മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരും

Thursday 28 December 2017 10:07 pm IST

കോഴിക്കോട്: മിഠായി തെരുവില്‍ രാവിലെ 10നും രാത്രി 10നുമിടയില്‍ വാഹന ഗതാഗതം നിരോധിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേനയാണ് ഗതാഗത നിയന്ത്രണ നടപടികള്‍ തീരുമാനിച്ചത്.
കൗണ്‍സില്‍ യോഗതീരുമാനം മേയര്‍ ചെയര്‍മാനായ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. ഭാരം കൂടിയ വാഹനങ്ങള്‍ക്ക് തെരുവില്‍ പ്രവേശനമില്ല. കോര്‍ട്ട് റോഡ്, മൊയ്തീന്‍ പള്ളി റോഡ് എന്നിവയില്‍ വണ്‍വേ ഒഴിവാക്കാനും കൗണ്‍സില്‍ യോഗം അനുവാദം നല്‍കി.
102 തെരുവ് കച്ചവടക്കാര്‍ക്ക് 33 ഇടങ്ങളില്‍ കച്ചവടത്തിന് അനുമതി നല്‍കും. നഗരസഭ അനുവദിച്ചവര്‍ക്കല്ലാതെ മറ്റാര്‍ക്കും തെരുവില്‍ കച്ചവടത്തിന് അനുവാദമുണ്ടാവില്ല. ഗതാഗത നിയന്ത്രണം പൊലീസ് സഹായത്തോടെ കര്‍ക്കശമായി നടപ്പിലാക്കും. നിയന്ത്രണ നടപടികള്‍ വരും ദിവസങ്ങളില്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു. ക്രിസ്മസ്് പുതുവത്സര ദിനങ്ങളിലെ തിരക്ക് പരിഗണിച്ച് നിലവില്‍ ജനുവരി രണ്ടു വരെ തെരുവില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത്ട്രാഫിക് റഗുലേറ്ററി കമ്മറ്റി നേരത്തേ തടഞ്ഞിരുന്നു.
മിഠായി തെരുവില്‍ ഗതാഗതനിയന്ത്രണം വേണമെന്ന അഭിപ്രായത്തോട് ഭരണ പ്രതിപക്ഷ ഭേദമെന്യേ കൗണ്‍സില്‍ അംഗങ്ങള്‍ യോജിച്ചു.
മിഠായിതെരുവില്‍ ശുചീകരണം ഉറപ്പാക്കാന്‍ രാവിലെ 6.30 മുതല്‍ പ്രത്യേക വണ്ടിയും ശുചീകരണ തൊഴിലാളികളെയും നിയോഗിക്കുമെന്ന് ആരോഗ്യസ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു.
മിഠായിത്തെരുവിന്റെ പൈതൃകം സംരക്ഷിക്കണമെന്ന് ഇ. പ്രശാന്ത്കുമാര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കണം. തെരുവില്‍ ഒരു ഡസ്റ്റ് ബിന്‍ പോലുമില്ല. പൈതൃകത്തെരുവ് എന്ന സ്ഥാനം നില നിര്‍ത്തുന്ന രിതിയില്‍ നഗരത്തിന്റെ പാരമ്പര്യത്തെ പകര്‍ത്താന്‍ കഴിയണം. സാമൂതിരിയുടെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും ഓര്‍മ്മകള്‍ നില നിര്‍ത്തണം. കച്ചവടക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും വേണം അദ്ദേഹം ആവശ്യപ്പെട്ടു.
പൈതൃകത്തെരുവിലൂടെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയണമെന്ന് നമ്പിടി നാരായണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാപാരികളുടെയും തെരുവിലെ സ്ഥിര താമസക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍സല്‍ സര്‍വീസുകള്‍ക്ക് പകല്‍ സമയം പ്രവേശനം അനുവദിക്കണമെന്ന് പി.എം. നിയാസ് ആവശ്യപ്പെട്ടു. രാധാ തിയേറ്ററിന്റെ പാര്‍ക്കിംഗ് കാര്യം പ്രയോജനപ്പെടുത്തണം. അദ്ദേഹം ആവശ്യപ്പെട്ടു. കച്ചവടം അഭിവൃദ്ധിപ്പെടാനാണ് നിയന്ത്രണങ്ങളെന്ന് എം രാധാകൃഷ്ണന്‍ പറഞ്ഞു. തെരുവ് കച്ചവടക്കാര്‍ക്കുള്ള സൗകര്യം നിലവില്‍ ഉണ്ട്. അദ്ദേഹം പറഞ്ഞു. മിഠായിത്തെരുവ് ആരും രൂപപ്പെടുത്തിയതല്ലെന്നും കച്ചവടക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സി. അബ്ദുറഹിമാന്‍ പറഞ്ഞു. പി. കിഷന്‍ചന്ദ്, കെ.എം. റഫീഖ്, കെ.ടി. ബീരാന്‍ കോയ, എം.പി. സുരേഷ്, തോമസ് മാത്യു, ടി.വി. ലളിതപ്രഭ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മേയര്‍ വ്യാപാരികളില്‍ ചിലരുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. തെരുവിന്റെ പരിപാലനം കോര്‍പ്പറേഷന്റെ ചുമതലയാണ്. അത് സംരക്ഷിക്കുന്ന നടപടികള്‍ക്കാണ് പ്രാധാന്യം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ സംവിധാനങ്ങള്‍ ഉണ്ടാവും. പാര്‍ക്കിംഗിന് സമീപ പ്രദേശങ്ങള്‍ തയ്യാറാക്കും അദ്ദേഹം പറഞ്ഞു.
പി. കിഷന്‍ചന്ദ്,അഡ്വ. തോമസ് മാത്യു, വി.ടി സത്യന്‍, എം.പി സുരേഷ്, എം. രാധാകൃഷ്ണന്‍, ടി.വി ലളിതപ്രഭ, ആശാ ശശാങ്കന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.