ്ചിന് ചേര്‍ത്തല,തുറവൂരില്‍ ജനിച്ചു.

‘മഹാഭാരത ദര്‍ശനം, പുനര്‍വായന’ എന്ന കൃതി ഭാരതീയ ദര്‍ശനങ്ങളിലും മഹാഭാരതത്തിലും അദ്ദേഹം നേടിയ അഗാധമായ പാണ്ഡിത്യത്തിന്റെ നിദര്‍ശനമാണ്. അമൃത ചാനലില്‍ അദ്ദേഹം നടത്തിയ മഹാഭാരത ദര്‍ശനം പ്രഭാഷണത്തിന് സമാനത ലോകത്തില്ല. ദീര്‍ഘനാള്‍ തപസ്യ അദ്ധ്യക്ഷനായിരുന്നു. ജന്മഭൂമിയുടെ മുഖ്യപത്രാധിപരായിരുന്നു.

ടോം ആള്‍ട്ടര്‍

ഹോളിവുഡിലും ബോളിവുഡിലും ഉള്‍പ്പടെ വിവിധ ഭാഷകളിലായി 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ടോം ആള്‍ട്ടര്‍ നിരവധി മേഖലകളില്‍ സ്വന്തം മേല്‍വിലാസം അടയാളപ്പെടുത്തിയിട്ടുണ്ട്. ത്വക് കാന്‍സറായി മരിക്കുമ്പോള്‍ 67 വയസായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭയെ മാനിച്ച് 2008ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. സെപ്തംബര്‍ 29ന് അന്തരിച്ചു. 1950 ജൂണ്‍ 22 ന് മുസോറിയില്‍ ജനിച്ചു.

അമേരിക്കന്‍ വംശജനായി ജനിച്ച് ഇന്ത്യയെ മനസില്‍ കുടിയിരുത്തിയ നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍ വിടപറയുമ്പോള്‍ ഒരു ബഹുമുഖ പ്രതിഭയുടെ നഷ്ടമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്കുള്ളത്. പുസ്തകമെഴുത്ത്, ചാനല്‍, സിനിമ, നാടകം എന്നീ രംഗങ്ങളില്‍ വ്യത്യസ്തത കൊണ്ടാണ് ആള്‍ട്ടര്‍ വേറിട്ടു നിന്നത്. മൂന്നു പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അമേരിക്കന്‍ വംശജരുടെ കുടുംബത്തിലെ അംഗമായി മുസൂറിയില്‍ 1950ല്‍ ജനിച്ച ടോം ആള്‍ട്ടര്‍ 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തിന് സ്വര്‍ണ്ണ മെഡലോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. 1976 ല്‍ റിലീസായ ചരസ് ആയിരുന്നു ആദ്യചിത്രം. രാമാനന്ദസാഗര്‍ നിര്‍മിച്ച ഈ ചിത്രം ഹിറ്റായിരുന്നു. ആസാമീസ്, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രിയദര്‍ശന്റെ ബിഗ് ബജറ്റു ചിത്രമായ ‘കാലാപാനി’യിലും അടുത്തിറങ്ങിയ ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിലും ആള്‍ട്ടര്‍ അഭിനയിച്ചു.

