പരിസ്ഥിതി പ്രവര്‍ത്തകനേയും കുടുംബത്തേയും വീടുകയറി ആക്രമിച്ചിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

Thursday 28 December 2017 9:05 pm IST

മലപ്പുറം: മമ്പാട് റൂബി എസ്റ്റേറ്റിലെ അനധികൃത ഇഷ്ടിക ചൂള പൂട്ടിച്ചതിന്റെ വൈരാഗ്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനേയും കുടുംബത്തേയും രാത്രി വീടുകയറി ആക്രമിച്ച സംഭവത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.
കഴിഞ്ഞ 24നാണ് മമ്പാട് ഓടായിക്കല്‍ കരിങ്കാട്ടുമണ്ണ മുസ്തഫയെയും ഭാര്യയെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം കാണിച്ച് നിലമ്പൂര്‍ സിഐക്ക് പരാതി നല്‍കിയിട്ടും എഫ്ഐആര്‍ പോലുമിടാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മമ്പാട്ടെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുളള ഒരുസംഘമാണ് മര്‍ദ്ദിച്ചതെന്ന് മുസ്തഫ പറഞ്ഞു. മണല്‍, ക്വാറി, കഞ്ചാവ് മാഫിയകളും അവരെ പിന്താങ്ങുന്നവരുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് ജോലി ചെയ്യുന്ന കോഴിക്കോട് തങ്ങുകയായിരുന്നു. മകളുടെ ജന്മദിനമാഘോഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് അക്രമിസംഘം മര്‍ദ്ദിച്ചത്. നിലമ്പൂര്‍ പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്നീട് എഫ്ഐആര്‍ തയ്യാറാക്കിയതെന്നും മുസ്തഫ പറഞ്ഞു. ആക്രമികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും കുടുബത്തിന് ചികിത്സയും സുരക്ഷയും ഒരുക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് കലക്ടറേറ്റിന് മുന്നില്‍ ഉപവാസസമരം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി സംസ്ഥാന കണ്‍വീനര്‍ എസ്. ബാബുജി, പി. സുന്ദരരാജന്‍, സി. എന്‍. മുസ്തഫ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.