കൊഴിയുന്നത് നേട്ടങ്ങളുടെയും വര്‍ഷം

Saturday 30 December 2017 10:00 am IST

നിരവധി നേട്ടങ്ങള്‍ ഭാരതത്തിന് സമ്മാനിച്ച വര്‍ഷമായിരുന്നു 2017. ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്ത് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും അതിനെ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ്  2017 ലെ പ്രധാന നേട്ടങ്ങളിലൊന്ന്. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം സാമ്പത്തിക പുരോഗതിയില്‍ മുന്നിലെത്തുമെന്ന് ഇതിനകം ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ ശ്രദ്ധേയമാണ് . കള്ളപ്പണ നിക്ഷേപകരുടെ പേര് പുറത്ത് വിട്ടതും ഈ വര്‍ഷമാണ്.  ഭീകരവാദത്തെയും തീവ്രവാദത്തെയും കള്ളപ്പണ വേട്ടയിലൂടെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞതും നേട്ടങ്ങളായി.

                                                   ജനുവരി

ആധാര്‍ കാര്‍ഡ് ചര്‍ച്ചയായ വര്‍ഷമാണ് 2017. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 ഓളം പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, പിഎഫ്, പോസ്റ്റോഫീസ് നിക്ഷേപങ്ങള്‍ മ്യൂച്ചല്‍ ഫണ്ടുകള്‍, സിം കാര്‍ഡ് ബന്ധിപ്പിക്കാന്‍ സുപ്രധാന ഉത്തരവുകള്‍, ഇതുവഴി രാജ്യത്തെ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ കഴിഞ്ഞത് വന്‍ നേട്ടമായി.

ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യയും യുഎഇയും തന്ത്രപ്രധാനമായ പതിനാല് കരാറുകളില്‍ ഒപ്പുവെച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായെത്തിയ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്.

ഭാരതത്തിന്റെ രണ്ടാമത്തെ സ്‌കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനി ഐഎന്‍എസ് ഖന്തേരി രാജ്യത്തിന് സമര്‍പ്പിച്ചു.

                                                   ഫെബ്രുവരി

ഇന്ത്യ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.ശത്രുരാജ്യങ്ങളില്‍ നിന്നുളള മിസൈലുകളെ ഭൂമിയുടെ അന്തരീക്ഷത്തിന് 50 കിലോമീറ്റര്‍ മുകളില്‍ വച്ച് തകര്‍ക്കാന്‍ കഴിയുന്നതാണ് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍.

ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ഇന്ത്യ. 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചാണ് ഇന്ത്യ ബഹിരാകാശ രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ചത്.

തീരപരിപാലന സേനയുടെ പുതിയ കപ്പല്‍ ‘ഐസിജിഎസ് ആയുഷ്’ നീരണിഞ്ഞു.

ഇസ്രായേലുമായി സഹകരിച്ച് കരസേനക്ക് 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രി സഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നല്‍കി.

                                         മാര്‍ച്ച്

തദ്ദേശീയമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ ആകാശത്തുവച്ചു തകര്‍ക്കാന്‍ കെല്‍പ്പുളളതാണ് ഈ മിസൈല്‍.

ഭാരതം സ്വന്തമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് വിജയകരമായി വിക്ഷേപിച്ചു. 300 കിലോ ഭാരമുള്ള ആണവപോര്‍മുനകള്‍ വരെ വഹിക്കാന്‍ കഴിയുന്ന മിസൈല്‍ ഒഡീഷയിലെ ചാന്ദിപ്പൂരിലെ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്.

ചരക്ക് സേവന നികുതി(ജിഎസ്ടി) ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

                                  ഏപ്രില്‍

ഹിമാലയം തുരന്ന് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ഇതേ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്‌കരന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

ഇന്ത്യയും ഇസ്രയേലും തമ്മില്‍ സുപ്രധാനമായ പ്രതിരോധ കരാറുകള്‍ ഒപ്പുവെച്ചു. 16,830 കോടി രൂപയുടേതാണ് കരാറുകള്‍. ഭൂതല മിസൈല്‍ സംവിധാനം വാങ്ങുന്നതിനായാണ് കരാറുകള്‍

ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം.

ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ച പാക് സൈന്യത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

ഇന്ത്യയും സൈപ്രസും തമ്മില്‍ നാല് കരാറുകളില്‍ ഒപ്പുവെച്ചു. ഉന്നതതല ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്ക്കുശേഷമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളില്‍ ഒപ്പുവെച്ചത്.

ഇന്ത്യയുടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-മൂന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍കലാം ദ്വീപില്‍നിന്നാണ്  മിസൈല്‍ പരീക്ഷിച്ചത്.

ഇന്ത്യയിലെ മണല്‍ശില്‍പ കലാകാരന്‍ സുദര്‍ശന്‍ പട്നായിക്കിന് അന്താരാഷ്ട്ര അവാര്‍ഡ്. ഒഡീഷ സ്വദേശിയായ സുദര്‍ശന് പത്താമത് ലോക മണല്‍ ശില്‍പ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമാണ് ലഭിച്ചത്.

                                    മെയ്

ബ്രഹ്മോസ് വിജയകരമായി  വിക്ഷേപിച്ചു. ഭാരതവും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച, ബ്രഹ്മോസ് മിസൈലിന്റെ കരയില്‍ നിന്ന് കരയിലെ ലക്ഷ്യത്തിലേക്ക് തൊടുത്തു വിടാന്‍ കഴിയുന്ന പതിപ്പ് വിജയകരമായി വിക്ഷേപിച്ചു. ബ്രഹ്മോസ് ശബ്ദാതിവേഗ മിസൈലിന്റെ പുതിയ പതിപ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ വച്ച് വാഹനത്തില്‍ നിന്നാണ് വിക്ഷേപിച്ചത്.

ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-2 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ എ.പി.ജെ. അബ്ദുള്‍ കലാം (വീലര്‍ ദ്വീപ്) ദ്വീപിലായിരുന്നു പരീക്ഷണം.

സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.  ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആദ്യം സാര്‍ക് സാറ്റ ലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാക്കിസ്ഥാന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.

ദേശീയ ഉരുക്കുനയ(എന്‍.എസ്.പി.) ത്തിന് അംഗീകാരം നല്‍കി. ഉരുക്കു മേഖലയ്ക്ക് ഊര്‍ജം പകരുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘകാല നയമാണ് പുതിയ ഉരുക്കുനയത്തില്‍ പ്രതിഫലിക്കുന്നത്. ഉരുക്കിന്റെ ആഭ്യന്തര ഉപയോഗം വര്‍ധിപ്പിക്കാനും ഉയര്‍ന്ന നിലവാരമുള്ള ഉരുക്കിന്റെ ഉല്‍പാദനം ഉറപ്പുവരുത്താനും സാങ്കേതികമായി മുന്‍പന്തിയിലുള്ളതും ആഗോളതലത്തില്‍ മത്സര ക്ഷമതയാര്‍ന്നതുമായ ഉരുക്കു വ്യവസായം സൃഷ്ടിക്കാനും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ  ധോല -ഫസാദിയ പാലം രാജ്യത്തിന് സമര്‍പ്പിച്ചു.

                               ജൂണ്‍

ഏഴ് സുപ്രധാന കരാറുകളില്‍ ഇന്ത്യയും സ്‌പെയിനും ഒപ്പു വച്ചു. സൈബര്‍ സുരക്ഷ, വ്യോമയാന മേഖലയിലെ സാങ്കേതിക സഹകരണം തുടങ്ങിയവ കരാറില്‍ ഉള്‍പ്പെടുന്നു. നവീകൃത ഊര്‍ജ മേഖലകളിലെ സഹകരണം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറല്‍,നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ നിയന്ത്രണം ഒഴിവാക്കുക എന്നീ കാര്യങ്ങളിലും ഇരുരാജ്യങ്ങളുംധാരണയിലെത്തി.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള, ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നായിരുന്നു വിക്ഷേപണം. 350 കിലോമീറ്റര്‍ ദൂരത്തു വരെ ചെന്ന് ശത്രുക്കളെ തകര്‍ക്കാന്‍ ഇതിന് കഴിയും.

ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതി ജിഎസ്എല്‍സിവി മാര്‍ക്ക് മൂന്ന് ഉപഗ്രഹവിക്ഷേപണ വാഹനം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സമ്പൂര്‍ണ വിക്ഷേപണത്തിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.
23.31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി 38 വിജയകരമായി വിക്ഷേപിച്ചു. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐഎസ്ആര്‍ഒ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിഷേപണം

ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 വിക്ഷേപിച്ചു. സൗത്ത് അമേരിക്കന്‍ തീരത്തെ ഫ്രഞ്ച് ടെറിട്ടറി ഗയാനയിലെ കൗരു സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

                            ജൂലൈ

ഒറ്റ നികുതി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ ഒരിക്കല്‍ക്കൂടി ചരിത്രത്തിന്റെ ഭാഗമായി. അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുസ്മരിപ്പിച്ച ആഘോഷ രാവില്‍ ‘ഒരു രാജ്യം ഒരു നികുതി’യെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ചുവടുവച്ചു. രാജ്യത്ത് ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കി തുടങ്ങി. കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെ, മഹാരാഷ്ട്ര മുതല്‍ ആസാം വരെ ഇനി ഒരൊറ്റ നികുതി മതി. നികുതി വെട്ടിപ്പ് തടയാനും അവശ്യ സാധനങ്ങളുടെ വില കുറയ്ക്കാനും ഉതകുന്ന പുതിയ സംവിധാനം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

ഗുജറാത്തിലെ അഹമ്മദാബാദില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ലോകത്തിലെ തന്നെ അത്യാധുനിക ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് സ്റ്റേഡിയമായ ട്രാന്‍സ് സ്റ്റേഡിയ ‘അരീന‘ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

എ. ആര്‍ റഹ്മാന്‍ അന്താരാഷ്ട്ര അവാര്‍ഡ് പട്ടികയില്‍

ഭൂമിയില്‍ നിന്നും 400 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ നക്ഷത്ര സമൂഹത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ‘സരസ്വതി’ എന്ന് നാമകരണം ചെയ്ത ഈ നക്ഷത്ര സമൂഹം 600 മില്ല്യണ്‍ പ്രകാശവര്‍ഷം വരെ നീളുന്നു.ഗാലക്‌സികളുടെ ഉപരിതലത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വലിയ സൂപ്പര്‍ക്‌ളസ്റ്ററാണ് സരസ്വതിയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് (ഐയുസിഎഎ), പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍), രണ്ട് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി അംഗങ്ങളില്‍നിന്നുള്ള ജ്യോതിശാസ്ത്രജ്ഞര്‍ എന്നിവരാണ് ഈ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്.

സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ചു. ദല്‍ഹിയിലെ സരായ് റോഹില്ല സ്റ്റേഷനില്‍ നിന്നും ഹരിയാനയിലെ ഫറൂഖ് നഗറിലേക്കുള്ള റൂട്ടിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവോര്‍ജ ഇടപാട്  പ്രാബല്യത്തില്‍. 2016 നവംബറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ട കരാറാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. കരാര്‍ പ്രകാരം ജപ്പാന്‍ ഇന്ത്യയ്ക്ക് ആണവോര്‍ജ സങ്കേതിക വിദ്യകള്‍ കൈമാറുകയും പ്ലാന്‍റ് നിര്‍മിക്കാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യും.

                                    ആഗസ്റ്റ്

പ്രവാസികള്‍ക്കും വോട്ടവകാശം. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ അവസരമുണ്ടാകും.

ആറ് ബില്ലുകള്‍ക്ക്  രാഷ്ട്രപതിയുടെ അംഗീകാരം.ദ അഡ്മിറാല്‍റ്റി (ജൂറിസ്ഡിക്ഷന്‍ ആന്‍ഡ് സെറ്റില്‍മെന്റ് ഓഫ് മാരിടൈം ക്ലെയിംസ്) ആക്ട് 2017, റൈറ്റ് ഓഫ് ചില്‍ഡ്രണ്‍സ് ടു ഫ്രീ ആന്‍ഡ് കംപല്‍സറി എജ്യൂക്കേഷന്‍ (അമന്‍ഡ്മെന്റ്) ബില്‍ 2017, കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (അമന്‍ഡ്മെന്റ്) ബില്‍ 2017, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) ആക്ട് 2017 തുടങ്ങി അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ക്കാണ് അനുമതി ലഭിച്ചത്.

