പിണറായി ഭരണത്തില്‍ രാജ്യസ്‌നേഹം കുറ്റകരം!

Saturday 30 December 2017 2:45 am IST

സ്വാതന്ത്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് ക്രിമിനല്‍ കുറ്റമാക്കാനുള്ള സാധ്യത തേടുകയാണ് പിണറായി സര്‍ക്കാര്‍. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കാനാണ് ഡിപിഐയോട് മുഖ്യമന്ത്രി ആജ്ഞാപിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റ സാധ്യത പരിശോധിക്കാന്‍ പാലക്കാട് എസ്പിയോടും നിര്‍ദേശിച്ചു. കഴിഞ്ഞ ആഗസ്റ്റ് 15 ന് പാലക്കാട് കര്‍ണ്ണകയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഭാഗവത് പതാക ഉയര്‍ത്തിയതാണ് കാരണം.

സര്‍സംഘചാലക് ദേശീയ പതാക ഉയര്‍ത്തുന്നത് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് സഹിക്കാവുന്നതായിരുന്നില്ല. പോലീസിനേയും ജില്ലാ ഭരണകൂടത്തേയും ഉപയോഗിച്ച് വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷത്തെ അലങ്കോലപ്പെടുത്തി. ദേശീയപതാക ഉയര്‍ത്തുന്നതില്‍നിന്ന് ഭാഗവതിനെ തടയുകയായിരുന്നു ലക്ഷ്യം. ഇതിന് സര്‍ക്കാര്‍ കരുവാക്കിയത് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടിയെയാണ്.

കേരളസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരിക്കണം ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഫ്ളാഗ് കോഡ് പ്രകാരം ഏത് ഭാരതീയ പൗരനും പതാകയെ മാനിച്ചുകൊണ്ട് അത് ഉയര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ട്. ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും, പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളും അവഗണിച്ച്, മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ചത് പിണറായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കി. നിയമ വിരുദ്ധമായ നിര്‍ദ്ദേശം അനുസരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. കേരള പോലീസ് നോക്കി നില്‍ക്കേ മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ഭരണാധികാരം ഉപയോഗിച്ച് എന്തു ധിക്കാരവുമാകാമെന്ന ഏകാധിപത്യ ശൈലിക്കേറ്റ കനത്ത തിരിച്ചടിയായി പതാക ഉയര്‍ത്തല്‍ മാറി. കമ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കുന്നവരല്ല ദേശീയ പ്രസ്ഥാനങ്ങളെ നയിക്കുന്നവരെന്ന തിരിച്ചറിവ് ഇടതു ഭരണനേതൃത്വത്തിനില്ലാതെ പോയി. ദേശീയ മാനബിന്ദുക്കളെ അപമാനിക്കുന്ന ചരിത്രമുള്ള കമ്യൂണിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വൈകാരികവും രാജ്യസ്നേഹപരവുമായ മാനം തിരിച്ചറിയാനാവില്ല. രാഷ്ട്രവിരുദ്ധ-ഭീകരവാദ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന പാര്‍ട്ടി നയമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയത്. കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വിലക്കേര്‍പ്പെടുത്തുന്ന വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സംസ്ഥാന ഭരണകൂടംതന്നെ വിവാദ നടപടിയുമായി രംഗത്തെത്തിയത്.

മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ഏത് നിയമപ്രകാരമാണ് ഉത്തരവിറക്കിയതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മാത്രമല്ല മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, സിപിഎം സംസ്ഥാന നേതാവ് ആനത്തലവട്ടം ആനന്ദന്‍ തുടങ്ങി പലരും അതേ ദിവസം വിവിധ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. അവര്‍ക്കൊന്നും ഇല്ലാത്ത വിലക്ക് മോഹന്‍ ഭാഗവതിന് എങ്ങനെ വരുന്നു എന്ന ചോദ്യത്തിനും ഉത്തരമില്ലായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ഇത് സിപിഎമ്മിനെ പരിഹാസപാത്രമാക്കി. സിപിഎം സമ്മേളനത്തിലും ചര്‍ച്ച വന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. നിയമത്തിന്റെ നാലയലത്തുപോലും ഈ നടപടിക്ക് നിലനില്‍പ്പില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.