ഫോണ്‍ ചോര്‍ത്തല്‍: പോലീസ് മേധാവി രാജി വച്ചു

Monday 18 July 2011 10:48 am IST

ലണ്ടന്‍ : ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ടു ബ്രിട്ടണിലെ മുതിര്‍ന്ന പോലീസ് മേധാവി രാജിവച്ചു. മെട്രൊപൊളിറ്റന്‍ പോലീസ് സര്‍വീസ് കമ്മിഷണര്‍ പോള്‍ സ്റ്റീഫന്‍സനാണ് രാജിവച്ചത്. റുപര്‍ട്ട് മര്‍ഡോകിന്റെ ന്യൂസ് ഒഫ് ദ് വേള്‍ഡുമായി പോള്‍ സ്റ്റീഫന്‍സന് ബന്ധമുണ്ടെന്നു സ്കോട്ട് ലന്‍ഡ് യാര്‍ഡ് കണ്ടെത്തിയിരുന്നു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്കും മേയര്‍ക്കും അയച്ചതായി പോള്‍ സ്റ്റീഫന്‍സണ്‍ അറിയിച്ചു. എന്നാല്‍ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും ധാര്‍മ്മികത മുന്‍നിര്‍ത്തി രാജിവെക്കുകയാണെന്നും സ്റ്റീഫന്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മര്‍ഡോക്കിന്റെ മാധ്യമ സ്ഥാപനമായ ന്യൂസ് ഇന്റര്‍നാഷണലും പോലീസിലെ ചില ഉന്നതരും തമ്മിലുള്ള ബന്ധവും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് തിങ്കളാഴ്ച്ച എം.പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പുതിയ പോലീസ് കമ്മീഷണറായി ടിം ഗോഡ്വിന്‍ ചുമതലയേല്‍ക്കും.