ബ്ലൂവെയിലിന്  കുരുക്കിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ പ്രചരിച്ച മരണ ഗെയിമായ ബ്ലൂവെയില്‍ കരുക്കിട്ട് കേന്ദ്രസര്‍ക്കാര്‍. ബ്ലൂവെയ്ലുമായി  ബന്ധപ്പെട്ട എല്ലാ ലിങ്കുകളും നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹൂ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രതിരോധ രംഗത്ത് ശക്തി പകരാന്‍ അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

മുത്തലാഖ്  നിരോധിച്ചു. ആയിരത്തിലേറെ വര്‍ഷമായി മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായിരുന്ന മുത്തലാഖ് എന്ന ദുരാചാരത്തിന് സുപ്രീംകോടതി അന്ത്യം കുറിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് കണ്ണീരും ദുരിതയും മാത്രം സമ്മാനിച്ച മുത്തലാഖ് രാജ്യത്തെ പരമോന്നത നീതിപീഠം നിരോധിച്ചു.

പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി.

                             സെപ്തംബര്‍

ബുളറ്റ് ട്രെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പതിനഞ്ച് കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചു.ഇന്ത്യ ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് കരാറുകളില്‍ ഒപ്പു വെച്ചത്.

എഡിഎംകെ നേതാവ് ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറം ലോകത്തെ അറിയിച്ചതിലൂടെ ശ്രദ്ധനേടിയ കര്‍ണാടകയിലെ മുന്‍ ജയില്‍ ഡി.ഐ.ജി രൂപക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് മികച്ച സേവനത്തിന് അവര്‍ മെഡല്‍ ഏറ്റുവാങ്ങിയത്. 2016ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍1. മഹാരാഷ്ട്രയില്‍ ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാജ്യത്തിനു സമര്‍പ്പിച്ചു.

യുപിയിലെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷന് ഭാരതീയ ജനസംഘം നേതാവും ആര്‍എസ്എസ് ആചാര്യനുമായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേരിട്ടു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് കില്‍താണ്‍  നാവികസേനയുടെ ഭാഗമായി. അപകടകാരികളായ അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്.

                                         നവംബര്‍

പുതിയ 20 ഗ്രഹങ്ങള്‍ കണ്ടെത്തി. നാസയുടെ കേപ്ലര്‍ മിഷനാണ് കണ്ടത്തെല്‍ നടത്തിയത്.

കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം പുരസ്‌കാരം. സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ദീര്‍ഘ ദൂര സബ് സോണിക് ക്രൂയിസ് മിസൈലായ ‘നിര്‍ഭയ’യുടെ പരീക്ഷണം വിജയം. ഒഡീഷയിലെ ചന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു പരീക്ഷണം. കര, ആകാശം, കടല്‍ എന്നിവിടങ്ങളിലെ വിക്ഷേപണികളില്‍ നിന്ന് ഇത് പ്രയോഗിക്കാം.

അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യയുടെ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയുള്ള ദല്‍വീറിന്റെ നേട്ടം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ നടി പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫിലെ’ അഭിനയത്തിനാണ് ഈ അപൂര്‍വ നേട്ടം.

                     ഡിസംബര്‍

ഇന്ത്യന്‍ ആയുധശേഖരത്തിന്റെ കരുത്തുകൂട്ടി ആകാശ് മൂന്നിന്റെ പരീക്ഷണം വിജയം. പ്രതിരോധ ഗവേഷണകേന്ദ്രം തദ്ദേശീയമായി വികസിപ്പിച്ച ആകാശിന്റെ മൂന്നാമത് പരീക്ഷണം ഒഡീഷയിലെ ചന്ദിപ്പൂരില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മിനിറ്റില്‍ 25 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ മിസൈലിനു കഴിയും.

സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യ വീണ്ടും ഐഎംഒ യില്‍. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വിജയം . 144 വോട്ട് നേടി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് ഐഎംഒയില്‍ അംഗരാജ്യമായി തുടരാം.

തയ്യാറാക്കിയത്: അനിജാമോള്‍ കെ.പി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.