ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഭിഭാഷകന്‍ അറസ്റ്റില്‍

Friday 29 December 2017 10:02 pm IST

അടിമാലി: വിദേശത്ത് ജോലിവാഗ്ദാനം നല്‍കി ഒന്നരക്കോടി തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ചുരിയോട് ചുണ്ടംപറ്റം വീട്ടില്‍ അഡ്വ. അബ്ദുള്‍സലാം(42)നെയാണ് അടിമാലി എസ്‌ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തില്‍ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയായ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബംഗുളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണാഫീഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് അഡ്വ.അബ്ദുള്‍ സലാം. ഈ ട്രസ്റ്റിന്റെ മറവിലാണ് ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. ഇരുമ്പുപാലം കീപ്പുറത്ത് അഷ്‌റഫ്(42), ആലുവ പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന പറമ്പില്‍ വീട്ടില്‍ ഫാ.നോബിപോള്‍(41), കൊന്നത്തടി മങ്കുവ തെളളിത്തോട് ചേലമലയില്‍ ബിജു കുര്യാക്കോസ്(44), തോപ്രാംകുടി മുളപ്പുറം വീട്ടില്‍ ബിനുപോള്‍(35), കൊന്നത്തടി കമ്പിളികണ്ടം കോലാനിക്കല്‍ അരുണ്‍ സോമന്‍(34) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. തട്ടിപ്പില്‍ മുഖ്യകണ്ണികളായ അഷറഫ്, ഫാ.നോബിപോള്‍ എന്നിവര്‍ ഒഴികെയുളളവര്‍ക്ക് കോടതി ജാമ്യം നല്‍കി. അടിമാലി പോലീസ് ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ അബ്ദുള്‍സലാം മക്കാവുലേക്ക് കടന്നിരുന്നു.
എന്നാല്‍ പോലീസ് അന്വേഷണം മന്ദീഭവിച്ചെന്ന ധാരണയില്‍ ബുധനാഴ്ച ഇയാള്‍ പാലക്കാട്ടെ വസതിയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പാലക്കാട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അടിമാലി പോലീസ് ഇന്നലെ പിടികൂടിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 21 നാണ് ഇവരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 119 പേരില്‍ നിന്ന് 1.5 കോടിയാണ് ഇവര്‍ തട്ടിച്ചെടുത്തത്. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് അടിമാലി കോടതിയില്‍ ഹാജരാക്കുമെന്ന് അടിമാലി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.