ശിവഗിരി തീര്‍ഥാടനം ഇന്ന് തുടങ്ങും

Saturday 30 December 2017 8:30 am IST

വര്‍ക്കല: വിശ്വമാനവികതയുടെ മാതൃകാസ്ഥാനമായ ശിവഗിരി കുന്നുകള്‍ക്ക് ഇനി മൂന്നു നാള്‍ ഉത്സവകാലം. എണ്‍പത്തി അഞ്ചാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് ആരംഭിക്കും. മാനവസമൂഹത്തിന്റെ ആദ്ധ്യാത്മിക ശ്രേയസിനും ഭൗതികഅഭ്യുന്നതിക്കും വേണ്ടി ശ്രീനാരായണഗുരുദേവന്‍ കല്‍പ്പിച്ചനുവദിച്ചതാണ് ശിവഗിരി തീര്‍ഥാടനം.

പത്തുദിവസത്തെ പഞ്ചശുദ്ധി വ്രതത്തോടെ പീതാംബരധാരികളായി എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ തീര്‍ഥാടനലക്ഷ്യങ്ങളില്‍ അറിവുനേടി മഹാസമാധിമന്ദിരത്തില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കും. ജ്ഞാന രൂപിണിയായ ശാരദാംബയെ വണങ്ങും.

ഇക്കൊല്ലത്തെ തീര്‍ഥാടനം മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠയുടെ കനക ജൂബിലിയും തീര്‍ത്ഥാടനാനുമതിയുടെ നവതിയും സമന്വയിക്കുന്ന പശ്ചാത്തലത്തിലാണ്.
ഇന്ന് രാവിലെ 7.30നു സ്വാമി പ്രകാശാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തുും. 10 നു ഉദ്ഘാടന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദാ, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹീര്‍, ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ, തുടങ്ങിയവര്‍ സംസാരിക്കും.

നാളെ രാവിലെ 10ന് തീര്‍ത്ഥാടന സമ്മേളനം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വി, ശ്രീപദ് നായിക്, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി ഒന്നിന് പ്രതിമാപ്രതിഷ്ഠാ കനകജൂബിലിയുടേയും തീര്‍ത്ഥാടനത്തിന്റേയും സമാപനസമ്മേളനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, ഉമ്മന്‍ ചാണ്ടി, തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.