പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷമെന്ന് സിപിഎം റിപ്പോര്‍ട്ട്

Saturday 30 December 2017 2:30 am IST

തിരുവല്ല: കഴിഞ്ഞ സമ്മേളനത്തില്‍ ഔദ്യോഗികപക്ഷം ആധിപത്യം ഉറപ്പിച്ച പത്തനംതിട്ടയില്‍ വിഭാഗീയതയുണ്ടെന്ന് തുറന്നുപറഞ്ഞ് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനു അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ജില്ലയില്‍ രൂക്ഷമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് ഏറ്റുപറഞ്ഞിട്ടുള്ളത്.

പത്തനംതിട്ടയില്‍ വീണാജോര്‍ജിനെ തോല്‍പ്പിക്കാന്‍ പ്രാദേശിക തലങ്ങളില്‍ വ്യാപക ശ്രമമുണ്ടായി. ഈ മേഖലകളിലെ വോട്ടിങ്ങില്‍ ഇത് കാര്യമായി പ്രതിഫലിച്ചു. വിഭാഗീയതയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിനേതാക്കള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഎസ് പക്ഷത്തെ അടിച്ചമര്‍ത്തി ഔദ്യോഗികപക്ഷം കീഴടക്കിയ പത്തനംതിട്ടയില്‍ അടുത്തിടെ ഉണ്ടായ ചേരികള്‍ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. ഇതോടെ സമ്മേളനത്തിന് തിരശീല വീഴുംമുമ്പ് സിപിഎം ജില്ലാ നേതൃത്വത്തില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നാണ് സൂചന.

പരിങ്ങര എല്‍സി സെക്രട്ടറി കെ.ബി. മുരുകേഷിന്റെ രാജിക്ക് പിന്നാലെ വിവിധ ഇടങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായിരുന്ന പരുമല, കുറ്റൂര്‍, ഓമല്ലൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. കുറ്റൂരില്‍ രണ്ടു ലോക്കല്‍ കമ്മറ്റികളിലും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്ന സ്ഥിതിയിലായിരുന്നു. അതോടെ സമ്മേളനം മാറ്റിവച്ച് വീണ്ടും നടത്തിയാണ് ഭാരവാഹികളെ തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. മല്ലപ്പള്ളി ഏരിയ സമ്മേളനത്തിനുശേഷം സിപിഎമ്മിനുള്ളില്‍ രൂപപ്പെട്ട വിഭാഗീയതയും രൂക്ഷമാണ്.

ചിറ്റാര്‍ കേന്ദ്രമാക്കി പുതിയതായി രൂപീകരിച്ച പെരുനാട് ഏരിയാ കമ്മറ്റി സംബന്ധിച്ചും പാര്‍ട്ടിക്കു ള്ളില്‍ അഭിപ്രായ വ്യത്യാസം ശക്തമാണ്. വായ്പ്പൂര് ലോക്കല്‍ സെക്രട്ടറി സിപിഎമ്മില്‍ നിന്നു രാജിവച്ച് സിപിഐയിലേക്ക് ചേരുന്നുവെന്ന വാര്‍ത്തയും ജില്ലാനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.