ഡോക്ടര്‍മാരുടെ സമരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

Friday 29 December 2017 8:28 pm IST

മഞ്ചേരി: ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടിയതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ സമരം മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
24 ഡോക്ടര്‍മാരാണിവിടെ സമരത്തില്‍ പങ്കെടുക്കുന്നത്. അത്യാഹിതവിഭാഗം പൂര്‍ണമായും ഒപി, കാള്‍ ഡ്യൂട്ടി എന്നിവ ഭാഗികമായും ജൂനിയര്‍ ഡോക്ടര്‍മാരാണ് നോക്കുന്നത്. താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വെള്ളിയാഴ്ച പകല്‍ രോഗികള്‍ക്കുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായി മുടങ്ങിയില്ല.
എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ആശുപത്രി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചേക്കും. പിജി കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുന്നവരും സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലികമായി സേവനം ചെയ്യുന്നവരുമാണ് സമരം ചെയ്യുന്നത്.
എസ്ആര്‍, ജെആര്‍ വിഭാഗങ്ങളില്‍ 104 ഡോക്ടര്‍മാരാണ് മഞ്ചേരിയില്‍. ഇതില്‍ 24 ഡോക്ടര്‍മാരുടെ കുറവ് ഒ പിക്ക് ശേഷമുള്ള അത്യാഹിത വിഭാഗത്തെ ബാധിച്ചു. 56 വയസില്‍ നിന്ന് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കിയാണ് ഉയര്‍ത്തിയത്. കേന്ദ്ര സര്‍വീസില്‍ ഇത് നേരത്തെ ഉയര്‍ത്തിയിട്ടുണ്ട്.
കേരള മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം. ആരോഗ്യമേഖലയിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്ത കാബിനറ്റില്‍ ചര്‍ച്ചചെയ്യാമെന്നു വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് സമരം നേരത്തെ മാറ്റിവെച്ചിരുന്നു.
എന്നാല്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായ പത്രക്കുറിപ്പ് ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുറത്തുവിട്ടതുകൊണ്ടാണ് ഇന്നലെ സമരം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.