മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതിന് നടപടിക്ക് നിര്‍ദ്ദേശം

Friday 29 December 2017 11:59 am IST

തിരുവനന്തപുരം: ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെയാണ് നടപടി.

നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോഹന്‍ഭാഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവിലുള്ള ചട്ടപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. സ്കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കോ ആണ് പതാക ഉയര്‍ത്താന്‍ അനുമതിയുള്ളതെന്ന് കാട്ടിയാണ് കളക്ടര്‍ വിലക്കിയത്.

വിദ്യാലയങ്ങളില്‍ സംഘടനാ പ്രതിനിധികള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് വിലക്കി ഇന്റലിജന്‍സ് ഡിജിപി നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് പാലക്കാട് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി ഡോ. മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.

സ്വാതന്ത്ര്യദിനത്തില്‍ രാവിലെ ഒന്‍പതു മണിയോടുകൂടി മോഹന്‍ ഭഗവത് സ്കൂളിലെത്തുകയും പതാകയുയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്തെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഇക്കാര്യം ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പൊതുഭരണ വകുപ്പ് പരിശോധിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.