പയ്യോളി മനോജ് വധം: പ്രതികള്‍ സിബിഐ കസ്റ്റഡിയില്‍

Friday 29 December 2017 3:20 pm IST

കോഴിക്കോട്: ബിഎംഎസ് നേതാവ് പയ്യോളി സി.ടി. മനോജ് വധക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യആസൂത്രകരുമാണെന്നും രണ്ട് പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും സിബിഐ അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ പയ്യോളി ഏരിയാ സെക്രട്ടറിയുമായ ടി. ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി. രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെ.ടി. ലിഗേഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി. സുരേഷ്, എന്‍.സി. മുസ്തഫ, അയനിക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗം കുമാരന്‍, മുചുകുന്ന് സ്വദേശികളായ രതീഷ്, അനൂപ്, അരുണ്‍രാജ്് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഎംഎസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയായിരുന്ന മനോജിനെ 2012 ഫെബ്രുവരി 12നാണ് ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ഒന്നര വര്‍ഷം മുന്‍പാണ് കേസ് സിബിഐക്കു കൈമാറുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തായ പയ്യോളി സ്വദേശി സജാദ് നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തയാറായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.