നാണക്കേട് മറയ്ക്കാന്‍ ഹര്‍ത്താല്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്താവുന്നു

Thursday 28 December 2017 10:09 pm IST

കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ള നേതാക്കള്‍ കൊലപാതക കേസില്‍ പിടിയിലായതോടെ സിപിഎം പ്രതിരോധത്തില്‍.
ബിഎംഎസ് നേതാവ് പയ്യോളി സി.ടി. മനോജിനെ കൊലചെയ്ത സംഭവത്തിലാണ് സിബിഐ അന്വേഷണ സംഘം സിപിഎം പയ്യോളി മുന്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ ജില്ലാ കമ്മിറ്റി അംഗവുമായ ടി. ചന്തു, പയ്യോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ടി. ലിഗേഷ്, എന്‍. സി. മുസ്തഫ, സി. സുരേഷ് അടക്കമുള്ള ഒമ്പതു സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ പ്രതിയോഗികളെ കൊല ചെയ്ത് അണികളെ കേസില്‍ കുടുക്കി രക്ഷപ്പെട്ട നേതൃത്വമാണ് സിബിഐയുടെ വിദഗ്ദ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.
എന്നാല്‍ തങ്ങള്‍ക്കേറ്റ നാണക്കേടും തിരിച്ചടിയും മറച്ചുവെക്കാന്‍ ഹര്‍ത്താല്‍ നടത്തി കൂടുതല്‍ പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രമം.
പയ്യോളി മുനിസിപ്പാലിറ്റി ഏരിയയില്‍ രാ വിലെ ആറു മുതല്‍ വൈ കിട്ട് ആറു വരെയാണ് സിപിഎം ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ നേതാക്കള്‍ പിടിക്കപ്പെട്ടതിന്റെ പ്രതികാരം ജനങ്ങളോട് തീര്‍ക്കുകയാണ് സിപിഎം നേതൃത്വം.
സിപിഎം ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കം കുറിക്കാനിരിക്കേയാണ് നേതൃത്വത്തിലുള്ളവരടക്കം ജയിലിലാകുന്നത്. സിപിഎമ്മിലെ ഗ്രൂപ്പിസത്തിനും ആഭ്യന്തര വഴക്കിനും ഇത് ശക്തി കൂട്ടും. തങ്ങളല്ല യഥാര്‍ത്ഥ കൊലപാതകികളെന്ന് നേരത്തെ കേസില്‍ പിടിയിലായവരില്‍ ചിലരുടെ വെളിപ്പെടുത്തലിലാണ് നേതാക്കളുടെ യഥാര്‍ത്ഥ മുഖം പുറത്തായത്.
കൊലപാതകത്തിന് ശേഷം സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമത്തിനെതിരെ ബിജെപിയും ബിഎംഎസും അന്ന് രംഗത്തുവന്നിരുന്നു. അന്ന് സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന ടി. ചന്തു അടക്കമുള്ള നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പോലീസും ഭരണാധികാരികളും അത് മുഖവിലക്കെടുത്തിരുന്നില്ല. സിബിഐ അന്വേഷണം ഏറ്റെടുത്തതോടെയാണ് കൊലപാതകത്തില്‍ നേതാക്കളുടെ പങ്ക് വെളിച്ചത്ത് വന്നിരിക്കുന്നത്.
എന്നാല്‍ ഇതിനെ രാഷ്ട്രീയ പകപോക്കല്‍ എന്ന പെരും നുണയുമായി പ്രതിരോധിക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ പുറപ്പാട്. ഇന്നലെ സിബിഐ അറസ്റ്റ് ചെയ്ത മുചുകുന്ന് സ്വദേശികളായ അനൂപ്, അരുണ്‍രാജ്, രതീഷ് എന്നിവര്‍ സിപിഎമ്മിന്റെ 21 അംഗ ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ്.
അക്രമത്തിന് ആഹ്വാനംചെയ്തുകൊണ്ടുള്ള പ്രകോപനപരമായ പ്രസ്താവനയാണ് സിപിഎം ജില്ലാ നേതൃത്വം പുറപ്പെടുവിച്ചത്. സിപിഎമ്മിന്റെ രണ്ട് ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലെ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിബിഐയെ സമ്മര്‍ദ്ദത്തിലാക്കാനാണ് സിപിഎം ശ്രമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.