വിമര്‍ശിച്ചാല്‍ വിഎസ് പക്ഷം, കൊലക്കേസില്‍ പ്രതികളുമാക്കും

Saturday 30 December 2017 2:53 am IST

കോഴിക്കോട്: ‘പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ വിഎസ് പക്ഷക്കാരനാക്കും; പിന്നീട് കേസില്‍ പ്രതികളാക്കും’ ബിഎംഎസ് നേതാവ് മനോജ് വധക്കേസില്‍ ലോക്കല്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ മൂന്നാം പ്രതി വടക്കയില്‍ ബിജു വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത്.
തങ്ങളെ വിഎസ് പക്ഷക്കാരാക്കി കേസില്‍ കുടുക്കുകയായിരുന്നുവെന്നും പാര്‍ട്ടിയെ വിമര്‍ശിച്ചതിന് ബലിയാടാക്കുകയായിരുന്നുവെന്നും ബിജു പറഞ്ഞു. വിഭാഗീയതയുടെ ബലിയാടുകളാണ് ഞങ്ങള്‍. രക്ഷിക്കാന്‍ പാര്‍ട്ടി ഒന്നും ചെയ്തില്ല. സിപിഎം വിധേയത്വം കൊണ്ട് കാര്യങ്ങള്‍ തുറന്നു പറയാതിരിക്കുകയായിരുന്നു ബിജു പറഞ്ഞു.

സിപിഎം ജില്ലാ നേതാക്കളടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തെ അമ്പരിപ്പിച്ച് സിപിഎം മുന്‍ പയ്യോളി ലോക്കല്‍ കമ്മറ്റി അംഗം തന്നെ രംഗത്തു വന്നിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന സിപിഎം ശൈലിയാണ് വിവാദ വെളിപ്പെടുത്തലിലൂടെ പുറത്താവുന്നത്.
ലോക്കല്‍ പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയിലെ 14 പ്രതികളില്‍ ആറു പേരും സിപിഎം- ഡിവൈഎഫ്‌ഐ നേതാക്കളായിരുന്നു. മൂന്നു മാസം കഴിഞ്ഞ് പുറത്തിറക്കാമെന്നായിരുന്നു വാഗ്ദാനം. ആറുമാസം കഴിഞ്ഞപ്പോള്‍ പ്രതികളും ബന്ധുക്കളും പരസ്യമായി രംഗത്തുവന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഡിവൈഎഫ്‌ഐ പയ്യോളി ടൗണ്‍ പ്രസിഡന്റ് പുതിയോട്ടില്‍ അജിത്കുമാര്‍, പയ്യോളി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് സി.ടി. ജിതേഷ് കുമാര്‍, സിപിഎം പയ്യോളി ലോക്കല്‍ കമ്മിറ്റി അംഗം വടക്കയില്‍ ബിജു തുടങ്ങിയവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതും സിപിഎം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. ബിജുവിനെ സിപിഎം നിയന്ത്രണത്തിലുള്ള പയ്യോളി സര്‍വ്വീസ് സഹകരണബാങ്കിലെ ജോലിയില്‍ നിന്നും പുറത്താക്കിയതും വിവാദമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.