നാല് ലക്ഷത്തിന്റെ നഷ്ടം: വീട് പൂര്‍ണ്ണമായും കത്തിനശിച്ചു

Friday 29 December 2017 10:01 pm IST

 

വണ്ണപ്പുറം: അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. വണ്ണപ്പുറം മുണ്ടന്‍മുടി പാറയില്‍ സാബു മാത്യുവിന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സാബു ഏഴ് മണിയോടെ വീട്ടില്‍ നിന്ന് പോയിരുന്നു. ഭാര്യ ബിന്ദു എട്ട് മണിയോടെ തൊഴിലുറപ്പ് ജോലിക്കും പോയി. ഒമ്പതരയോടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. നാട്ടുകാരെത്തിയപ്പോഴേക്കും അടുപ്പില്‍ നിന്ന് പടര്‍ന്ന തീ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വിറക് കെട്ടുകളിലേക്ക് പടര്‍ന്നു.
ഗ്യാസ് കുറ്റിയുണ്ടായിരുന്നതിനാല്‍ ഓടികൂടിയവര്‍ക്ക് വീടിനടുത്തേക്കെത്താനായില്ല. വീട് സ്ഥിതി ചെയ്യുന്നതിന് സമീപത്ത് മൊബൈല്‍ ഫോണിന് റേഞ്ചില്ലാതിരുന്നതിനാല്‍ പുറത്തേക്കറിയിക്കാനും വൈകി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാളിയാര്‍ പോലീസും നാട്ടുകാരും കൂടി തീ നിയന്ത്രണ വിധേയമാക്കി.
അപ്പോഴേക്കും തൊടുപുഴയില്‍ നിന്ന് അഗ്‌നിശമനസേനയെത്തിയെങ്കിലും വഴിയില്ലാതിരുന്നതിനാല്‍ വീടിന് സമീപത്തേക്ക് എത്താനായില്ല. തുടര്‍ന്ന് സേനാംഗങ്ങളും കൂടി ചേര്‍ന്ന് തീയണച്ചു. വീടിനുള്ളിലെ ടി.വി., കട്ടില്‍, മേശ എന്നിവയുള്‍പ്പെടെയുളള മുഴുവന്‍ ഫര്‍ണ്ണിച്ചറുകളും കത്തി നശിച്ചു. ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിപ്പോയി. നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തല്‍. പഞ്ചായത്ത് വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. വീട് താമസയോഗ്യമല്ലാതായതിനാല്‍ അടിയന്തര സഹായമായി 10000 രൂപ പഞ്ചായത്ത് അനുവദിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.