വാക്കേറ്റവും കൈയ്യാങ്കളിയും; സിപിഎം ഏരിയാ സമ്മേളനം അലങ്കോലപ്പെട്ടു

Friday 29 December 2017 2:00 am IST

ചാരുംമൂട്: ഏരിയാ കമ്മിറ്റിയിലേക്ക് നടത്താനിരുന്ന ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. നിലവിലെ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന നിലക്ക് രണ്ടു ചേരികള്‍ തമ്മിലുള്ള വാക്കേറ്റവും കൈയ്യാങ്കളിയും കാരണം നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിവരുന്ന സിപിഎം ഏരിയാ സമ്മേളനം അലങ്കോലപ്പെട്ടു.
ജി. രാജമ്മയുടെയും കെ. രാഘവന്റെയും ഗ്രൂപ്പുകള്‍ തമ്മിലാണ് ചേരിത്തിരിവ് ഉണ്ടായത്. ജി. രാജമ്മയുടെ പാനലില്‍പ്പെട്ടവരെ വെട്ടിനിരത്തി കെ. രാഘവന്‍ പക്ഷം ഏരിയാ കമ്മിറ്റിയിലേക്ക് വരാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിനും ബഹളത്തിനും കാരണമായത്.
സ്ത്രീകളെ മാറ്റിനിര്‍ത്തി സാമൂഹിക മാറ്റം അസാധ്യമെന്ന് കഴിഞ്ഞ ദിവസം ഭരണിക്കാവില്‍ പ്രസംഗിച്ച സിപിഎം നേതാവ് ടി.എന്‍. സീമ പ്രതിധാനം ചെയ്യുന്ന സ്ത്രീപക്ഷത്തെ തികച്ചും അവഗണിക്കുന്ന നയമാണ് ഏരിയാ സമ്മേളനത്തില്‍ ഉണ്ടായതെന്ന് രാജമ്മപക്ഷം പറയുന്നു. ചാരുംമൂട് ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ് സുഗമമായി നടക്കില്ലന്നു ബോധ്യമുള്ള മന്ത്രി ജി. സുധാകരന്‍ ഇതു മുന്നില്‍ കണ്ടു തന്നെയാണ് ഉല്‍ഘാടന പ്രസംഗം നടത്തി ചില സൂചനകള്‍ നല്‍കിയത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച നില്‍ക്കുന്ന പടനിലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അഴിമതിക്കഥകള്‍ നാട്ടില്‍ പാട്ടാണ്. ഇതിനു കാരണക്കാരായ നേതാക്കളെ വീണ്ടും പാര്‍ട്ടിക്ക് ചുമന്നു നടക്കണ്ടി വന്നാല്‍ പാര്‍ട്ടി നാറുമെന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഭയക്കുന്നുണ്ട്.
പാര്‍ട്ടിയില്‍ ഉണ്ടായ പുതിയ വിഭാഗീയതകാരണം ഭരണകാര്യങ്ങള്‍ നോക്കുവാന്‍ എല്‍സി സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി താല്‍ക്കാലിക കമ്മിറ്റി ഉണ്ടാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ചാരുംമൂട് ഏരിയാ കമ്മിറ്റി വിഷയം സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.