ഓഖി നാശം വിതച്ചയിടങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

Friday 29 December 2017 2:00 am IST

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ ബീച്ച ഇറോഷന്‍ ഡയറക്ടറേറ്റ് വിഭാഗം ഡയറക്ടര്‍ ആര്‍. തങ്കമണി, കുടിവെള്ള-ശൂചീകരണ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അഡൈ്വസര്‍ സുമിത് പ്രിയദര്‍ശി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ നാശനഷ്ടം വിലയിരുത്തിയത്.
ജില്ലയില്‍ 2,597.11 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഓഖിദുരന്തം മൂലമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ സംഘത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ കേന്ദ്രസംഘത്തോടൊപ്പമുണ്ടായിരുന്നു.
ദുരിതബാധിതരെ തേടിയെത്തിയ സംഘത്തോട് ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചു. കൂടുതലാളുകളും കടല്‍ഭിത്തിയേക്കാള്‍ പുലിമുട്ടാണ് അടിയന്തരമായി വേണ്ടതെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഇക്കാര്യങ്ങള്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താമെന്ന് ഇരുവരും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ചെത്തി കാറ്റാടി കടപ്പുറത്തെത്തിയ സംഘത്തോട് ഫാ. സേവ്യര്‍ കുടിയാംശേരിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇവിട ഹാര്‍ബര്‍ വേണമെന്നും അന്ധകാരനഴിയില്‍ പാലം പണി തീര്‍ക്കാന്‍ ഇടപെടലുണ്ടാകണമെന്നും ജനങ്ങളുടെ ആവശ്യമായിരുന്നു.
കാട്ടൂരിലെത്തിയ സംഘം തീരദേശത്തെ നാശം നേരിട്ടറിഞ്ഞു ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. കൊടുങ്കാറ്റില്‍ തകര്‍ന്ന വീടുകളും കടല്‍ കരയിലേക്കു കയറിയുണ്ടായ നഷ്ടങ്ങളും അവര്‍ക്കു നേരില്‍ ബോധ്യമായി. ചേര്‍ത്തല താലൂക്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് കാട്ടൂര്‍ പ്രദേശമെന്നും ഇവിടെ ജനുവരിയോടെ പുലിമുട്ട് വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തകര്‍ച്ച നേരിട്ട വീടുകളില്‍ നിന്നും 30-50 പടിഞ്ഞാറു മാറിയായിരുന്നു കടലെന്നും ഇന്നലെ രാവിലെയും വെള്ളം വീടുകളിലേക്കു കടയറുന്ന സാഹചര്യമായിരുന്നുവെന്നും പലരും പറഞ്ഞു.
തുടര്‍ന്ന കാട്ടൂര്‍ ബീച്ച് പരിസരത്തുമെത്തിയ സംഘം തീരത്തെ നാശങ്ങള്‍ നേരിട്ടു കാണുകയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കടലെടുത്ത വീടുകളുടെ ഇന്നത്തെ അവസ്ഥ സംഘത്തിന് ബോധ്യമായി. വീണ്ടും മത്‌സ്യബന്ധനത്തിനു പോയി തുടങ്ങിയോ എന്നും സംഘം നാട്ടുകാരോട് അന്വേഷിച്ചു. ഉപജീവനമാര്‍ഗമായതിനാല്‍ തങ്ങള്‍ വീണ്ടും പോയിത്തുടങ്ങിയെന്നും നിത്യവും അറിയിപ്പുകള്‍ ശ്രദ്ധിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ഉച്ചയ്ക്കുശേഷം അമ്പലപ്പുഴ താലൂക്കിലെയും കാര്‍ത്തികപ്പള്ളി താലൂക്കിലെയും വിവിധ പ്രദേശങ്ങളിലാണ് സംഘമെത്തിയത്. കരൂര്‍ പായല്‍ക്കുളങ്ങര, ആറാട്ടുപുഴ, കള്ളിക്കാട്, നല്ലാണിക്കല്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ച സംഘം വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്കു മടങ്ങിയത്. സംസ്ഥാനത്തുള്ള മൂന്നു സംഘവും തലസ്ഥാനത്തെത്തിയ ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ജനങ്ങളുന്നയിച്ച കാര്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും തങ്കമണിയും സുമിതും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.