ഇങ്ങനെയൊന്നുമല്ല ഭരണം; ഇങ്ങനെയാകണം ഭരണാധികാരി

Friday 29 December 2017 10:27 am IST

 • 2016ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് 2017 ല്‍ കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമാക്കിക്കൊണ്ട്, ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി, യുഡിഎഫ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങി കെപിസിസി ഭാരവാഹികള്‍ വരെ സോളാര്‍ അഴിമതിയിലും ലൈംഗിക അപവാദത്തിലും കുടുങ്ങി. അഴിമതി മാത്രമല്ല അസാന്മാര്‍ഗികതയിലും സമര്‍ത്ഥന്മാരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വമെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമായി. പിണറായി സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ടുമുന്‍നിര്‍ത്തി കളിച്ച വികൃത രാഷ്ട്രീയത്തിന് കോടതിയില്‍നിന്ന് വിമര്‍ശനം കിട്ടി. പലരും പറഞ്ഞു, ഇങ്ങനെയൊന്നുമല്ല ഭരണം, ഇങ്ങനെയാകരുത് ഭരണം.

സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠന്‍ നാരായണന്‍ നായരുടെ കുടുംബട്രസ്റ്റിനു വേണ്ടി ഇടതുപക്ഷ സംഘടനകള്‍ ഒത്തുകളി നടത്തുന്ന വാര്‍ത്തയോടെയാണ് 2017 പിറന്നത്. തൃശൂര്‍ പാമ്പാടി നെഹൃ സ്വാശ്രയ എഞ്ചിനീയറിങ് കോളെജിലെ ജിഷ്ണു പ്രണോയിയുടെ യുടെ മരണത്തെ തുടര്‍ന്ന് കാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ലക്ഷ്മീ നായര്‍ കൈകാര്യം ചെയ്ത രീതിയലാണ് വിഷയമായത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും എതിര്‍നിന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ലോ അക്കാദമി മാനേജ്മെന്റിന്റെ മുമ്പില്‍ മുട്ടുവിറച്ചുനിന്നു.

 • നീതിക്കുവേണ്ടി തികച്ചും സമാധാനപരമായ സമരത്തിനെത്തിയ ഒരമ്മയേയും കുടുംബാംഗങ്ങളേയും നടുറോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ച് അവശരാക്കിയ സംഭവം 2017ല്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരണപ്പെടാന്‍ ഇടയാക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷിക ദിനത്തിലാണ് ഒരമ്മയ്ക്ക് ദയനീയമായ ഈ അനുഭവമുണ്ടായത്.  ജിഷ്ണുവിനെ കൊന്നതാണെന്ന് കുടുംബം വിശ്വസിക്കുന്നു. സാഹചര്യങ്ങളും വിഷ്ണുവിന്റേത് കൊലപാതകമാണെന്നാണ് ബോധ്യപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ഏറെ വൈകി പോലീസ് കേസ്സെടുത്തിട്ടുണ്ടെങ്കിലും പ്രതികളിലാരെയും പിടികൂടിയിട്ടില്ല. ഒടുവില്‍ കേസ് സിബിഐ ഏറ്റെടുത്തു.
 • ഊര്‍ദ്ധ്വന്‍ വലിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആരുടെ കരങ്ങള്‍ക്കാണ് സാധിക്കുക എന്ന് ദേശീയതലത്തില്‍ തന്നെ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും വി.എം സുധീരന്‍ രാജിവച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ‘ഹൈക്കമാന്റ് എം.എം. ഹസ്സനെ നിയോഗിച്ചു.  പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധീരനെ നീക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ കരുനീക്കങ്ങള്‍ വിജയിക്കുന്നതിന്റെ അവസാനഘട്ടത്തില്‍, അതു മുന്നേ മനസ്സിലാക്കിയായിരുന്നു സുധീരന്റെ രാജി. ഹസ്സനെ പ്രസിഡന്റ് കസേരയിലിരുത്തിക്കൊണ്ട് തന്റെ ഇംഗിതത്തിനനുസരിച്ച് കെപിസിസിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളാണ് വിജയം കണ്ടത്.
 • ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര സമാനതകളില്ലാത്ത ചരിത്രസംഭവമായി  മാറിയ കാഴ്ചയും കേരളം കണ്ടു. തുടക്കം മുതല്‍ പ്രതിയോഗികള്‍ നടത്തിയ ഇടപെടലുകള്‍ ജാഥയുടെ രാഷ്ട്രീയ പ്രാധാന്യം എടുത്തുകാട്ടി. ജിഹാദി- ചുവപ്പു ഭീകരതകള്‍ക്കെതിരേയായിരുന്നു യാത്ര. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്തും, എതിര്‍ ശബ്ദങ്ങളുടെ വായടപ്പിച്ചും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചും നടത്തുന്ന ഈ ഫാസിസ്റ്റ് തേര്‍വാഴ്ച്ചയ്ക്ക് കേരളീയ സമൂഹത്തിന്റെ മറുപടി ആയിരുന്നു ജനരക്ഷായാത്രയിലെ ജനപങ്കാളിത്തം.  ഇത് ഇരുമുന്നണികളേയും അങ്കലാപ്പിലാക്കി. തുടര്‍ന്ന് എല്‍ഡിഎഫ് ‘ജനജാഗ്രതായാത്ര’യും യുഡിഎഫ് ‘പടയൊരുക്കം’ യാത്രയും നടത്തിയത്. രണ്ടും നനഞ്ഞ പടക്കങ്ങളായി.
 • മൂന്നുമാസം ഒരു മന്ത്രിയുടെ പേക്കൂത്തുകള്‍ കേരളം ചര്‍ച്ച ചെയ്തതും നാം കണ്ടു. തോമസ് ചാണ്ടിയെന്ന പണച്ചാക്കിന്റെ കായല്‍ കയ്യേറ്റങ്ങളും വെട്ടിപ്പിടിക്കലും സര്‍ക്കാര്‍ ശരിവച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറല്‍ അംഗീകരിച്ചു. റവന്യു മന്ത്രിക്ക് ബോദ്ധ്യപ്പെട്ടു. കളക്ടര്‍ക്കെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇ.പി. ജയരാജനോടും എ.കെ. ശശീന്ദ്രനോടും കാണിക്കാത്ത കരുണ തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി കാട്ടി. ഒടുവില്‍ മന്ത്രിയുടെ രാജി വാങ്ങി ഗവര്‍ണര്‍ക്ക് കൈമാറി. പകരം മന്ത്രി ഇനിയുമായില്ല.
 • ഭരണക്കാരായ ഇടതുമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നവകാശപ്പെടുന്ന സിപിഎമ്മും സിപിഐയും ശത്രുക്കളെപ്പോലെ തമ്മിലടിച്ചു, തുടരുന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു. മന്ത്രിസഭയെ നയിക്കേണ്ട മുഖ്യമന്ത്രി ഇതിനെ അസാധാരണ നടപടിയെന്ന് വിശേഷിപ്പിക്കുന്നു. സിപിഎം സെക്രട്ടറിയും സിപിഐ സെക്രട്ടറിയും പരസ്യ പ്രസ്താവനകളിലൂടെ, തങ്ങളുടെ മുഖപത്രങ്ങളിലൂടെ തമ്മിലടിക്ക് നേതൃത്വം നല്‍കി മുന്‍പേ നടക്കുന്നു.
 • മാധ്യമങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി ഇടതുസര്‍ക്കാര്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന കാഴ്ചയ്ക്കും സാംസ്‌കാരിക കേരളം സാക്ഷ്യം വഹിച്ചു. മാധ്യമ പ്രവര്‍ത്തകരെ വര്‍ഗശത്രുക്കളായി കാണുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്തെ’ന്ന ആക്രോശം അവര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനം നിഷേധിക്കാന്‍ കാരണമായി.
 • തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിതനീക്കം സിപിഎം നടത്തി.  നഗരസഭയില്‍ ഉന്തും തള്ളുമുണ്ടാകുമെന്ന് നേരത്തെ മാധ്യമങ്ങളെ അറിയിച്ചത് സിപിഎമ്മാണ്. തുടര്‍ന്ന് ‘കൈരളി’ ചാനലടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ സംഭവം നടക്കുമ്പോള്‍ നഗരസഭാ കാര്യാലയത്തിലുണ്ടായിരുന്നു. ഉന്തും തള്ളും, മേയര്‍ കോണിപ്പടിയില്‍ നിന്നു വീഴുന്നതുമെല്ലാം ദൃശ്യമാധ്യമങ്ങള്‍ ഒന്നൊഴിയാതെ പകര്‍ത്തി. ഒരാളുപോലും മറ്റൊരാളെ മര്‍ദ്ദിക്കുന്ന ചിത്രമില്ല. മേയര്‍ വീഴുമ്പോള്‍ തൊട്ടടുത്ത് എഴുന്നേല്‍ക്കാതെ കാലില്‍ പിടിച്ചുനിര്‍ത്തിയത് മെഡിക്കല്‍കോളേജ് വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ സിന്ധുവാണ്.
