കത്തോലിക്ക അതിരൂപതയുടെ വസ്തു വില്‍പ്പന; ജന്മഭൂമി വാര്‍ത്ത ശരിവെച്ച് സഭാ സര്‍ക്കുലര്‍

Thursday 28 December 2017 7:58 pm IST

കൊച്ചി: എറണാകുളം-അങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതയുടെ ഭൂമി വില്‍പ്പനയില്‍ ‘ജന്മഭൂമി’ വാര്‍ത്ത ശരിവെച്ച് സഭയുടെ സര്‍ക്കുലര്‍. ഇന്നലെ,സഹായ മെത്രാന്‍മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച മൂന്നു പേജ് സര്‍ക്കുലറില്‍ 11 ഇനങ്ങളിലായി സംഭവം വിശദീകരിക്കുന്നു. സര്‍ക്കുലര്‍ (പോര്‍ട്ട്. നമ്പര്‍. സി.ആര്‍- 6/17) കോപ്പി ‘ജന്മഭൂമി’ക്ക് ലഭിച്ചു.

അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയാടു ബന്ധിപ്പിച്ച് മെഡിക്കല്‍ കോളെജ് തുടങ്ങാന്‍ അടുത്തുള്ള തുറവൂര്‍ വില്ലേജിലെ മറ്റൂരില്‍ 23.22 ഏക്കര്‍ വാങ്ങാന്‍ എടുത്ത ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ സ്ഥലം വിറ്റതാണ് തിരിമറിയും തരികിടയും ധനനഷ്ടവുമായത്.

‘ജന്മഭൂമി’യാണ് വാര്‍ത്ത ആദ്യം (ഡിസംബര്‍ 22 ന്) പുറത്താക്കിയത്. വൈദികര്‍ക്കിടയിലും സഭയിലാകെയും ഈ ഭൂമിയിടപാടിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരായ നീക്കം ശക്തമായി. ‘തിരുപ്പിറവി ദിനത്തില്‍’ ഇന്ത്യയിലെ രണ്ട് കര്‍ദ്ദിനാള്‍മാരില്‍ മുതിര്‍ന്ന മാര്‍ ആലഞ്ചേരിക്ക് ബസലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ വിലക്കുവരെയുണ്ടായി. ഈ വാര്‍ത്തയും ജന്മഭൂമി (ഡിസംബര്‍ 27 ന്) റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മാദ്ധ്യമങ്ങള്‍ തമസ്‌കരിച്ച വാര്‍ത്തയുടെ തുടര്‍ച്ചയായാണ് സഹായ മെത്രാന്റെ സര്‍ക്കുലാര്‍ ജന്മഭൂമിക്ക് കിട്ടിയത്.

സീറോ മലബാര്‍സഭയുടെ പൗരാണിക സ്വത്ത് കള്ളപ്പണക്കാരുമായി ചേര്‍ന്ന് വിറ്റ് തുലച്ചെന്ന ഒരു വിഭാഗം വൈദികരുടെ ആരോപണം വിവാദമുയപ്പോള്‍ സഭാ നേതൃത്വം സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. അതിനിടെയാണ് ഇന്ന് (ഡിസംബര്‍ 28ന്) സഹായമെത്രാന്റെ സര്‍ക്കുലര്‍.

മൂന്നു പേജ് സര്‍ക്കുലര്‍ പ്രകാരം, സഭയ്ക്ക് 60 കോടി ബാങ്ക് ലോണിന് വാര്‍ഷിക പലിശ ആറുകോടി രൂപ അടയ്ക്കുന്നതൊഴിവാക്കാന്‍ നടത്തിയ വസ്തുവില്‍ക്കലിന്റെ അവസാനം സഭയുടെ ആകെ കടം 84 കോടിയായതായി സര്‍ക്കുലാര്‍ പറയുന്നു.
സഭയുടെ സ്വത്തായ അഞ്ച് സ്ഥലങ്ങള്‍, 306.98 സെന്റ് വിറ്റ് 27.30 കോടി രൂപ നേടാമെന്നും അതു ബാങ്കില്‍ നിക്ഷേപിച്ചാല്‍ ബാക്കി 32 കോടിക്കേ പലിശ കൊടുക്കേണ്ടിവരൂ എന്നായിരുന്നു കണക്കുകൂട്ടല്‍. 301.76 സെന്റ് ഭൂമി 36 ആധാരങ്ങളിലായി വിറ്റുപോയതിന് 9.13 കോടി രൂപയേ കിട്ടിയുള്ളു.

ഇതിനു പുറമേ, അതിരൂപതയുടെ വിവിധ സമിതികള്‍ അറിയാതെ 10 കോടി രൂപ ബാങ്ക്ലോണ്‍ എടുക്കുകയും കോട്ടപ്പടിയിലും ദേവികുളത്തും പുതിയ സ്ഥലമിടപാട് നടത്തുകയും ചെയ്തു. അങ്ങനെ കടം 84 കോടിരൂപയിലെത്തിച്ചതായി സര്‍ക്കുലര്‍ പറയുന്നു.
അന്വേഷണത്തില്‍ ലഭിച്ച വിവരം മറ്റു വൈദികര്‍ക്ക് പങ്കുവെക്കുകയാണെന്നും ഇത് പള്ളികളില്‍ വായിക്കരുതെന്നും അറിയിച്ചാണ് സര്‍ക്കുലര്‍ അവാസാനിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.