മാര്‍ഷല്‍ അര്‍ജന്‍ സിംഹ്

മാര്‍ഷല്‍ അര്‍ജന്‍ സിംഹ്, പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യയുടെ വ്യോമസേനയെ ഐതിഹാസികമായ വിജയത്തിലേക്ക് നയിച്ച വ്യോമസേനാ മാര്‍ഷല്‍. 1965ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍, അന്ന് 44കാരനായിരുന്ന അര്‍ജന്‍ സിംഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യോമസേനയെ വിജയത്തിലേക്ക് നയിച്ചത്. കരസേനയിലെ ഫീല്‍ഡ് മാര്‍ഷലിന് തുല്യമായ മാര്‍ഷല്‍ പദവി നല്‍കിയാണ് വ്യോമസേന അര്‍ജന്‍ സിംഹിനെ ആദരിച്ചത്. 1969ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച അദ്ദേഹം 60 തരത്തിലുള്ള യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. വ്യോമസേനയുടെ ബംഗാളിലെ വ്യോമ ആസ്ഥാനത്തിന്റെ പേരും അര്‍ജന്‍ സിംഹ് എയര്‍ഫോഴ്സ് സ്‌റ്റേഷന്‍ എന്നാണ്. 1919ല്‍ പാക് പഞ്ചാബിലെ ലൈല്‍പൂരിലെ സൈനിക കുടുംബത്തില്‍ ജനിച്ച അര്‍ജന്‍ സിംഹ് 1938ലാണ് വ്യോമസേനയുടെ ഭാഗമായത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബര്‍മ്മയില്‍ യുദ്ധത്തിന്റെ ഭാഗമായി. 1944ല്‍ ജപ്പാനെതിരെയും യുദ്ധവിമാനങ്ങള്‍ പറത്തി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ നടക്കുമ്പോള്‍ നൂറിലേറെ വരുന്ന ഇന്ത്യന്‍ വ്യോമസേനാംഗങ്ങളെ നയിച്ച് റൂട്ട് മാര്‍ച്ച് ചെയ്തത് അര്‍ജന്‍ സിംഹ് ആയിരുന്നു.

റീമ ലാഗൂ

ഹിന്ദി സിനിമയില്‍ 90 കളില്‍ അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് താരമാണ് റീമ ലാഗു. 1979 ല്‍ പുറത്തിറങ്ങിയ ‘സിംഹാസന്‍’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം. തുടര്‍ന്ന് ടീവി സീരിയലുകളിലും 100ല്‍ അധികം ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. നിരവധി സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രങ്ങളിലെ അമ്മ വേഷങ്ങള്‍ ചെയ്താണ് റീമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. ആമിര്‍ ഖാന്റെ ആദ്യ ചിത്രമായ ‘ഖ്വയാമത്ത് സെ ഖ്വയാമത്ത് തഖ് 1988, ‘ സല്‍മാന്‍ ഖാന്റെ ആദ്യ ചിത്രം ‘മേനേ പ്യാര്‍ കിയാ- 1989 ‘ എന്നിവയില്‍ അമ്മവേഷം ചെയ്തു. കൂടാതെ ‘ആഷിഖി,’ ‘ഹം ആപ്കേ ഹേ കോന്‍,’ ‘വാസ്തവ്’ എന്നിവയിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു. നയന്‍ ഭാദ്ഭടെ എന്നാണ് യഥാര്‍ത്ഥ പേര്, സിനിമയില്‍ വന്നാണ് റീമ എന്ന പേര് സ്വീകരിച്ചത്. മറാത്തി നടന്‍ വിവേക് ലാഗൂവിനെ വിവാഹം കഴിച്ച ശേഷം റീമ ലാഗൂ എന്ന് അറിയപ്പെടാന്‍ തുടങ്ങി. അഭിനേത്രിയും സംവിധായികയുമായ മൃണ്‍മയി മകളാണ്. മെയ് 18 ന് അന്തരിച്ചു. 1958 ജൗണ്‍ 21 ന് മുംബൈയില്‍ ജനിച്ചു.

തൊടുപ്പുഴ വാസന്തി

നാടകത്തിലൂടെത്തി മൂന്നരപ്പതിറ്റാണ്ട് സിനിമാ ലോകത്ത് നിലയുറപ്പിച്ച കലാകാരി. കലാകാരിയെന്ന നിലയില്‍ പേരെടുത്തെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതയ്ക്കൊപ്പം ദുരിതങ്ങളും നോവുകളുമാണ് അന്ത്യനാളുകളില്‍ വാസന്തിക്ക് കൂട്ടായുണ്ടായിരുന്നത്. 1982ല്‍ ഇറങ്ങിയ ‘കക്ക’യാണ് വാസന്തി ആദ്യമായി അഭിനയിച്ച മുഴുനീള ചിത്രം. അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരിടുന്നത്. കെ.ജി. ജോര്‍ജിന്റെ ‘യവനിക’ എന്ന സിനിമയിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തി. ടെലിവിഷന്‍ പരമ്പരകളിലും നൂറിലധികം നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ ‘ഇത് താന്‍ടാ’ പോലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നാണ് നവംബര്‍ 28ന് വാസന്തി അന്തരിച്ചത്. 1952 ലാണ് ജനനം.

ഇ. ചന്ദ്രശേഖരന്‍ നായര്‍

ആദര്‍ശം അധികാരത്തിന് പണയംവെക്കുന്നതായി കാണുന്ന സമകാലീന രാഷ്ട്രീയത്തില്‍ ഇ. ചന്ദ്രശേഖരന്‍ നായരെപ്പോലുള്ളവര്‍ വ്യത്യസ്തരാണ്. നല്ല കമ്യൂണിസ്റ്റുകാരനും ലാളിത്യത്തിന്റെ പ്രതീകവുമായിരുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ മനസിലാക്കിയിരുന്നു. നിരവധി പുസ്തകങ്ങള്‍ എഴുതി.സിപിഐ അംഗമായ അദ്ദേഹം ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായി. കേരളത്തില്‍ ആദ്യമായി മാവേലി സ്റ്റോര്‍ ശൃംഖല തുടങ്ങിയത് ചന്ദ്രശേഖരന്‍ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്താണ്. 1957ലെ ആദ്യ നിയമസഭയില്‍ ചന്ദ്രശേഖരന്‍ അംഗമായിരുന്നു. സിപിഐയുടെ ദേശീയ കണ്‍ട്രോള്‍ കമ്മീഷനിലും അംഗമായിരുന്നു. നവംബര്‍ 29ന് അന്തരിച്ചു. 1928 ഡിസംബര്‍ രണ്ടിന് ജനിച്ചു.

പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് ദാസ് മുന്‍ഷി നവംബര്‍ 20ന് അന്തരിച്ചു. 1945 നവംബര്‍ 13ന് ബംഗ്ലാദേശിലാണ് ജനിച്ചത്.
2008 ല്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കെയുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1971 ല്‍ പശ്ചിമബംഗാളില്‍ നിന്നാണ് മുന്‍ഷി ആദ്യമായി ലോക്സഭയിലെത്തിയത്. 2004 ല്‍ യുപിഎ മന്ത്രിസഭാ കാലത്താണ് കേന്ദ്രമന്ത്രിയായത്. മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ 2004 മുതല്‍ 2008 വരെ പാര്‍ലമന്റെറി കാര്യ-വാര്‍ത്താ വിനിമയ മന്ത്രിയായി. 20 വര്‍ഷം ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായിരുന്നു. ഫിഫ ലോകകപ്പ് മത്സരത്തില്‍ മാച്ച് കമീഷണറായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യക്കാരനും രഞ്ജന്‍ ദാസ് മുന്‍ഷിയായിരുന്നു.

കലാഭവന്‍ അബി

ശബ്ദം അനുകരിച്ചും അഭിനയിച്ചും പ്രേക്ഷകരെ നേടിയ നടനും മിമിക്രി താരവുമായിരുന്നു കലാഭവന്‍ അബി എന്ന ഹബീബ് മുഹമ്മദ്.

അന്‍പതോളം സിനിമയില്‍ അഭിനയിച്ചെങ്കിലും അനുകരണ അരങ്ങിലെ താരമായിരുന്നു പ്രേക്ഷകന് അബി. അബിയെ ഓര്‍ക്കുമ്പോള്‍ ആമിനത്താത്തയുടെ കഥാപാത്രവുമൊപ്പമുണ്ടാവും. ‘കിരീടമില്ലാത്ത രാജാക്കന്മാര്‍’ എന്ന സിനിമയിലൂടെയാണ് അബി താത്തയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. അത് ക്ലിക്കായതോടെ, മിമിക്രി വേദികളിലും ആമിനത്താത്ത നിറഞ്ഞു നിന്നു. അടുപ്പക്കാരായവര്‍ ആമിനത്താത്തയെന്നുപോലും അബിയെ വിളിച്ചിരുന്നു.

കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി മിമിക്രി രംഗത്ത് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങിയവരായിരുന്നു അബിയുടെ അനുകരണത്തില്‍ എപ്പോഴും നിറഞ്ഞത്. ഒപ്പം രാഷ്ട്രീയ നേതാക്കളും. സ്റ്റേജ് മിമിക്രിയിലെ സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു അബി. അമിതാഭ് ബച്ചനെ മികവോടെ അവതരിപ്പിച്ച മറ്റൊരു മിമിക്രി താരമില്ലെന്ന് തന്നെ പറയാം. നവംബര്‍ 30ന് അന്തരിച്ചു. 1965 ഫെബ്രുവരി 28 ന് മൂവാറ്റുപുഴയില്‍ ജനിച്ചു.

ശശി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ കുടുംബമെന്നു പേരുകേട്ട കപൂര്‍ പരമ്പരകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട ശശി, പിന്നീട് നടനും സംവിധായകനും നിര്‍മാതാവുമായി വലിയൊരു ആകര്‍ഷണത്തിന്റെ ആള്‍രൂപമാവുകയായിരുന്നു. ഹിന്ദി സിനിമയില്‍ മൂന്നു പതിറ്റാണ്ടുകളോളം കത്തിനിന്ന ശശികപൂര്‍ മരണത്തിലേക്കു മറയുമ്പോള്‍ വെള്ളിത്തിരയില്‍ എക്കാലവും തെളിയുന്ന സിനിമകള്‍ ബാക്കി. അച്ഛന്‍ പൃഥ്വിരാജ് കപൂറിന്റെ പൃഥ്വി തിയറ്ററിലൂടെ നടനത്തിന്റെ കരചലനങ്ങളും ഭാവതലങ്ങളും പരിശീലിച്ചായിരുന്നു സിനിമയില്‍ അരങ്ങേറ്റം.

1940ല്‍ ബാലനടനായിട്ടാണ് സിനിമയില്‍ എത്തിയത്. 60 കളില്‍ തുടങ്ങി 80കളില്‍വരെ സൂപ്പര്‍ താരമായിരുന്നു. കലയും കച്ചവടവും സമം ചേര്‍ത്ത 116 ചിത്രങ്ങളില്‍ അഭിനയിച്ചു. അതില്‍ 61ചിത്രങ്ങളില്‍ ലീഡ് റോളായിരുന്നു. 55മള്‍ട്ടി സ്റ്റാര്‍ സിനിമകളും. അഭിനയിച്ചവയും നിര്‍മിച്ചവയും സംവിധാനം ചെയ്തവയുമൊക്കെ വന്‍ ഹിറ്റുകളായവയും നല്ല ചിത്രങ്ങളെന്നു പേരെടുത്തവയുമാണ്. ബോക്സോഫീസില്‍ വലിയ വിജയംകൊയ്ത ശശിച്ചിത്രങ്ങള്‍ നിരവധിയാണ്.

ദീവാര്‍, കഭീ കഭീ, ശങ്കര്‍ ദാദ, ഷാന്‍, സിന്‍സില, സ്വയംവര്‍, റോട്ടി കപ്പട ഔര്‍ മക്കാന്‍, തൃശൂല്‍ തുടങ്ങിയവ ഇന്നും പഴയ തലമുറയുടെ ഓര്‍മ്മയില്‍ പൂത്തുനില്‍ക്കുന്നുണ്ട്. ഡിസംബര്‍ നാലിന് അന്തരിച്ചു. 1938 മാര്‍ച്ച് 18ന് കൊല്‍ക്കൊത്തയില്‍ ജനിച്ചു.

തയ്യാറാക്കിയത്: അരുണ്‍ മോഹന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.