 • മഹത്വവത്ക്കരണം നടത്തി ആളാകാന്‍ നോക്കിയ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ പാര്‍ട്ടി തള്ളിപ്പറഞ്ഞു.  പാട്ടും പ്രസംഗവും നൃത്തശില്‍പങ്ങളുമായി  പി. ജയരാജനും പാര്‍ട്ടി വാഴാന്‍ നടത്തിയ നീക്കങ്ങള്‍ക്കുനേരെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘവും കോടാലിയോങ്ങിയത്. തല്‍ക്കാലത്തേക്ക് പ്രത്യക്ഷത്തില്‍ ജയരാജന്‍ കീഴടങ്ങി.
 • മൂന്നാറില്‍, സിപിഐ പിന്തുണയ്ക്കുന്ന  എംപി ഉള്‍പ്പെടെ വ്യാപകമായ കയ്യേറ്റം നടത്തിയെന്നതിന് തെളിവു വന്നു. എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ കയ്യേറ്റക്കാരുടെ സംരക്ഷകരാണെന്നും തെളിഞ്ഞു. ഇതിനൊക്കെ ഓശാന പാടുന്ന പണക്കാരുടെ പാര്‍ട്ടിയായിരിക്കുന്ന സിപിഎം. ഇതെല്ലാം നടന്നിട്ടും ജനങ്ങളെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തി ജനത്തെ ബുദ്ധിമുട്ടിക്കുകയും ചെയ്തു.
 • വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാത്ത ഫലമാണ് പുറത്തുവന്നതെങ്കിലും ഗൗരവമായ ചില സൂചനകള്‍ അത് നല്‍കി. വര്‍ഗീയത നിറഞ്ഞ പ്രചാരണക്കൊടുങ്കാറ്റില്‍ ആരു ജയിക്കുമെന്ന സിപിഎം, എസ്ഡിപിഐ, മുസ്ലിംലീഗ് സംഘടനകളുടെ അപകടകരമായ മത്സരത്തിനാണ് വേങ്ങര സാക്ഷ്യം വഹിച്ചത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ പ്രതിപക്ഷത്തിന്റെ നിലപാടുകളോ വിഷയമായില്ല. മുസ്ലിം മതവികാരം ആളിക്കത്തിക്കാനായിരുന്നു ഒളിഞ്ഞും തെളിഞ്ഞും ഈ പാര്‍ട്ടികള്‍ ശ്രമിച്ചത്. വേങ്ങരയില്‍ വിജയിച്ചത് ജനാധിപത്യ കേരളമല്ല, മതാധിപത്യ കേരളമാണ്. ജയിച്ചത് മുസ്ലിംലീഗാണെങ്കിലും മത്സരിച്ച സിപിഎമ്മിന്റെയും എസ്ഡിപിഐയുടേയും വിജയം കൂടിയാണത്.
 • പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍ ദേശീയതലത്തില്‍ തന്നെ സിപിഎമ്മിന്റെ മുഖം നഷ്ടപ്പെടുത്തി.  മുമ്പൊരിക്കലുമില്ലാത്തവിധമാണ് തലസ്ഥാന ജില്ലയില്‍ സിപിഎം ആക്രമണങ്ങള്‍ നടത്തിയത്. ആര്‍എസ്എസ് ശാഖകഴിഞ്ഞ് മടങ്ങിയ ഇടവക്കോട് ശാഖാ കാര്യവാഹ് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെ നിഷ്ഠുരമായാണ് കമ്മ്യൂണിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി സംസ്ഥാന ഓഫീസ് തകര്‍ത്തിട്ടും നിരപരാധിയായ ഒരു യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിനുറുക്കിയിട്ടും സംസ്ഥാന ഭരണകൂടം അനങ്ങിയില്ല എന്നത് ഏറെ വേദനാജനകമായി.
 • സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ അടിയായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് മേധാവിയെ മാറ്റാന്‍ സര്‍ക്കാരെടുത്ത തീരുമാനം സുപ്രീംകോടതി റദ്ദാക്കുന്നത്. ഇടതു സര്‍ക്കാര്‍ എടുത്ത ആദ്യ പ്രാധാന തീരുമാനങ്ങളിലൊന്നായിരുന്നു സെന്‍കുമാറിന്റെ മാറ്റം. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവക്കുശേഷം ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് തള്ളിയാണ് പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി.
 • നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി ശ്രദ്ധേയനായിരിക്കുകയാണ് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. അന്‍വര്‍ ഡയറക്ടറായ ഗ്രീന്‍സ് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പിവീസ് റിയല്‍റ്റേഴ്സ് ഇന്ത്യ ലിമിറ്റഡ്, പിവിആര്‍ ഡവലപ്പേഴ്സ് (മഞ്ചേരി) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തി. ആദായ നികുതി വകുപ്പും ലാന്‍ഡ് ബോര്‍ഡും അന്‍വറിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 • ബിജെപിയെ ഭയന്ന്, കോണ്‍ഗ്രസിനോട് സിപിഐയ്ക്ക് 2017ല്‍ വീണ്ടും പ്രണയം മുളച്ചു. ബിജെപി ഫാസിസ്റ്റാണെന്നും, കേന്ദ്രത്തില്‍ ഫാസിസ്റ്റ് ഭരണമാണെന്നുമാണ് അവരുടെ ആവലാതി. കോണ്‍ഗ്രസ്സിനെ സഹായിക്കണമെന്നാണ് സിപിഎമ്മിന്റെയും മോഹം. അതിനായി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കഠിനപ്രയത്നത്തിലാണ്.  കേന്ദ്ര കമ്മിറ്റിയില്‍ ഇതിന്റെ പേരില്‍ ചേരിതിരിഞ്ഞ ചര്‍ച്ചയും നടന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി പിളര്‍ന്നേക്കുമെന്നുപോലും വാര്‍ത്ത വന്നു. ഏതായാലും സിപിഐക്ക് ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സാണ് ആശ്രയം.  കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി സഖ്യം വേണമെന്നാണ് അടുത്ത പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ വച്ചിരിക്കുന്ന കരട് രേഖയില്‍ സിപിഐ സൂചിപ്പിച്ചിരിക്കുന്നത്.
 • മുഖ്യമന്ത്രിക്ക് ജീവനും കൊണ്ട് ഓടേണ്ടി വന്ന വിഴിഞ്ഞം കടപ്പുറത്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നേടിയ കയ്യടിയാണ് 2017 അവസാനം സാക്ഷ്യം വഹിച്ചത്. ദുരന്ത മുഖത്ത് എത്തിയ അവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പറയാനുള്ളത് മുഴുവനും കേട്ടു. ഓരോരുത്തരുടെയും ഹൃദയത്തില്‍ തൊട്ടുകൊണ്ടുതന്നെയായിരുന്നു പ്രതിരോധ മന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിക്ക് മുന്നില്‍ മുഷ്ടിചുരുട്ടിയവര്‍ കേന്ദ്രമന്ത്രിക്ക് പിന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കാഴ്ച. തീരദേശവാസികള്‍ ഇനി തിരച്ചില്‍ വേണ്ട എന്നു പറയും വരെ നാവികസേനയും മറ്റും നിങ്ങളോടൊപ്പമെന്ന് മാത്രമല്ല നഷ്ടപ്പെട്ട വസ്തുവകകള്‍ക്ക് പരിഹാരം ഉറപ്പുനല്‍കുകയും ചെയ്തിട്ടാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
 • വര്‍ഷാവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോഴും മാറ്റുരയ്ക്കപ്പെട്ടത് സംസ്ഥാന ഭരണവും മുഖ്യമന്ത്രിയുമാണ്. ഓഖി ദുരിതബാധിതരെ കാണാനാണ് മേദി വന്നത്. ദൗത്യം നിര്‍വഹിച്ചു പോകുകയും ചെയ്തു. ആഴ്ചകള്‍ക്കു മുമ്പ് മുഖ്യമന്ത്രിയോട് പ്രതിഷേധിച്ചു കൂകി വിളിച്ചവര്‍ പ്രധാനമന്ത്രിക്ക് കൈകൂപ്പി സ്വാഗതം പറഞ്ഞു. രാഷ്ട്രീയമൊന്നും പ്രധാനമന്ത്രി പറഞ്ഞില്ല, ചിലരെപ്പോലെ രാഷ്ട്രീയം കാണിച്ചില്ല. പക്ഷേ, 2017 ല്‍ കേരളം മോദിയെനോക്കിപ്പറഞ്ഞു, ഇതാണ് ഭരണാധികാരി, ഇതാവണം ഭരണാധികാരി.

തയ്യാറാക്കിയത്: എം. രാജു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.