തൃശൂര്‍: സാംസ്കാരിക തലസ്ഥാനത്ത് ദേശീയ ആശയത്തിന്റെ കരുത്തുമായി ജന്മഭൂമി പുതിയ മുന്നേറ്റം സൃഷ്ടിക്കുന്നു. ജില്ലയില്‍ പുതുതായി വരിക്കാരായ പതിനായിരങ്ങളുടെ വരിസംഖ്യ ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷില്‍ നിന്ന് ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് ഏറ്റുവാങ്ങി.
ജില്ലയില്‍ അരലക്ഷത്തോളം പുതിയ വരിക്കാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ബിജെപി ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണം തുടരുകയാണ്. ആദ്യഘട്ടമായി ഒരു കോടി രൂപയാണ് കൈമാറിയത്. രാജ്യത്തെ മുഖ്യധാരാ സാമൂഹ്യജീവിതത്തിനൊപ്പം നില്ക്കുന്ന ഏക മലയാള പത്രം ജന്മഭൂമിയാണ്. രാജ്യവ്യാപകമായി ദേശീയ നവോത്ഥാനത്തെ കൃത്യമായി പ്രതിഫലിക്കുന്നത് ജന്മഭൂമിയാണെന്നും എം. രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍ യോഗം ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ എഡിഷന് പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരന്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ ടി. അരുണ്‍കുമാര്‍, യൂണിറ്റ് മാനേജര്‍ പി. സുധാകരന്, ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. ബിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: