മഴ: മെല്‍ബണില്‍ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷ മങ്ങുന്നു

Saturday 30 December 2017 2:30 am IST

മെല്‍ബണ്‍: ക്ലാസിക്ക് ശൈലിയില്‍ ബാറ്റേന്തി അലിസ്റ്റര്‍ കുക്ക് ആഷസിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് സമ്മാനിച്ച വിജയപ്രതീക്ഷകള്‍ മഴയില്‍ മുങ്ങി. മഴയെ തുടര്‍ന്ന് നാലാം ദിനം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഓസീസ് രണ്ടാം ഇന്നിങ്ങ്‌സില്‍ രണ്ട് വിക്കറ്റിന് 103 റണ്‍സ് നേടിയിട്ടുണ്ട്. ഇപ്പോഴും 61 റണ്‍സിന് പിന്നിലാണവര്‍. പക്ഷെ അവസാനദിനത്തെ കളി മാത്രം ശേഷിക്കെ എട്ട് വിക്കറ്റുകള്‍ കൂടി പിഴുത് ഇംഗ്ലണ്ടിന് വിജയത്തിലേക്ക് നടന്നുകയറാനാകുമോയെന്ന് കണ്ടറിയണം. കരുത്തരായ നായകന്‍ സ്റ്റീവ് സ്മിത്തും (40 ) ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമാണ് (25) ക്രീസില്‍.

നേരത്തെ ഒമ്പതിന് 491 റണ്‍സിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് അതേ സ്‌കോറിന് തന്നെ പുറത്തായി. ആന്‍ഡേഴ്‌സണെ സംപൂജ്യനായി മടക്കി കുമിന്‍സാണ് ഇംഗ്ലീഷ് ഇന്നിങ്ങ്‌സിന് തിരശീലയിട്ടത്്. കരിയറിലെ തന്റെ അഞ്ചാം ഇരട്ട ശതകം കുറിച്ച കുക്ക് 244 റണ്‍സുമായി തലയുയര്‍ത്തി നിന്നു.

164 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് കടവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങി ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 51 റണ്‍സിലെത്തിനില്‍ക്കെ ഓപ്പണര്‍ ബാന്‍ക്രോഫ്്റ്റ് പവിലിയനിലേക്ക് മടങ്ങി. വോക്ക്‌സിന്റെ പേസില്‍ ബാന്‍ക്രോഫ്റ്റിന്റെ ബെയ്ല്‍ പറന്നുപോയി.27 റണ്‍സാണ് സമ്പാദ്യം. നേരിട്ട 42 പന്തില്‍ നാലെണ്ണം അതിര്‍ത്തി കടത്തിവിട്ടു.
പിന്നീടെത്തിയ ഖവാജ നിലയുറപ്പിക്കും മുമ്പേ കൂടാരം കയറി. 11 റണ്‍സ് മാത്രം സ്വന്തം പേരിലെഴുതിചേര്‍ത്ത ഈ ബാറ്റ്‌സ്മാന്‍ ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബെയര്‍സ്‌റ്റോയ്ക്ക് പിടികൊടുത്തു. രണ്ട് വിക്കറ്റ് വീണപ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ 65 റണ്‍സ് മാത്രം.
നായന്‍ സ്റ്റീവ് സ്മിത്ത് വാര്‍ണര്‍ക്ക് കൂട്ടെത്തിയതോടെ ഓസീസിന്റെ ശനിദശ മാറി. കരുതലോടെ ബാറ്റ്‌വീശിയ ഇരുവരും സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ 38 റണ്‍സ് ചേര്‍ത്തുകഴിഞ്ഞു.

തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ വിജയമോഹങ്ങള്‍ക്ക് വിലങ്ങുതടിയായി മഴയെത്തി. മഴമൂലം ചായക്കുശേഷമുള്ള സെഷനില്‍ കളി പൂര്‍ണമായി മുടങ്ങി. ഇന്ന് അത്ഭുതങ്ങള്‍ സംഭവിച്ചാലെ ഇംഗ്ലണ്ടിന് വിജയമൊരുങ്ങൂ. ആദ്യ മൂന്ന് ടെസ്റ്റും തോറ്റ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമായിക്കഴിഞ്ഞു. നാലാം ടെസ്റ്റില്‍ ആശ്വാസ വിജയമൊന്ന അവരുടെ സ്വപ്‌നവും മഴയില്‍ മുങ്ങുകയാണ്.
സ്‌കോര്‍ : ഓസീസ് 327, രണ്ടിന് 103, ഇംഗ്ലണ്ട്: 491.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.